Friday, June 4, 2021

 വിവർത്തനം... ഇന്ദിരാ ബാലൻ

ചില ജീവിതങ്ങൾ
അങ്ങിനെയാണ്
എത്ര ശ്രമിച്ചാലും
വിവർത്തനം ചെയ്യാൻ കഴിയാതെ
താളുകളിൽ
കഥാപാത്രങ്ങൾ
ബലം പിടിച്ചു നിൽക്കും
കാപട്യങ്ങളുടെ ,സഹതാപങ്ങളുടെ
ക്രൂരതകളുടെ, സ്നേഹത്തിന്
വേണ്ടി യാചിക്കുന്നവരുടെ,
അസഹിഷ്ണുതയുടെ
എത്രയെത്ര മുഖങ്ങൾ
ഇപ്പോൾ മുഖവും
നഷ്ടപ്പെട്ട് സഞ്ചരിക്കുന്നവർ...
വിവർത്തനം ചെയ്യുമ്പോൾ
ആത്മാവ് നഷ്ടപ്പെടരുത്
ആത്മാവില്ലെങ്കിൽ
എന്ത് ചെയ്യും ?
അങ്ങിനെയൊരു ചോദ്യം
വില്ലുപോലെ
മുന്നിൽ വളഞ്ഞു നിന്ന്
ചോദ്യ ചിഹ്നമായി ഉയിർക്കൊണ്ടു
ആത്മാവ് മാത്രമല്ല
ശരീരവും നഷ്ടപ്പെടരുത്
ശരീരവും ആത്മാവും
ഇല്ലാത്ത മൃതപ്രായമായ
ഒന്നെങ്കിലോ?
അതെ അത് പോലെയാണ്
ജീവിതത്തിൻ്റെ ചില ചിരികളും, നോട്ടങ്ങളും, ഭാവങ്ങളും
വാക്കുകളായി
വിവർത്തനം ചെയ്യപ്പെടാനാകാതെ
കിടക്കും
അതിൽ ഒരായുസ്സിൻ്റെ
കനൽപ്പൂക്കൾ
തെഴുത്ത് നിൽക്കും
പരിണാമഗുപ്തിയിൽ
ഒരു സൂഫി സംഗീതത്തിൻ്റെ
അനുരണനങ്ങളായി മാറാം
ഉരുക്കിയുരുക്കിയെടുത്ത
ജീവിതത്തിൻ്റെ
നേർക്കാഴ്ചയായി
വിവർത്തനം ചെയ്യപ്പെടാനാകാതെ
ജീവിതമെന്ന മഹാകാവ്യം!
വിവർത്തനങ്ങൾക്കുമതീതമാണ്
വിചിത്ര ജീവിതങ്ങളുടെ
ഭൂമിശാസ്ത്രങ്ങൾ...!

No comments: