പറയാനുണ്ടേറെ.. ഇന്ദിരാ ബാലൻ
മുപ്പത്തിരണ്ടു അതിഭീകരർക്ക്
ഇടയിലാണ് വാഴ് വ്
സാധുവായിരുന്നു
ആരാണിത്രയും
മൂർഛ കൂട്ടിയത്?
സംരക്ഷണം
സ്വയം ഏറ്റെടുത്തേ പറ്റു
ഏത് നിമിഷവും
ആക്രമിക്കപ്പെടാം
സ്വയം ഒതുങ്ങുമ്പോഴും
ഇടക്കിടക്ക്
മുരുക്കിൻ്റെ
അലോസര ഭാഷ്യങ്ങൾ
അപ്പോഴാണ്
മൂർച്ച കൂട്ടണമെന്ന്
തോന്നിത്തുടങ്ങിയത്
പറയുകയെന്നതല്ലേ ധർമ്മം?
മൗനത്തിലൊളിക്കാനല്ലല്ലൊ
തികട്ടി വന്നത്
പലപ്പോഴും തടുത്ത് നിർത്തി
എന്നാൽ അസഹിഷ്ണുതക്ക്
തീയിട്ടപ്പോഴാണ്
ഇടവും വലവും നോക്കാതെ
പ്രതികരിച്ചത്
നാവിനെന്തിന് പക്ഷം?
ന്യായത്തിനൊപ്പം നിൽക്കുക
എന്ന നയമേയുള്ളു
നാവ് മര്യാദക്ക്
അടക്കിവെച്ചോ
ആക്രോശങ്ങളുടെ
ഉരുൾപ്പൊട്ടലുകൾ
എനി, മടക്കാനോ
അടക്കാനോ
ഒന്നും പറ്റില്ല
കണ്ണുണ്ടായിട്ടും
കാണാതിരിക്കുക
കാതുണ്ടായിട്ടും
കേൾക്കാതിരിക്കുക
നാവുണ്ടായിട്ടും
മിണ്ടാതിരിക്കുക
സ്വാർത്ഥതയുടെ
ലോകത്തേക്ക്
ചുരുങ്ങാനാവാതെ
പ്രതികരിച്ചു തുടങ്ങി
പ്രത്യേകിച്ചും
മൗനങ്ങളുടെ ഭാഷയായി
നാവുകൾ ശൂന്യതയിലേക്ക്
മുക്കിത്താഴ്ത്താനുള്ളതല്ല
അവക്ക് പറയാനുണ്ടേറെ ...!
No comments:
Post a Comment