Tuesday, June 16, 2020

എനിക്ക് രസമീ നിമ്നോന്നതമാം


കടന്നു പോന്ന അമാവാസികളും പൗർണ്ണമികളും ഇടക്കൊക്കെ മനസ്സിൽ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നടത്താറില്ലേ....ചിലപ്പോൾ ഒന്നിനും തോന്നാത്ത നിമിഷങ്ങൾ.. അവിടെ മനസ്സ് മേഞ്ഞു നടക്കും.... ഭൂതകാലത്തിന്റെ കോണിപ്പടികളിലൂടെ... ചിലതൊക്കെ തട്ടിത്തെറിപ്പിക്കാൻ തോന്നും..ചിലവ തോളുരുമ്മി വരും... അവ കെട്ടുകളഴിച്ചു വീഴും..

പെയ്തു തീർന്ന ഓർമ്മ മഴകളിൽ മുക്കിലൊതുങ്ങിയിരിക്കുന്ന വീണക്കുട്ടികൾ.. സത്യത്തിൽ ഇപ്പോഴവരെ ശ്രദ്ധിക്കാറേയില്ലല്ലൊ എന്ന് തോന്നി. ജീവിതപ്രളയത്തിൽ അവരെ മാറ്റി വെച്ചതോ, അവരെന്നിൽ നിന്ന് ഓടി ഒളിച്ചതോ.. വിവാഹം കഴിഞ്ഞ് ( 1989) ബാംഗ്ലൂരിലെത്തിയപ്പോഴായിരുന്നു അടുത്തുള്ള ഒരു തെലുങ്കു ടീച്ചുറുടെ അടുത്ത് വീണ പഠിക്കാൻ ചേർന്നത്.. തെലുങ്കും കന്നഡയുമൊന്നും അന്നറിയില്ലെങ്കിലും ഞങ്ങൾക്ക് സംസാരിക്കാൻ ഭാഷ വേണ്ടായിരുന്നു. നിറയെ കുട്ടികൾ.അവിടെ നിന്നുയരുന്ന വീണയുടെ മധുരനാദങ്ങൾ.. സംഗീത സുരഭിലനിമിഷങ്ങൾ.. സാഹിത്യം പഠിച്ചെത്തിയ എന്റെ വിരലുകളും വീണക്കമ്പികളുമായി ഇണങ്ങി . ജീവിതവും പOനവും പരിശീലനവുമായി നീങ്ങുമ്പോഴായിരുന്നു (അമ്മു) മോൾടെ വരവ് .അവളുള്ളിലുള്ളപ്പോഴും വീണ പoനം തുടർന്നു. അതിനു ശേഷം പ്രസവത്തിന് നാട്ടിലേക്ക്.. കുട്ടിക്ക് 56 ആയപ്പോൾ തിരിച്ച് ബാംഗ്ലൂർക്ക്. 5 മാസം പ്രായമുള്ള അമ്മുവിനേയും കൊണ്ട് വീണ്ടും പഠിക്കാൻ പോയി. അവളെ ടീച്ചർ മടിയിൽക്കിടത്തി എന്റെ മടിയിൽ വീണ വെച്ചു തരും. അത് നോക്കി അവൾ ടീച്ചറുടെ മടിയിൽ കിടക്കും..അങ്ങിനെ എത്രയോ ദിവസങ്ങൾ.പതി കാലത്തിൽ ആദിതാളം മുതൽ തുടങ്ങി'.സപ്തസ്വരങ്ങൾ വീണയിലും ജീവിതത്തിലും രാഗാർദ്രഭാവങ്ങളുടെ തരംഗങ്ങളുണർത്തി. എപ്പോഴോ കാലചക്രത്തിന്റെ മിഴി ചിമ്മലുകൾ. സ്വരസ്ഥാനങ്ങളിലെ സ്വരഭേദങ്ങൾ. മായാമാളവ ഗൗളവും ശങ്കരാഭരണവും കല്യാണിയും ഒക്കെ വിരൽത്തുമ്പുകളിൽ നിന്നും പിണക്കം ഭാവിച്ചു അകലുന്നുവോ? മുറിഞ്ഞ സ്വര ശ്രുതികൾ:.. മറ്റൊരിടത്തേക്ക് ജീവിതം പറിച്ചു നട്ടു. പുലരികൾ ഏറെക്കഴിഞ്ഞപ്പോൾ വീണ്ടും വീണ മാടി വിളിച്ചു. ആ ടീച്ചറുടെ അടുത്തേക്ക് തന്നെ ബസ്സ് കയറി പോയി. അപ്പോഴേക്കും വർഷങ്ങൾ കൊഴിഞ്ഞു. വീണ്ടും രണ്ടാമത്തെ അതിഥിയായി മകനെത്തി. (വിഷ്ണു )ജീവിതത്തിരക്കിലേക്ക് തന്നെ തിരിച്ചെത്തി. ഉറങ്ങിയുണർന്ന രാപ്പകലുകൾ. മറ്റൊരു ടീച്ചറെ കണ്ടെത്തി. അപ്പോഴേക്കും പoന കാലാവധി 6 വർഷമായിരുന്നു. ശിവരാത്രിക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറായി.. അതിനായി പരിശീലന ദിനങ്ങൾ . ഇടയിൽ രണ്ടു കുട്ടികൾക്ക് വീണയുടെ ആദ്യ പാഠങ്ങൾ നൽകി. ഒരു പരിശീലനം പോലെ. സന്തോഷത്തിന്റെ നാളുകൾ..അപ്പോഴായിരുന്നു ഋതുക്കൾ വീണ്ടും പഥം മാറിയതും ആസുരനാദത്തിന്റെ ഇരു കിടകളിലേക്ക് ഊർന്നു വീണതും. വീണയും അരങ്ങേറ്റവും ഒക്കെ മാറ്റിവെച്ചു കൊണ്ട് കടുത്ത തലവേദന പിടി കൂടി. എന്തെന്നറിയാതെ പരക്കം പാഞ്ഞ ദിനങ്ങൾ.. ഒരു ദിവസം രാവിലെ എണീട്ടപ്പോൾ എന്റെ ശബ്ദം പടിയിറങ്ങിയിരുന്നു. ഒച്ച വെക്കാൻ നോക്കിയിട്ടും ഒളിച്ച ശബ്ദത്തെ കണ്ടില്ല. പിന്നെ ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക്..അവസാനം തലവേദനക്കും സ്വര ചോർച്ചക്കും കാരണമായവൻ കഴുത്തിൽ ഒരു സൈഡിൽ വില്ലനായി ചെറു മുഴയായി രംഗ പ്രവേശം നടത്തി. അനുദിനം വളർന്നു. മുഖം കരുവാളിച്ചു.. രാജാജി നഗറിലെ ഒരാശുപത്രിക്കു മുന്നിൽ കാൻസറാണോയെന്ന സംശയത്തിന്റെ കരിനിഴൽ മൂടിയ നേരത്ത് ഉൾക്കൊള്ളാനാവാതെ റോഡരികിൽ നിന്നും പൊട്ടിക്കരഞ്ഞ നിമിഷങ്ങൾ. ചുറ്റും സമാധാ നോക്തികൾ. മറ്റൊരു ഡോക്ടറുടെ അടുത്തേക്കു്. അവർക്കും ഇതേ സംശയം...എന്തായാലും ഓപ്പറേഷൻ ചെയ്യണം. ബയോപ്സിക്കയക്കണം. എന്നിട്ട് തീരുമാനിക്കാം. ഓപ്പറേഷൻ കഴിഞ്ഞു. ബയോപ്സിക്കയച്ചു. റിസൽട്ട് കാത്തു 'കിടന്ന ആശുപത്രി നാളുകൾ.... ഉറപ്പിച്ചു യാത്ര പറയാൻ നേരമായെന്ന്. ഒന്നുമാവാത്ത മക്കൾ ...മൂന്നാം നാൾ ഡോക്ടർ അടുത്ത് വന്നു. പുഞ്ചിരിയോടെ. പേടിക്കണ്ട .... കൈയിൽ പിടിച്ചു പ്രതീക്ഷ തന്നു... കാൻസറല്ല..അറിയാതെ ഉയർന്ന ദീർഘനിശ്വാസം..പോവാനുള്ള വിസ ശരിയായിട്ടില്ല . രക്ഷപ്പെടാനോ? നിന്നെ കാത്ത് കിടക്കുന്ന അനുഭവങ്ങളുടെ വേവും ചൂടും തണുപ്പും ഒക്കെ ഇനിയുമെത്രയോ. അതറിയാതെ പോവില്ല. മുഖത്തെഴുത്തുകളുടെ ലളിതവും കഠിനവുമായ വർണ്ണങ്ങൾ . ജീവിതത്തിന്റെ ചവിട്ടും കുത്തുകളും...അതൊക്കെ അറിഞ്ഞ് പോയാൽ മതി മനസ്സ് പറഞ്ഞു. കണ്ണിൽ വേദനയും സന്തോഷവും കലർന്ന മുഖവുമായി നിൽക്കുന്ന കുടുംബം. ആശ്വാസത്തിന്റെ തിരി വെളിച്ചം പതിയെ കടന്നു വന്നു. ഒരാഴ്ചക്കു ശേഷം ആശുപത്രി വിട്ടു. മരുന്നും വിശ്രമവും.മരുന്നിന്റെ വീര്യത്തിൽ സമയഭേദങ്ങളില്ലാതെ ഉറക്കത്തിന് ആഴം കൂടി. ബാലേട്ടൻ്റെയമ്മ  ഓരോ സമയത്തും മരുന്നും ഭക്ഷണവും തന്ന് ശുശ്രൂഷിച്ച് എന്നെ തിരികെ കൊണ്ട് വന്നു. . അപ്പോഴേക്കും മനസ്സിൽ പൊടിയണിഞ്ഞു കിടന്നിരുന്ന അക്ഷരങ്ങൾ കവിതയായും കഥയായും വന്ന് കൂട് കെട്ടി. മാറിയിരിക്കുന്ന എന്റെ വീണകൾ...മുറിഞ്ഞുപോയ അരങ്ങേറ്റം. രാഗതന്ത്രികൾ മുറിഞ്ഞതോർക്കാതെ ആ വിപഞ്ചികയിൽ വിരൽത്തുമ്പൊന്നറിയാതെ മുട്ടിയപ്പോൾ ഉയർന്നു കേട്ടത് അപൂർണ്ണ രാഗത്തിന്റെ മന്ത്രസ്ഥായികൾ. വീണ്ടും ഉറങ്ങിയുണർന്ന രാപ്പകലുകൾ. ജീവിതത്തിന്റെ സ്വരഭേദങ്ങൾ . കനിഞ്ഞു കിട്ടിയ ജീവിതത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കൊപ്പം ആത്മവിശ്വാസത്തിന്റെ തേരിലേറി യാത്ര തുടർന്നു. ! കാറ്റ് മാറി വീശിയപ്പോഴേക്കും മക്കൾ വളർന്നു. മോൾ അമ്മയായി .മകന്റെ വിവാഹമടുക്കുന്നു. ഞാൻ മുത്തശ്ശിയായി. ഞങ്ങളുടെ മണിക്കുട്ടന്റെ ചിരിയിലും കളിയിലും ജീവിതത്തിന് പുതിയ സ്വരജതികൾ. കാലം എല്ലാവർക്കും കാത്തുവെക്കുന്നുണ്ട് നൻമയുടെ സ്നേഹത്തിന്റെ പ്രകാശദീപങ്ങൾ. കാത്തിരിക്കുക. ശുഭപ്രതീക്ഷയോടെ.
ജീവിതത്തിന്റെ നിമ്നോന്നതങ്ങളിലൂടെ മഹാകവി ഇടശ്ശേരി പാടിയതുപോലെ ഞാനും ഈ തേരോടിക്കുന്നു.
"എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുൾ പായിക്കൽ
ഇതേതിരുൾക്കുഴി മേലുരുളട്ടേ
വിടില്ല ഞാനീ രശ്മികളെ
ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാ-
തെന്തിനു ജീവിതപ്പലഹാരം"....( ഇടശ്ശേരി)

No comments: