പുഴ പോലെ ഒഴുകുന്ന കവിത - ഇന്ദിരാ ബാലൻ (താളിയോലയിലെ വായനകൾ)
വർത്തമാനകാലത്ത് കവിതയുടെ രൂപവും ഭാവവുമേറെ മാറിക്കഴിഞ്ഞു.പുതുഭാവുകത്വത്തിൽ വേരൂന്നിയാണിപ്പോൾ കവിതയുടെ യാത്ര.ഏറ്റവും പുതിയ കാലത്തെ കവിതയെഴുത്തുകാരും ശക്തമായ ആശയങ്ങളിലൂടെ ഗദ്യ രൂപത്തിലാണ് കൂടുതലും കവിതയെഴുതുന്നത്.ഗദ്യമായാലും പദ്യമായാലും കവിതയിൽ വിതയുണ്ടായിരിക്കുകയെന്നത് ശ്രദ്ധേയം. കേവലം ആത്മഹർഷോപാധിയല്ലാതെ എഴുതുന്ന വരികളോടെങ്കിലും നീതി പുലർത്തുന്നതായിരിക്കണം.
പുതിയ കാല കാവ്യസങ്കേതത്തിൽ നിന്നും വിഭിന്നമായി കൈയ്യടക്കത്തോടെ വാക്കുകൾ മുത്തുകളെപ്പോലെ കോർത്തെടുത്ത് താള നിബദ്ധമായ പുഴ പോലെ ഒഴുകുന്ന ഒരു കവിതയാണ് അരുൺ പി.അന്നൂർ എഴുതിയ "കാലത്തിലൂടൊഴുകുന്ന പുഴ. കവിതയുടെ കിലുക്കം ഈ രചനയിൽ കേൾക്കാം. മലമുടിയിലെ ഏതോ കുടിയിൽ നിന്നും ഒഴുകി കടലിൻ്റെ കരളിലലിയുന്ന നീരിനോടുള്ള ചോദ്യങ്ങളാണ് ഈ കവിതയിലുടനീളം. വായനയിൽ കല്ലുകടിക്കാതെ ഒഴുക്കോടെ ഈ കവിത നീങ്ങുന്നു. പുതിയ കാലത്തെ ഏറ്റവും ചെറുപ്പക്കാരനായ കവിയുടെ തൂലികയിലൂടെയാണ് ഈ കവിത ഒഴുകിപ്പരക്കുന്നത്. ഇത്രയും താളബദ്ധമായി ശിൽപ്പ ഭദ്രതയോടെ എഴുതാനാവുന്നെങ്കിൽ അത് നൈസർഗ്ഗികമായ പ്രതിഭാ വിശേഷമാണ്.
വായനയിലൂടെ ഈ നീരിനെ ഒരു പെൺകിടാവിനെയെന്ന പോലെ വായനക്കാർക്ക് മുന്നിൽ കവി വരച്ചിടുന്നു. അവളുടെ ജീവിത യാത്രയിലെ കാഴ്ചകൾ, അനുഭവങ്ങൾ എങ്ങിനെയൊക്കെ സ്വാധീനിച്ചു എന്ന ചോദ്യങ്ങൾ രൂപകങ്ങളിലൂടെ ധ്വനിപ്പിക്കുന്നു. പൊള്ളുന്ന നോവിൻ്റെ പകലായും, കുളിരാർന്ന സ്നേഹത്തിൻ്റെ ഇരവായുമൊക്കെ കവി വിഭാവന ചെയ്യുന്നുണ്ട്. ബാല്യവും കൗമാരവും യൗവ്വനവും പ്രണയവുമൊക്കെ പുഴയിലെ ഓളങ്ങളിൽ മിശ്രഭാവങ്ങൾ തീർക്കുന്നു.
പ്രണയത്തിൻ്റെ കാത്തിരിപ്പുകളേയും , സമാഗമത്തേയും, വിരഹത്തേയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളുമായി മനോഹരമായി ഇണക്കിവെച്ചിരിയ്ക്കുന്നു. ആഷാഢ മുകിലായും, മഴമണിയായും, അമ്പിളിക്കലയായും, മകര പുലരിയായും, സൂര്യനായുമൊക്കെ വ്യത്യസ്ത ബിംബങ്ങളാൽ ആ കാത്തിരിപ്പിനെ ഭാവസാന്ദ്രമാക്കാൻ ശ്രമിയ്ക്കുന്നുണ്ട്. മനോഹരമായ ഒരു ശിൽപ്പം പോലെ നോക്കിക്കഴിഞ്ഞാലും മനസ്സിൽ പറ്റിച്ചേർന്നിരിക്കും പോലെയുള്ള ദൃശ്യചാരുത ഈ കവിതയ്ക്കുണ്ട്.
അവസാനം ആ സ്വപ്ന ഭാവത്തിലൂടെത്തന്നെ മലമുടിയിലെ നീര് കടലിൻ്റെ ഹൃദയത്തിൽ അലിഞ്ഞു ചേർന്ന് ഓർമ്മകളിൽ കനവിൻ്റെ ചിത്രം നെയ്ത് പടിയിറങ്ങുന്നു. ഉയരങ്ങളിലെ ഏത് നീരും അവസാനം കാലമാകുന്ന കടലിൽ ലയിച്ചു ചേരുന്നുവെന്നത് ഒരു ജീവിതദർശനം കൂടിയാണ്. അതിവിടെ പരോക്ഷമായി പ്രകടമാകുന്നു.
അരുൺ എന്ന ഈ യുവകവിക്ക് നല്ലൊരു സാഹിത്യഭാവിയുണ്ട്. അരുണിൻ്റെ എഴുത്ത് തീർച്ചയായും കാലം തിരിച്ചറിയിപ്പിക്കും. മുഖപുസ്തകത്താളുകളിൽ മാത്രമല്ലാതെ വരികളിൽ അച്ചടിമഷി പുരളട്ടെ. കാലത്തിനൊപ്പം സഞ്ചരിക്കുന്ന പുഴയാവട്ടെ അരുണിൻ്റെ കവിതകളും. ആശയങ്ങളെ ഭാവനയിലൂടെ കാവ്യവൽക്കരിക്കുന്നത് തന്നെയാണ്. കവിത. ഇനിയും ധാരാളം കവിതകൾ അരുണിൻ്റെ തൂലികയിൽ നിന്നും വാർന്നു വീഴട്ടെയെന്നാശംസിച്ചുകൊണ്ട് ഈ ആസ്വാദനക്കുറിപ്പിന് വിരാമം കുറിക്കുന്നു.. ....!
കാലത്തിലൂടൊഴുകുന്ന പുഴ...... അരുൺ പി. അന്നൂർ
മലമുടിയിലേതോകുടിലിൽനിന്നൊഴുകി
കടലിന്റെ കരളിലേക്കലിയുന്ന നീരേ
നീ വന്ന വഴികളിൽ കാഴ്ചയെന്ത് പൊള്ളുന്നനോവിന്റെ പകലോ ?
കുളിരാർന്ന സ്നേഹത്തിനിരവോ?
ഒരു പെണ്കൊടിയായിയോടികിതച്ചു
കുടിലിൽനിന്നീ താഴ്ചയെത്തിടുമ്പോൾ
നുരയുന്ന പൊട്ടിച്ചിരികളോടിങ്ങനെ ദൂരേക്കൂദൂരേക്കകന്നിടുമ്പോൾ
ആരൊക്കെനിൻ പുളകാർദ്രമാമാഴങ്ങൾ സ്നേഹത്തിൻ കൈയാലെ തൊട്ടറിഞ്ഞു
ബാല്യത്തിൽ നിന്നു കുമാരിയായ് നീയങ്ങ് ശാന്തമായ് നിർമലമൊഴികിടുമ്പോൾ പ്രണായാഭ്യര്ഥന കൊണ്ടു നിൻ മാനസം കീഴടക്കാൻ കൊതിച്ചാരുവന്നു
നിന്റെ വ്രീളാപടമോളമാൽ തൊട്ടൊരു
തെന്നലിൻ ലോലമാം മാനസമോ
നിൻ സ്പര്ശനത്താലെ കോൾമയിർ
കൊള്ളുന്ന കരയുടെകഠിനമാമുൾതടമോ
എന്തിനായിക്കൊതിച്ചിങ്ങനെയിരിപ്പൂ നീ ആഷാഢ മുകിലിനെ കാത്തോ,
മുകിൽ നിഴൽ നെഞ്ചിലേറ്റാനോ,
മഴമണി തനുവിലേൽക്കാനോ
രാത്രിതൻ വേളയിൽ അമ്പിളിക്കലയെ
മാറിലുറക്കിടത്താനാണോ?
കുളിരിൽ വിറച്ചു നീ മകരപുലരിയിൽ ഒരു ചൂടിനായ് കേഴും നേരം
മൂർദ്ധാവിൽ ചുംബിച്ചു ചൂടാൽപുണർ-
ന്നൊരു സൂര്യനെയോർത്തിരിപ്പാണോ
ഇങ്ങനെ സ്വപ്നങ്ങളാകവെകണ്ടു നീ കടലിലേക്കൊടുവിലായായും നേരം
കടലിന്റെ കഴൽ തൊട്ടു ആഴങ്ങളിലേക്കു
നിൻ യാത്രയൊടുവിലായെത്തും നേരം
ഓർമ്മതന് ചിത്രങ്ങൾ കനവിന്റെ
താഴ്ചയിൽ നിഴലിച്ചു നിൽക്കുകയാണോ?
No comments:
Post a Comment