മണ്ണിനെ ചോപ്പിച്ചവൾ ..ഇന്ദിരാ ബാലൻ
പൂജക്കെടുക്കില്ലയെന്നെ
മുടിയിൽ ചൂടാനും
നിറമുണ്ടേലും മണത്തിൽ
പിന്നിലായോൾ
അരികിലേക്കൊതുക്ക-
പ്പെട്ടോളെങ്കിലും
ചേലിലൊട്ടും കുറവുമില്ല
അന്തിവെയിൽമോന്തുമ്പോഴേ
എൻ്റെ സൂര്യനുണരാറുള്ളു
സമയമാപിനിയിൽ
നാലാണെനിക്ക് പ്രിയം
സൃഷ്ടിയിലിങ്ങനെ
ജീവിത ചക്രവും
എന്നിട്ടും
പടിയിറക്കങ്ങൾ മാത്രം
പ്രീതിയില്ലൊട്ടുമേ
കെട്ടുകാഴ്ചകളിൽ
നിർമ്മല സ്നേഹത്തിൻ
ശാന്തിയിൽ
ലയിപ്പാനേറെയിഷ്ടം
നിഴൽ സാക്ഷിയായി
പോക്കുവെയിൽ
തിരി താഴ്ത്തുമ്പോൾ
ചിലങ്കയണിഞ്ഞു
പ്രപഞ്ചതാളത്തിൽ
ജതികളാടാറുണ്ട് ഞാൻ
പിണക്കമൊട്ടുമില്ലാതെ
മണ്ണിനെ ചോപ്പിച്ച്
ചോപ്പിച്ച് ....!
No comments:
Post a Comment