Sunday, July 26, 2020

അതിജീവനം - ഇന്ദിരാ ബാലൻ


ഊർന്നിറങ്ങുക
വിഷാദത്തിൻ
കരിനീലിമയിൽ നിന്നും
വലിച്ചു പൊട്ടിക്കുക


ഭയത്തിൻ നെരിപ്പോടുകളേയും
പൊട്ടിമുളയ്ക്കും പുതിയ
സ്വപ്നത്തിൻ വിത്തുകളിനിയും
കാണും നാമിനിയും
പൂക്കും ജീവിത വല്ലരികളെ
കേൾക്കുക കർണ്ണത്തിൻ
മധുരമാംമീണങ്ങളെ
ചേർത്തുവെക്കുക കുളിരേകും
ഹൃദയനാദങ്ങളേയും
കൊടും വിലാപക്കാഴ്ചകൾക്കവധി
നൽകി നയിക്കുക മനസ്സിനെ
പുതിയ  തുയിലുണർത്തിൻ
താഴ് വരകളിലേക്ക്
പിടഞ്ഞുവീഴുമല്ലെങ്കിൽ
ജീവിതത്തിന്നുച്ചവെയിലിൻ
പെരുക്കങ്ങളിൽ
കെട്ടഴിച്ചുവിടുക മുറുകി വലിയും
ബോധകോശങ്ങളേയും
ഉരുക്കഴിക്കുകയനുനിമിഷം
അതിജീവനത്തിൻ മന്ത്രങ്ങൾ
കാണണമിനിയും നമുക്കീ
ഹരിതാഭമാം ഭൂമിയെ
ചാലിക്കും നിറക്കൂട്ടിൻ
വർണ്ണ വിസ്മയങ്ങളെ
പൊരുതി ജയിച്ചു നേടണം
പുതിയ വാഴ് വിൻ തേരൊലികൾ
കൈക്കുമ്പിളിലെതിരേൽക്കാം
മാറ്റത്തിൻ ചാന്ദ്രസ്പർശങ്ങളേയും
കൊളുത്തി വെക്കാം അതി-
ജീവനത്തിൻ തിരിവെളിച്ചങ്ങളേയും....!

No comments: