Sunday, July 26, 2020

നിലനിൽപ്പ് - ഇന്ദിരാ ബാലൻ


കാടുകുലുക്കി വരുന്ന
കൊമ്പനെപ്പോലെ
തുമ്പിക്കൈയുയർത്തി
ചിന്നം വിളിക്കുന്നു

കോവിഡെന്ന വിരുതൻ
എവിടേക്കു നീളുമാ
തുമ്പിക്കരങ്ങളെന്ന
യാശങ്കയിൽ സ്തബ്ധരായി
സർവ്വരും ,എന്നാലുമിവിടെ
ലോപമില്ല കൊടി
തോരണങ്ങൾക്കും
ആക്ഷേപഹാസ്യങ്ങൾക്കും
മുള്ളു മരംപോലെയാണീ
നിലനിൽപ്പും ,
മേൽപ്പോട്ടും കീഴ്പ്പോട്ടു -
മുഴിയാനാകാതെ
സ്വയം നിലനിർത്തുകയെന്ന
ചക്രശ്വാസത്തിലമരുമ്പോൾ
തറഞ്ഞു കയറുന്നു മുള്ളുകളും
പിഴുതെറിയാനാകാതെയീ പനി-
ക്കാഴ്ചകളുറക്കം കെടുത്തുന്നു
ഭയം തീർത്ത മുറിപ്പാടുകളെ
കരിച്ചു കളഞ്ഞിറങ്ങണം
കാവലാളായി തണൽമരമാവണം
ചിരിച്ചു തള്ളണമവഗണനകളെ
സ്വത്വത്തിൻ വെളിച്ചത്തിലൂടെ
ക്രിയാത്മകത തൻ ആഗ്നേയാ -
സ്ത്രത്തിലവ ദഹിച്ചു ഭസ്മമാകട്ടെ
നീരാവി പോൽ തപിച്ചുരുകും
മനസ്സുകൾക്കിപ്പോളിടമില്ല
അന്യച്ചിന്തകൾക്കായ്....
ആടിയും പാടിയും പറഞ്ഞും
വരച്ചും എഴുതിയും
കലഹിച്ചും പ്രണയിച്ചും
നിഷ്ക്കളങ്കമായ്ചിരിച്ചുമീ
ബാക്കിപത്രത്തെ സാർത്ഥകമാക്കുക...!

No comments: