വെയിലുണരുന്ന വഴിയിലേക്ക്.. ഇന്ദിരാ ബാലൻ
ജീവിതത്തിൽ സഹചാരിയായിട്ടുള്ളത് എന്നും പുസ്തകങ്ങളാണ്. പുസ്തകങ്ങളുടെ മണം ഇന്നും മത്തുപിടിപ്പിക്കുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിൽ വെളിച്ചം നൽകി പ്രതീക്ഷയുടെ കൈ പിടിച്ച് നടത്തിയതും പുസ്തകങ്ങൾ. അക്ഷരങ്ങളുടെ മയിൽ നൃത്തം മനസ്സിലും ഭാവനകളുടെ പീലി വിരിയിച്ചു. കാലത്തിന്റെ നീക്കുപോക്കുകളിൽ വായനയിലും ആരോഹണാവരോഹണങ്ങളുണ്ടായി.
കുട്ടിക്കാലത്തിന്റെ കൗതുകങ്ങളിൽ ഒപ്പം കൂടിയത് അമർ ചിത്രകഥകളും അമ്പിളിമാമനും പൂമ്പാറ്റയുമൊക്കെയായിരുന്നു. രാജാവിന്റേയും രാജകുമാരിമാരുടേയും ഉണ്ണിയുടേയും അമ്മുവിന്റേയും ചിന്നുവിന്റേയുമൊക്കെ കഥകൾ എന്നോടൊപ്പം സഞ്ചരിച്ചു. ഏകാന്തതകളിൽ അവരൊക്കെ വന്ന് വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും സംവദിച്ചു. ഇടക്കൊക്കെ അവരെന്നോട് ബഹളം വെക്കുകയും ചെയ്തു. ഒപ്പം ഭ്രമാത്മകതയുടേയും അൽഭുതങ്ങളുടേയും വിത്ത് വിതച്ച് മുത്തശ്ശിക്കഥകളും പഞ്ചതന്ത്രം കഥകളും ആയിരത്തൊന്നു രാവുകളും അരികിൽ വന്നിരുന്നിരുന്നു. എഴുത്തച്ഛന്റെ കിളിപ്പാട്ട് എന്നും കേൾക്കുന്ന സന്ധ്യാനാമ സങ്കീർത്തനങ്ങളായി. ഞാൻ കേട്ട രാമായണത്തിന് ഭസ്മത്തിന്റെ ഗന്ധമായിരുന്നു .അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുന്നത്ത് ജനാർദ്ദനമേനോന്റെ മഹാഭാരത വിവർത്തനങ്ങൾ മനസ്സിലിടം പിടിച്ചത്. ജീവിതത്തിന്റെ അതിസങ്കീർണ്ണമായ പശ്ചാത്തലങ്ങളെ ലളിതമായി ആവിഷ്ക്കരിച്ച ഗദ്യപരിഭാഷ. മഹാഭാരതത്തിലെ പല കഥാപാത്രങ്ങൾക്കും ചോരയുടെ മണം പുരണ്ടിരുന്നു. വ്യാസന്റെ തൂലികയിൽ നിന്നുമുയിർക്കൊണ്ട എത്രയെത്ര കഥാപാത്രങ്ങൾ. അതിൽ കൃഷ്ണനും ദ്രൗപദിയും കർണ്ണനുമാണ് കൂടുതൽ മനസ്സിലിടം പിടിച്ചത്.
മനുഷ്യന്റെ മാനസിക സഞ്ചാരണങ്ങളുടെയെല്ലാം പൂർണ്ണ പ്രതീകമാണ് കൃഷ്ണൻ അഥവാ കറുപ്പ് വർണ്ണനെന്ന സങ്കൽപ്പം. ഭൗതികവും ആത്മീയവുമായ എല്ലാ അധീശങ്ങളുടേയും കംസകണ്ഠങ്ങളേയും കാളിയ ശിരസ്സുകളേയും അറുത്ത് ധർമ്മത്തിന് വേണ്ടി പാർശ്വവൽക്കരിക്കുന്നവർക്കൊപ്പം വിജയത്തിന്റെ പാഞ്ചജന്യം മുഴക്കിയവൻ.
അത് പോലെ യാജ്ഞസേനിയായ ദ്രൗപദി . രാമായണത്തിലെ സീതയേക്കാളിഷ്ടം കൃഷ്ണയോടായിരുന്നു. ഇക്കാലത്തെ വായനക്കിടയിൽ എത്രയോ ഉൾക്കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളെ വായിച്ചെങ്കിലും ദ്രൗപദിയോടൊപ്പം ചേർത്തുവെക്കാനാരേയും കഴിഞ്ഞിട്ടില്ല. അവരനുഭവിച്ച ജീവിത സംഘർഷങ്ങൾക്ക് കനലിനേക്കാൾ ചൂടേറും. ഓരോ പുസ്തകവും ഓരോ അനുഭവങ്ങൾ സമ്മാനിച്ചു. മറ്റൊരു കഥാപാത്രം കർണ്ണൻ. ഒരു കാലഘട്ടത്തിലെ നേരമ്പോക്കിന് പാത്രമായവൻ. ഉന്നതജാതനായിട്ടും പരസ്യമായി അവഹേളനത്തിന്നിരയായവൻ വർത്തമാനകാലത്തും പ്രസക്തമാകുന്നു.
ജീവിതത്തിന്റെ പിരിയൻ ഗോവണിയുടെ പിരിമുറുക്കങ്ങൾ നൽകിയ വായനയുടെ ഉച്ചസ്ഥായികൾ. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ നന്തനാരുടെ ഉണ്ണിക്കുട്ടന്റെ ലോകത്തിലൂടെയാണ് വായനയിലെ വ്യതിയാനങ്ങൾ തുടങ്ങുന്നത്. പിന്നീട് കെ. സരസ്വതിയമ്മയുടേയും, രാജലക്ഷ്മിയുടേയും, ലളിതാംബിക അന്തർജ്ജനത്തിൻ്റേയും എം.ടിയുടേയും പുസ്തകലോകങ്ങളിലേക്ക് ചേക്കേറി. വള്ളത്തോൾ ,ആശാൻ , ബാലാമണിയമ്മ ,പി.കുഞ്ഞിരാമൻ നായർ , അക്കിത്തം, വൈലോപ്പിള്ളി, സുഗതകുമാരി, തുടങ്ങി നിരവധി മഹാരഥരുടെ കാവ്യപ്രപഞ്ചങ്ങളിലൂടെയുള്ള സാഹിത്യ പഠനത്തിൽ പുതിയ പുതിയ കാവ്യ സഞ്ചാരങ്ങളിലേക്ക്. തകഴിയും ബഷീറും ദേവും മാധവിക്കുട്ടിയും സാറാ ജോസഫുമൊക്കെ കയറും പൂവമ്പഴവും ഓടയിൽ നിന്നും നെയ്പായസവും സ്ത്രീപക്ഷ കഥകളുമൊക്കെ വിഭവസമൃദ്ധമായി മുന്നിൽ നിരത്തി. കനലിൽ ചുട്ടെടുത്ത വാക്കിന്റെ വൈഡൂര്യത്തിളക്കങ്ങൾ സമ്മാനിച്ച പുസ്തകങ്ങൾ ജീവിതത്തിന് അർത്ഥവും മിഴിവും പുതിയ താളവും നൽകി.
പലപ്പോഴും പരുഷതയാൽ കാഠിന്യമേറിയ പുറംച്ചട്ടയുള്ള പുസ്തകങ്ങളിൽ നിന്നും ഒരകലം പാലിച്ചു. വായിക്കാനെടുക്കുമ്പോൾ അപ്രതിരോധ്യമായ ഭാരം അനുഭവപ്പെട്ടു. താളുകൾ മറിക്കുമ്പോളേറി വരുന്ന ഗഹനത അസ്വസ്ഥപ്പെടുത്തി. എന്നാലും താളുകളിലേക്കിറങ്ങി നടന്നു. ആദ്യം ആശയങ്ങളുടെ ആഴം ഉൾക്കൊള്ളാനായില്ല, വാക്കുകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ തോന്നി. പക്ഷേ അക്ഷരങ്ങളുടെ തീക്ഷ്ണസുഗന്ധം മൗനം കുടിയേറിയ മനസ്സിന്റെ വക്കത്ത് എണ്ണമറ്റ അർത്ഥ വിന്യാസങ്ങളായി ഉടക്കി നിന്നു. ജീവിത മുറിവുകളുടെ അവശതയിൽ പലപ്പോഴും വായന മുറിഞ്ഞു കിടന്നു. അപ്പോഴൊക്കെ ഒരു ഫീനിക്സ് പക്ഷി കണക്കെ പുസ്തകത്തിന്റെ പുറന്തോട് കൊത്തിയുടച്ച് വായനയുടെ പുതിയ ഏടുകളിലേക്ക് നീങ്ങി. ആവേശത്തിരയടിക്കുന്ന മനസ്സുമായി അകത്താളുകളിലേക്കിറങ്ങുന്തോറും വജ്ര വാക്കുകളുടെ തിളക്കവും, മൂർച്ചയും .കരിയിലകൾ മൂടിക്കിടക്കുന്ന വഴികളിൽ മുള്ളുകളുടക്കി വീണപ്പോൾ പ്രകാശം ചുരത്തുന്ന വാക്കിന്റെ കതിരുകൾ ഓടി വന്നെഴുന്നേൽപ്പിച്ച് ഊന്നുവടിയായി. മനസ്സിന്റെ വിതാനങ്ങളിൽ കെട്ടി നിൽക്കുന്ന മുഷിഞ്ഞ വിചാരങ്ങളുടെ അതിരുകളെ തട്ടി നീക്കി പുതിയ ദിശാബോധങ്ങൾക്ക് കരുത്ത് നൽകി. ഉൾക്കനമേറിയ നല്ല പുസ്തകങ്ങൾ എത്രയോ ശക്തവും ആർദ്രവും ആണെന്നറിഞ്ഞ നിമിഷങ്ങൾ. എതിർ വാഴ് വിന്റെ തിക്താനുഭവങ്ങളിലാണ് പുസ്തകങ്ങൾ എത്ര കരുതലോടെ സംരക്ഷിക്കുന്നുവെന്ന് കൂടുതൽ തിരിച്ചറിഞ്ഞിരുന്നത്. ഉപരിപ്ളവമായ ജീവിത ദു:ഖങ്ങൾ ഒന്നുമല്ലെന്നും .
ഓരോ പുസ്തകങ്ങളിലൂടേയും നിരവധി മനുഷ്യരെ കണ്ടു. ജീവിതം തന്നെ മഹാകാവ്യമായി. പല വലുപ്പത്തിലും രൂപത്തിലുമുള്ളവ. എത്ര അടുക്കിയിട്ടും ചിലതൊക്കെ ചിതറിക്കിടന്നു.
പുത്തൻകടലാസിൽ പുതുമണത്തിൽ ജീവൻ തുടിക്കുന്ന അക്ഷരങ്ങൾ. അവക്ക് നവജാത ശിശുക്കളുടെ ഛായ.
എത്ര തുറന്നതും അടഞ്ഞതും താഴിട്ടുപൂട്ടിയതുമായ അധ്യായങ്ങൾ. ചിലത് ഒറ്റയിരിപ്പിന് വായിച്ച് തീർത്തു. ചിലതെത്ര വായിച്ചാലും നിഗൂഢതകൾ മാത്രം തന്നു. ചില വരികൾ മനസ്സറിയാതെ അഥവാ അനുവാദം ചോദിക്കാതെ കയറി വന്നിരിക്കും. ചിലത് എത്ര വിശദീകരിച്ചാലും അർത്ഥം പിടി തരാതെ. പല പുസ്തകങ്ങളുടെ വായനയും ആഹ്ളാദത്തിന്റേയും സൗഖ്യത്തിന്റേയും ദു:ഖത്തിന്റേയും ജലരാശികളിലേക്കുള്ള തീർത്ഥയാത്രകളായി.
ഇക്കാലത്തിനിടക്ക് എത്രയെത്ര പുസ്തകങ്ങൾ ചെറുതും വലുതുമായി വന്ന് വിശേഷം തിരക്കി! പുതിയ കാലത്തെ എഴുത്തുകാരും അക്ഷര സൗഹൃദങ്ങളായി. അടുത്തിടെ വായിച്ച പുസ്തകങ്ങളാണ് കെ.ആർ.മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സത്രീ, കൽപ്പറ്റ നാരായണൻ മാഷടെ എവിടമിവിടം ,കെ.പി.സുധീരയുടെ പ്രണയദൂത് എന്നിവ. ഇന്നലെ തേടിയെത്തി ശ്രീ ഷൌക്കത്തിൻ്റെ ഹൃദയം തൊട്ടത് എന്ന പുസ്തകം. അങ്ങിനെയെത്രയെത്ര അക്ഷരങ്ങളുടെ വ്യത്യസ്ത ലോകങ്ങൾ. സാഹിത്യത്തിന്റെ തട്ടകത്തിൽ നിന്ന് കൊണ്ട് തന്നെ ഇതര വിഷയങ്ങളും ചിറകുവിരിച്ച് പറന്നെത്തി. മന:ശ്ശാസ്ത്രവും ,ആത്മീയവും, യാത്രാവിവരണങ്ങളും, ജീവചരിത്രങ്ങളും, കലാപഠനങ്ങളും, നിരൂപണങ്ങളും , ലേഖനങ്ങളും ,പരിഭാഷകളും കഥകൾക്കും കവിതകൾക്കും നോവലുകൾക്കുമൊപ്പം എന്റെ പുസ്തകയലമാരയിൽ സ്ഥാനം പിടിച്ചു.
പരിഭാഷകൾ പല ഭൂമി ശാസ്ത്രങ്ങളിലേക്കും ജീവിത വൈവിധ്യങ്ങളിലേക്കും ചൂണ്ടുപലകയായി. പാശ്ചാത്യവും ,പൗരസ്ത്യവും ആയ സംസ്കാരങ്ങളുടേയും ജീവിത ശൈലികളുടേയും വ്യത്യസ്ത തലങ്ങൾ മനസ്സിൽ ദീപാവലി തെളിയിച്ചു. വാക്ക് അമൃതും അഗ്നിയുമാണ്. പുസ്തകങ്ങൾ വായനയുടെ അനുഭവപരിസരങ്ങളിൽ തുലാവർഷക്കെടുതികളായും മഹാവൃക്ഷ ധ്യാനങ്ങളായും പകർന്നാടിയപ്പോൾ വേറെ ചിലത് മൗനത്തിന്റെ താഴ് വരകളിൽ പെറ്റു കിടന്നു. നൂറ് നൂറ് കവിതകളായി. ചിലത് കരവാളേന്തി ഉറഞ്ഞു തുള്ളാൻ പര്യാപ്തമായി. ഋതുഭേദങ്ങളുടെ പരകായപ്രവേശങ്ങളിൽ പുതു ജീവിതത്തിന്റെ ചൊല്ലുകളെ കോർത്തെടുക്കാൻ സഹായിച്ചു. നല്ല പുസ്തകങ്ങൾ, വായനകൾ അറിവിന്റെ ഉയരങ്ങളെ സമ്മാനിക്കുന്നു. ചിന്തയുടെ സ്വർണ്ണനൂലുകൾ ഇഴ ചേർത്ത പുസ്തകങ്ങൾക്കൊപ്പം ഉണരുകയും ഉറങ്ങുകയും ചെയ്ത് അവ എന്നേ എന്റെ സഹചാരിയായിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന് ഊടും പാവും നൽകി വെയിലുണരുന്ന വഴിയിലേക്ക് എന്നെയിപ്പോഴും നയിച്ചുകൊണ്ട് ഒരിക്കലും പിരിയാനാവാതെ.....!
No comments:
Post a Comment