Monday, June 8, 2020

പേരില്ലാത്തവൾ


വീട് അവൾ തന്നെയായിരുന്നു
ഒരു ദിവസം മാറി നിന്നാൽ മതി
വീട് തകിടം മറയും
പൂമുഖം കിടപ്പുമുറിയും
അടുക്കള കുളിമുറിയും
ആവാൻ താമസമില്ല
എല്ലാം തല തിരിഞ്ഞുപോവും

എന്നാൽ അവളവിടെയുണ്ടെങ്കിൽ
സ്ഫടിക നിറമാർന്ന
അകമുറികൾ കാണാം
വാതിലും ജനാലകളും അഴികളും
എണ്ണയിട്ട് ഉഴിഞ്ഞത് പോലുണ്ടാവും
കവിതകൾക്കായി
ചെവിയോർക്കുന്ന
ചുമരുകളെ കാണാം
അടുക്കളയിലെ
രുചിഭേദങ്ങളിൽ
അവളുടെ കലർപ്പില്ലാത്ത
സ്നേഹമണം പരക്കും
ഊൺമേശക്ക് മേൽ
നിറയുന്ന പാചക കവിതകൾ
മണവും മധുരവും കയ്പ്പും
ചവർപ്പും പുളിയും എരിവും
സമാസമം
കറിക്കൂട്ടുകളില്ലാതെ
കെട്ടുകാഴ്ചകളില്ലാതെ
അവളങ്ങിനെ
നിറഞ്ഞു തൂവി
വിഴുപ്പുകൾ അലക്കി
വെൺമയാക്കിയവൾ
പൊടിപടലങ്ങളെ
തൂത്തെറിഞ്ഞവൾ
കണ്ണീരിനെ പുഞ്ചിരിയിൽ
വിലയിപ്പിച്ചവൾ
ജീവിതത്തിനെ കവിതയാക്കി
വീടിനെ നിലാവാക്കി മാറ്റിയോൾ
മാധവിക്കുട്ടിടെ വാക്ക്
കടമെടുത്താൽ
അവളൊരു
കോലാടിനെപ്പോലെയാകുന്നത്
വീട്ടുകാരാരുമറിഞ്ഞില്ല
അകമേ വേവുന്ന
ചൂടിനേയും
പേരില്ലാത്തവളെക്കുറിച്ചറിയാൻ
ആർക്കും നേരമില്ലായിരുന്നു
ഇന്നലെ മുതൽ അവളവിടെയില്ല
ആ വീടും
ഇറങ്ങിപ്പോയിരിക്കുന്നു!

No comments: