Friday, June 4, 2021

 സുഗതകുമാരിയമ്മക്ക് - ഇന്ദിരാ ബാലൻ

പ്രപഞ്ചത്തിൻ പക്ഷികളിപ്പോഴും
പാടുന്നു ഒറ്റച്ചിറകിൻ താളമോടെ
കടലിന്നു മഴയുണ്ട് മഴവില്ല് വാനിനു-
ണ്ടടവിക്ക് രാപ്പൂക്കളേറെയുണ്ടെന്ന്
ചൊല്ലി പഠിപ്പിച്ചൊരമ്മേ നിൻ കഴലും
തകിലും ജനാരവവുമുണ്ടിപ്പോഴും
കരിയുന്ന ഭൂമിക്കു കാവലാളായവൾ
കാൽച്ചിലമ്പൊച്ചയും ഇടയിടെ കേൾപ്പൂ
പ്രകൃതി തൻ നെഞ്ചിലെ നോവേറ്റി
കുറിച്ചില്ലേ മിഴിനീരിൻ കവിതകളേറെ
പാടാതിരിക്കാനാവുമോ ജീവൻ്റെ
രാപ്പാടി തൻ രാഗശീലുകളോരോന്നും
അമ്മയെയോർത്തു തപിക്കുന്നിതിപ്പഴും
പൂക്കളും പുഴയും കടലും കിളികളും
രാത്രി മഴകളും തളിർ മരച്ചില്ലയും
തണുത്തയിരവിൽ ഭയന്നാർത്ത് കേണു
നിന്നുടുച്ചേലത്തുമ്പിൽ പിടിവിടാതുണ്ട്
തെരുവിൻ തീ തിന്നും പെൺമക്കളും
കാടിന്നിലച്ചാർത്തുകളിലും മിടിപ്പൂ
നിൻ ശോകാർത്ത സ്പന്ദനങ്ങൾ
ഓടക്കുഴൽ നാദത്തിൽ ചാരുവായ്
തീർത്തില്ലേ കണ്ണന്നുപഹാരങ്ങളേറെ
നറുപാൽക്കുടങ്ങളേന്തി മന്ദംനീങ്ങുന്നു
ഗോപികമാരും കുനിഞ്ഞ ശിരസ്സുമായി
ശ്യാമമേഘങ്ങളും ശ്രുതിയിടുന്നുണ്ട്
നീയുതിർത്ത ഭാവോന്മീലനങ്ങൾ
ഇരുൾച്ചിറകിന്നുള്ളിലും ഇഴവിടർത്തി
വെൺച്ചിറകിൻ തൂവൽ സ്പർശങ്ങളെ
ഇനിയീമനസ്സിൽകവിതയില്ലെന്നോതിയിട്ടും
പൂത്തുവിരിഞ്ഞെത്രയോപാരിജാതങ്ങൾ
പകിട്ടുകളിൽ മയങ്ങാതെനേരിൻചിറകു
വീശിയഭയമായ് ചേതനയിൽ ജീവനായ്
ആരോ കൊളുത്തി വെച്ച തിരിയെ
മെല്ലെ നേർത്ത കയ്യാലുയർത്തിയിരുളും
മനസ്സുകൾക്കേകി വെളിച്ചത്തിൻ കരങ്ങളും
എറിഞ്ഞ കല്ലിനും വർഷിച്ച പൂവിനും
കൈകൂപ്പി സമാന ഹൃദയയായ്
നന്ദി ചൊല്ലി വഴി പിരിഞ്ഞെങ്കിലും
മായുകില്ല നിന്നാത്മ സങ്കീർത്തനങ്ങൾ
ആർദ്ര സ്വരത്തിൻ കുയിൽ പാട്ടുകളായ്
കവിതതൻ പവിഴമല്ലികളായി പൂത്തു
വിടർന്നുല്ലസിച്ച് വിരാജിക്കുമിവിടെയെന്നും ....!

No comments: