Friday, June 4, 2021

 ചോര വാർക്കുന്ന ഇടങ്ങൾ - ഇന്ദിരാ ബാലൻ (താളിയോലയിലെ വായനകൾ)

പുരോഗമനത്തിൻ്റെ ഉച്ചകോടിയിലെത്തിയെന്നഹങ്കരിച്ചിട്ടും ജാതിമതാന്ധതയിൽ നടമാടുന്ന വൈരങ്ങളും കൊലപാതകങ്ങളും , ആ വിഷ്ക്കാരസ്വാതന്ത്ര്യത്തിൻ്റെ നാവരിയുന്ന വർത്തമാനകാല രാഷ്ട്രീയ സമസ്യകളും ,കുലവും കുടുംബവും നോക്കാതെ പ്രണയിച്ചതിൻ്റെ പേരിലുണ്ടാവുന്ന ദുരഭിമാന ചോരക്കുരുതികളും, വിശപ്പിൻ്റെ രാഷ്ട്രീയക്കൊലകളും, പീഡനങ്ങളും വർത്തമാനകാലത്തും മായാത്ത ചോരക്കറകൾ തീർക്കുന്നു. മതപരമായ അടിമത്തം, സാമ്പത്തിക സാമൂഹികാധീശത്വങ്ങൾ, മനുഷ്യരുടെ മാനസികാടിമത്തങ്ങൾ എന്നിവയെല്ലാം സമൂഹത്തെ വലിച്ചു മുറുക്കുന്നുണ്ട്. ഈ വിഷയത്തിൽ കവികളുടെ തൂലിക പോലും പ്രതിഷേധമുയർത്തുന്നില്ലായെന്ന സ്വയം കുറ്റാരോപിതമാവുന്ന ഒരു രചനയാണ് മോഹനൻ പി.സി. പയ്യാപിള്ളിയുടെ "അറിയുന്നതെങ്ങനെ" എന്ന കവിത.
ഇണയിൽ നിന്നുമകറ്റി കശക്കിയെറിയുന്ന തരുണൻ്റെ ദാരുണാന്ത്യം തീർക്കുന്ന പെണ്ണിൻ്റെ മനസ്സിലടിയുന്ന നോവിൻ്റെ നിഴലുപോലുമെത്താത്തയിടമാണ് കറ പുരളാത്ത രചനാ പ്രപഞ്ചമെന്ന് കവി പരിതപിക്കുന്നു. വർത്തമാന നെറികേടുകൾക്കെതിരെ ഒരു പക്ഷെ വാക്കിന് പോലും ശക്തിയില്ലാതാവുന്നു.അവിടെയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത്. ക്രൂരതയുടെ ഫാസിസം തീർക്കുന്ന മുറിപ്പാടുകൾ! വാചാലതകളെ മൗനമാക്കുന്ന കുടില തന്ത്രങ്ങളിൽ ഇവിടെ സത്യത്തിനും ധർമ്മത്തിനുമെവിടെ സ്ഥാനം?
നീതിക്ക് വേണ്ടി വാദിക്കുന്നവർ സാമ്പത്തികമായും രാഷ്ട്രീയപരമായും പിന്നോക്കാവസ്ഥയിലാണെങ്കിൽ പ്രതികൾ പ്രബലരാകുന്ന വിരോധാഭാസങ്ങൾക്കെന്ത് പരിഹാരം?
ഇങ്ങിനെ നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് മുന്നിലവശേഷിക്കുന്നത്. ഭരണകൂടവും നിയമവുമൊക്കെ പ്രതികൾക്കനുകൂലമാകുന്നുവെന്ന പ്രവണതയും ഏറുന്നു. ഇതിനൊക്കെ യെതിരേയുള്ള നിസ്സഹായതയും വേദനയുമാണ് ഈ കവിത പ്രമേയമാക്കുന്നത്. സഹനവും വേദനയും കരച്ചിലും രോഷവും പ്രതിഷേധത്തിൻ്റെ തന്നെ ഭിന്ന ഭാവമായി വർത്തിച്ചേക്കാം.
നിലവിലുള്ള അധിനിവേശത്തിനും ക്രൂരാവസ്ഥകൾക്കുമെതിരെ കവിയുടെ തൂലിക ചലിക്കണമെന്ന് പറയുന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയോടെ പ്രസക്തിയുള്ള ആശയങ്ങളിലൂടെ അനീതികൾക്കെതിരെ തൂലിക പടവാളാക്കുകയെന്ന ആഹ്വാനം കാലങ്ങൾക്ക് മുമ്പെയുണ്ടല്ലൊ.
അറിയുന്ന കവികളുടെ വരികളിലൊന്നിലും അലിവ് പോലും കാണാനില്ലെന്ന പരിഭവത്തോടെയാണ് കവിതയുടെ തുടക്കം.
അവസാനം ആ പരിഭവത്തിന് കവി തന്നെ കണ്ടെത്തുന്ന മറുപടി ഇങ്ങനെയും, കേവലം മദിരാ ചഷകമായും സത്യത്തെ വകഞ്ഞു മാറ്റി ഉന്മത്ത നടനത്തിലുണ്മയെ തഴയാൻ പഠിപ്പിച്ച മധുരമായുമൊക്കെയാണ് കവിത എന്നാണ്. സാംസ്കാരികതയ്ക്ക് പോലും ക്രൂരതക്കെതിരെ ചലിക്കാനാവാത്ത ധർമ്മസങ്കടവവും സഹതാപവുമൊക്കെ പരിദേവനങ്ങളായി മാറുന്നു. കവിത പൊരുതാനുള്ളതാണ്, പ്രതിരോധമാണ് ആ അന്വേഷണത്തിലേക്കുള്ള യാത്രയിൽ കവിതക്ക് പരിസമാപ്തി കുറിക്കുന്നു. ഏത് പ്രതിസന്ധിയിലും അനീതികൾക്കെതിരെ ചാട്ടുളി പോലെ മൂർച്ചയേറിയ വാക്കുകളിലൂടെ എഴുത്തുകാർ പ്രതിഷേധിക്കണമെന്ന് പറയാതെ പറയുന്നുണ്ട് ഈ കവിത. പറഞ്ഞാലോ പ്രവർത്തിച്ചാലൊ ജീവന് തന്നെ ഭീഷണിയായേക്കാം. എന്നാലുമവർ നിർഭയരായി മുന്നോട്ടു നീങ്ങുമെന്ന് വായനക്കാർക്കും പ്രത്യാശിക്കാം . ചോര വാർക്കുന്നയിടങ്ങളിൽ ഇനി സമാധാനത്തിൻ്റെ തണ്ണീർപ്പന്തലുകളുയരട്ടെ. വിഷ രഹിതമായ ഒരു സമൂഹം ഇവിടെ തളിർക്കട്ടെ. പ്രണയിക്കുന്നവർക്ക് സ്വസ്ഥമായി ജീവിക്കാനാവട്ടെ. മാനവികത മുന്നേറട്ടെ.
ശക്തമായ ഭാഷയിലൂടെ ആശയം അടയാളപ്പെടുത്തുമ്പോൾ പലപ്പോഴും കാവ്യഭംഗി നഷ്ടപ്പെടാം. വരികൾ പ്രസ്താവനകളായി മാറിയെന്നും വരാം. കാവ്യാത്മകതയ്ക്കപ്പുറം കവിതയപ്പോൾ ചിലതൊക്കെ പറയാനുള്ള മാധ്യമമായി മാറുന്നു. പറയുക, പറഞ്ഞു കൊണ്ടിരിക്കുക . കരയുന്ന കുഞ്ഞിനെ ഇവിടെ പാൽ ലഭിയ്ക്കു .....!
അറിയുന്നതെങ്ങനെ....?മോഹനൻ - പി.സി.പയ്യാപിള്ളി
_________________________
.
.
. ..അറിയുന്ന കവികള് തന്
വരികള് പരതി ഞാന്
അവയിലില്ലലിവിന്റെ നനവ്....
.
അരികില്നിന്നിണയെക്കവര്ന്നെടുത്തകലത്തി-
ലൊരുജഡമാക്കിക്കശക്കി
എറിയുന്നവേളയില്, വേദനയില്പ്പിട-
ഞ്ഞുഴലുമാ പെണ്ണിന്റെ നോവ്
ഒരു നിഴലായ്പോലുമെത്താത്ത,ശുഭ്രമാ-
ണവരുടെരചനാപ്രപഞ്ചം...
.
പ്രണയിപ്പതിന്മുന്പ് കുലവും കുടുംബവും
ചികയാന് മറന്നതിനാലെ,
ചിരപുരാതനമായ മതമൊറ്റമാത്രയില്
ഉപജാതികേന്ദ്രിതമായി
കൊടുവാളുമായ് പാഞ്ഞുവന്നതും, പ്രേമാര്ദ്ര-
ഹൃദയത്തെ.......! എന്നിട്ടുമയ്യോ,
ഒരു വരിയായ്പോലുമാ ക്രൂരചെയ്തികള്-
ക്കിടമേകിയില്ലാ കവികള്..
.
നിയമസംരക്ഷകര്, ഭരണാധികാരികള്
ഒരുപാടു ദിവ്യപ്രഗത്ഭര്
നിരനിരയായ് നിന്നു കൊലയാളികള്ക്കൊരു
കവചം ചമയ്ക്കാന് തുടങ്ങേ,
എരിയും കരളുമാ,യിരുളിന് തനുവുമായ്
ചിലര് മാത്രമെതിരിട്ടു നില്ക്കെ,
സമകാലികത്തിനുമപ്പുറംകാണുന്ന
മിഴികളുണ്ടായിട്ടു പോലും
ഒഴുകിയോരീക്കണ്ണുനീരും രുധിരവും
ഒഴിവാക്കിയെന്തേ കവികള്...?
.
അറിയുന്നതെങ്ങനെ,കവിതയെനിക്കെന്നും
നുരയുന്ന മദിരാചഷകം...
വരികള് തന്നുന്മത്ത നടനത്തിലുണ്മയെ-
ത്തഴയാന് പഠിപ്പിച്ച മധുരം...
.
അറിയുന്നതെങ്ങനെ,ക്കവിത, പൊരുതുവാ-
നുതകുമെന്നറിയും വരേക്കും

No comments: