ഏകാന്തതയും ഒറ്റപ്പെടലും കാരാഗൃഹങ്ങളും വീട്ടുതടങ്കലുമൊക്കെ ചിലപ്പോൾ സർഗാത്മകതയുടെ അദൃശ്യപഥങ്ങൾ നിർണ്ണയിക്കുന്നതായിരിക്കും . എല്ലാ ജീവിതങ്ങളിലും അടിയൊഴുക്കുകൾ ഉണ്ടാകാം. എപ്പോഴാണ് വിസ്ഫോടനങ്ങളാൽ കലങ്ങുകയും ശാന്തതയാൽ തെളിയുകയുമെന്നറിയാതെ ഒഴുകുന്നവ.
അവയ്ക്കിടയിൽ നിന്നാണ് സർഗ്ഗാത്മകതയുടെ തീക്ഷ്ണതയുമായി ഉണർന്നെണീക്കുക. അത് എഴുത്താവാം സംഗീതമാവാം കലയാകാം മറ്റേതൊരു തലവുമാകാം. പ്രത്യക്ഷത്തിൽ സാധാരണപ്പോലിരിക്കുമെങ്കിലും അസാധാരണതയുടെ മിന്നലാട്ടങ്ങൾ അവരിലുണ്ടാകും. ഉള്ളിൽ ഉറഞ്ഞുകൂടുന്ന ആത്മസാക്ഷാൽക്കാരത്തിൻ്റെ വേരുകൾ പുറത്തേക്ക് പടരും. വേരുകൾ മണ്ണിലേക്കാഴ്ന്നിറങ്ങുമെങ്കിൽ സർഗ്ഗാത്മകതയുടെ വേരുകൾ ബാഹ്യലോകത്തേക്കാണ് അദൃശ്യപഥങ്ങളിലൂടെ പ്രയാണമാരംഭിക്കുന്നത്. മനസ്സിലെ ചിറകുകൾ കുടഞ്ഞു വീശി സ്വച്ഛമായ തീരങ്ങളിലൂടെ തന്നിഷ്ടപ്രകാരം പറന്നു പറന്നുയരുന്നു .
ക്രിയേറ്റിവിറ്റിയെ സർഗ്ഗാത്മകത ക്രിയാത്മകത സർഗ്ഗ വൈഭവം എന്നെല്ലാം പറയുന്നു. ഭാവനയിലൂടെ സൃഷ്ടിക്കപ്പെടുന്ന ലോകം. അതെവിടെയായാലും ഉദാത്തമാകുന്നുവെങ്കിൽ അത് തന്നെയാണ് സർഗ്ഗശക്തി . അന്തർലീനമായിക്കിടക്കുന്ന കഴിവിനെ ഉണർത്തി അത് സമൂഹത്തിന് കൂടി ഉപയുക്തമാക്കുന്നതിലായിരിക്കും ഭാവനാശാലികളുടെ ശ്രദ്ധ. ലാഭനഷ്ടക്കണക്കുകൾക്കവിടെ പ്രസക്തിയില്ല. ഈ ലോകത്തെ മാറ്റിമറിച്ചവരെല്ലാം സർഗാത്മകതയുള്ളവരായിരുന്നു. സർഗാത്മകതയുള്ളവർക്ക് മാത്രമെ മാറ്റത്തെ കൊണ്ടുവരാനും അത് ലോകത്തിന് മേൽ പരീക്ഷിച്ച് പരിവർത്തനപ്പെടുത്താനുമാകു. കുത്തഴിഞ്ഞ ഭരണ സംവിധാനത്തെ നേർവഴിക്ക് നയിക്കാൻ ഭാവനാശാലികളായ രാഷ്ട്ര ശിൽപ്പികൾക്കേ സാധ്യമാവു. ഭരണമോ ശാസ്ത്രമോ ബിസിനസ്സോ കലയോ എന്തുമാകട്ടെ അവിടെയൊക്കെ സർഗ്ഗാത്മകതയുണ്ടെങ്കിൽ തിളങ്ങാതിരിക്കില്ല.
കലയോ സാഹിത്യമോ ആണെങ്കിൽ വീക്ഷണത്തിൽ ചില വ്യത്യാസങ്ങളുണ്ടാവാം. വിരൂപതയിലും സൗന്ദര്യം ദർശിക്കുന്നവരാണ് കവികളും എഴുത്തുകാരും. ക്രിയാത്മകതക്ക് വിദ്യാഭ്യാസം അത്യന്താപേക്ഷിതമല്ല. കാരണം അക്കാഡമിക് പരിശീലനം നേടാത്ത എത്രയോ പേർ പ്രതിഭാശാലികളായിട്ടുണ്ടെന്ന് നാം കാണുന്നതാണ്. ബാല്യകാലം മുതൽക്കേ ഉപബോധമനസ്സിൽ തപ്തമായിക്കിടക്കുന്ന അറിവുകൾ ചിന്തകൾ വിചാരങ്ങൾ സ്വപ്നങ്ങൾ സമയമെത്തുമ്പോൾ ബോധമനസ്സിലൂടെ പ്രവഹിക്കുന്നു. അക്ഷരങ്ങളായും കവിതകളായും ചുവടുകളായും ഗമകങ്ങളായും പ്രഭാഷണങ്ങളുമൊക്കെയായി. ഭാവന മാത്രവും ഭാവനയോടൊപ്പം ബൗദ്ധികതയുള്ളവരും ഉണ്ട്. ഒരു കല്ലോ പൂവോ ഒക്കെ സാധാരണക്കാർ കാണുന്ന കേവലക്കാഴ്ചയിലല്ലല്ലൊ എഴുത്തുകാർ കാണുന്നത്. ആ കാഴ്ച ആഴങ്ങളിലേക്കാണ് നയിക്കുന്നത്. വൈരൂപ്യത്തെ സൗന്ദര്യമാക്കി മാറ്റി കഥാ പ്രപഞ്ചം സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീറിനേയും വീണപൂവിനെ ജീവിതത്തിൻ്റെ ദർശനമാക്കി വിഭാവന ചെയ്ത കുമാരനാശാനുമടക്കം എത്രയെത്ര പ്രതിഭകൾ ഈ ഭൂമിയിൽ വിരാജിച്ച് കടന്നു പോയിട്ടുണ്ട്.
സർഗ്ഗാത്മകതക്കും രോഗങ്ങൾക്കും ബന്ധമുണ്ടെന്ന് കാണിക്കുന്ന പുസ്തകമാണ് ഡോ: കെ.രാജശേഖരൻ നായരുടെ " രോഗങ്ങളും സർഗ്ഗാത്മകതയും" എന്ന കൃതി. ന്യൂറോളജിസ്റ്റായ അദ്ദേഹത്തിൻ്റെ കാവ്യാത്മകമായ പഠന പുസ്തകം. ഏതൊരു കലാ പ്രവർത്തനവും ബന്ധപ്പെട്ടുകിടക്കുന്നത് ഒരളവ് വരെ മനുഷ്യരുടെ അസാധാരണ മാനസിക സ്ഥിതിയോടും സ്വഭാവ വൈചിത്ര്യത്തോടുമാണ് . . സാഹിത്യത്തിലേയും മറ്റു മേഖലകളിലേയും പ്രതിഭാശാലികളുടെ മാനസിക സഞ്ചാരങ്ങളും കഴിവുകളും അസുഖങ്ങളും അതിൽ പ്രതിപാദിക്കപ്പെടുന്നു. സർഗാത്മകതയോടൊപ്പം വിഷാദാത്മകതയും അവരിൽ ഘനീഭവിക്കുന്നു. ആത്മാവിഷ്ക്കാരത്തിന്നിടമില്ലാതായാൽ മാനസിക വ്യതിചലനമോ ( ഭ്രാന്ത് ) മരണത്തിലേക്കോ നടന്നടുക്കുന്നു. ഭിന്നശേഷിക്കാരിൽ പലരിലും സർഗ്ഗാത്മകതയുടെ അംശം കൂടുതലായിരിക്കും. നാഡീവ്യൂഹത്തിന് ബാധിക്കുന്ന രോഗവും ഓട്ടിസവും അംഗവൈകല്യവും ഒക്കെയുള്ളവരിൽ ധാരാളം പ്രതിഭാശേഷിയുള്ളവരെ നിരന്തരം കാണുന്നില്ലേ. അവരുടെ ശാരീരിക മാനസിക പരിമിതികളെ മറികടന്ന് ഓരോ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവർ.
ജീവിതത്തിൽ പല ഉന്മാദാവസ്ഥകളും ഉണ്ട്. മനസ്സിൻ്റെ തരംഗദൈർഘ്യങ്ങൾ പല തോതിലാണല്ലൊ. മറ്റുള്ളവരെ നോക്കി അവൾക്ക്/അവന് ഭ്രാന്താണെന്ന് പറയുമ്പോൾ സ്വയം ഉള്ളിലേക്ക് നോക്കുന്നതും നല്ലതാണ്. അങ്ങിനെ പറയുന്നവരിലും ഭ്രാന്തിന്റെ അംശങ്ങൾ കാണാം. ബോധം നഷ്ടപ്പെട്ട ഭീകരമായ ഒരു ഭ്രാന്താവസ്ഥയല്ലാതെ എല്ലാവരിലും ഉന്മാദത്തിൻ്റെ പല അംശങ്ങൾ പതിയിരിക്കുന്നുണ്ടെന്നത് ഒരു വാസ്തവമാണ് . സർഗ്ഗാത്മകതയുള്ളവരിൽ ഉന്മാദത്തിന്റെ അനുപാതം കൂടിയിരിക്കും. ഉള്ളിലുള്ള വിഷയങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളും സംഭവിക്കാം.സർഗ്ഗാത്മകതയിൽ മനസ്സ് അഭിരമിക്കുമ്പോൾ ബാഹ്യലോകങ്ങളൊ വിശ്വാസസംഹിതകളൊ പ്രത്യയശാസ്ത്രങ്ങളൊ ഒന്നും ഉൾക്കൊണ്ടെന്നു വരില്ല. ഘടകവിരുദ്ധമായ എതിർദിശകളിലേക്ക് മനസ്സ് സഞ്ചരിച്ചെന്നു വരാം. സ്ത്രീകളിൽ പലരിലും ഇത് പലതരത്തിലും അനുഭവപ്പെടാം എന്ന് മനഃശാസ്ത്രപഠനങ്ങൾ നിരീക്ഷിക്കുന്നു. വെറും വീട്ടമ്മയായ ഒരു സ്ത്രീക്ക് അവളുടെ ഉള്ളിലുള്ള വിഹ്വലതകളെ താൻ ചെയ്യുന്ന വീട്ടുജോലികളിലൂടെ പുറത്തേക്കൊഴുക്കുന്നു. ഒരെഴുത്തുകാരിയെ സംബന്ധിച്ച് അവളുടെ രചനകളിലൂടെ അതു വെളിപ്പെടുത്തുന്നു. ഒരു നർത്തകിയോ ഗായികയോ ആവുമ്പോൾ പുതിയ നൃത്തചലനങ്ങളും രാഗതാളങ്ങളും മനസ്സിനെ തൊട്ടുണർത്തുന്നു. ചിത്രകാരിയെങ്കിൽ വർണ്ണങ്ങളുടെ ഛായാചിത്രങ്ങൾ ജീവിതമാകുന്ന ക്യാൻവാസിൽ തെളിയുന്നു. സ്ത്രീയുടെ ഭ്രാന്തിനെ പലപ്പോഴും അവളുടെ വൈകാരികതലങ്ങളിലെ വിഭ്രമാത്മകതയുടെ വേലിയേറ്റവുമായി ബന്ധപ്പെടുത്തി കാണാം.ഒരു സ്ത്രീ ഒറ്റപ്പെടുമ്പോൾ അവൾ സ്വയം ഒരു സാങ്കല്പ്പികസ്ത്രീയായി ബോധമനസ്സ് കാണുകയും അവളോട് തന്നെ അപരയോടെന്നതുപോലെ സംസാരിക്കുകയും ചെയ്യുന്നു. ഇതിനെ മനോരോഗമായി സമൂഹം കാണാറുണ്ട്,. 1892 ൽ അമേരിക്കൻ കഥാകാരിയായ ഷാർലറ്റ് പെർക്കിൻസ് ഗിൽമാനെഴുതിയ “യെല്ലോ വോൾ പേപ്പർ” എന്ന കഥ ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. എഴുതാനും വായിക്കാനും ഇഷ്ടമായ അതിലെ സ്ത്രീകഥാപാത്രത്തിന് അതിനുള്ള സ്വാതന്ത്ര്യം വിലക്കുകയും അവളെ പൂട്ടിയിടുകയും ചെയ്യുന്നതിലൂടെ അവൾ മനോരോഗിയെന്ന അവസ്ഥയിലേക്കെത്തപ്പെടുന്നു. പിന്നീടുള്ള അവളുടെ കാഴ്ചകളിൽ പഴകി മഞ്ഞച്ച ഒരു ചുമർകടലാസിൽ ഒരു രൂപം തെളിയുന്നതായി തോന്നുകയും ആ രൂപം പിന്നീട് ജയിലലടക്കപ്പെട്ട ഒരു സ്ത്രീയായി ആ കഥാപാത്രത്തിനു അനുഭവപ്പെടുകയും അവരുമായി സംവദിക്കാനും തുടങ്ങുന്നു. അവനവനോട് തന്നെ സംസാരിക്കാൻ തുടങ്ങുന്നതിലൂടെ ഉന്മാദം മൂർദ്ധന്യത്തിലെത്തുന്നു. ഏകാന്തതയിൽ ഒറ്റപ്പെടുമ്പോൾ ഒരു പക്ഷെ മനസ്സ് തീവ്രമായ ഒരവസ്ഥയിലെത്തിപ്പെടാം. അസ്വാഭാവികതയോടെയാണ് സമൂഹം ഈയവസ്ഥയെ വീക്ഷിക്കുക. പിന്നീട് ആ സ്ത്രീ ചുമർ പൊളിച്ച് പുറത്തുവരികയും നിലത്തിഴയുന്നതായും അനുഭവപ്പെടുന്നു. ഇതു മനസ്സിന്റെ പരകായങ്ങളാണ്. ഇത് മറെറാരു സ്ത്രീയല്ല ഇവിടെ കഥാനായിക തന്നെയാണ് നിലത്തിഴയുന്നത്.
ഇംഗ്ലീഷിലേയും മലയാളത്തിലേയും നിരവധി എഴുത്തുകാർ മനുഷ്യൻ്റെ അബോധപരമായ സമീപനങ്ങളെയും സ്വപ്നങ്ങളെയും ആധാരമാക്കി ഇത്തരം രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. സാറാ ജോസഫിൻ്റെ "ഓരോ എഴുത്തുകാരിക്കുള്ളിലും " എന്ന കഥയിലെ മേബിൾ അമ്മായിയുടെ വീട് പോലൊരു സ്വപ്നം പലർക്കുമുണ്ടാകാം. പുഴയും കടലും പൂന്തോട്ടവും കിളികളും തുറന്ന ആകാശവും മരങ്ങളുടെ പച്ചപ്പും തുറന്നിട്ട വാതിലുകളും ജനാലകളും ഉള്ള മനോഹരമായ വീട്. വിരസനിമിഷങ്ങളിൽ നിന്നും മാറി ഒന്നു ചേക്കേറാൻ .
ഈ ലോക് ഡൗൺ കാലം പലരേയും ഉന്മാദത്തിലെത്തിച്ചേക്കാം. അതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വാതിൽ കൂടിയാണ് സർഗാത്മകത . അന്തർലീനമായ കഴിവുകളിലൂടെ ഈ പ്രതിസന്ധിയെ മറികടക്കുക. സർഗാത്മകതയുടെ പ്രയാണങ്ങൾ അദൃശ്യങ്ങളാവാം. അത് കണ്ടെത്തി അവനവനെ തന്നെ സാക്ഷാൽക്കരിക്കുക എന്നതാണിപ്പോൾ മുമ്പിലുള്ള വഴി. മനസ്സിൻ്റെ പക്ഷങ്ങളുയർത്തി സ്വച്ഛമായി വീശിപറക്കുക. പരിമിതികളേയും ഉള്ളാലെ വാനം പോലെ വിസ്തൃതമാക്കുക....!
No comments:
Post a Comment