കഥയുടെ രാജവീഥികളിലൂടെ - ഇന്ദിരാ ബാലൻ
കഥകളുടേയും കവിതകളുടേയും നിരൂപണം എന്നത് വായിക്കുന്നവരുടെ ചിന്തകൾക്കും ആസ്വാദന തലങ്ങൾക്കും നിരീക്ഷണങ്ങൾക്കുമനുസരിച്ചായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. നിരവധി കഥകളും കവിതകളും വായനയിൽ മനസ്സിൽ കുടിയേറുകയും അവയെക്കുറിച്ച് കുറിപ്പുകൾ എഴുതുകയും ചെയ്തിട്ടുണ്ട്. അതിന് നിരൂപണം എന്നതിൻ്റെ നിർവ്വചനം എത്രത്തോളം അന്വർത്ഥമാകുന്നു എന്നറിയില്ല. എഴുത്തുകാരുടെ ആശയങ്ങളുമായി വായനയിൽ എനിക്കു ലഭിക്കുന്ന ചിന്തകളുമായി ഒരു താദാത്മ്യപ്പെടൽ മാത്രമാണത്. രണ്ടാശയങ്ങൾ സംയോജിപ്പിക്കുമ്പോൾ മറ്റൊരു അർത്ഥ തലങ്ങളിലേക്കുള്ള വഴി തെളിയുന്നു.
സാഹിത്യം പറയുന്നത് ജീവിതം തന്നെയാണ്. കഥയിലൂടേയും കവിതയിലൂടേയും എഴുത്തുകാർ നിർവ്വഹിക്കുന്നതും പല ജീവിതങ്ങളെ മുഹൂർത്തങ്ങളെ സംഭവങ്ങളെ കോർത്തിണക്കി ഭാവനാത്മകമായി ആസ്വാദക വൃന്ദത്തിന് മുമ്പിൽ വിളമ്പുകയാണ്. രുചി ഭേദങ്ങൾ പലതാവാം. എന്നിരുന്നാലും ചിലരുടെ എഴുത്തുകൾ നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും. അത്തരമൊരു കഥാസമാഹാരത്തിലേക്കാണ് ഈ എഴുത്തിൻ്റെ ഗോവണി കയറുന്നത്. എഴുത്തുകാർ ജീവിക്കുന്ന ഇടങ്ങളെയും സംസ്ക്കാരത്തേയും ജീവിത ശൈലികളേയുമെല്ലാം അവിടെ നമുക്കു കാണാം. അങ്ങിനെയൊരു കഥാസമാഹാരമാണ് കഥകളുടെ രാജവീഥിയൊരുക്കിയ രാജേശ്വരി നായരുടെ ചെമ്പരത്തി പ്രസാധനം ചെയ്ത" സെൽഷയുടെ മമ്മ" എന്ന സമാഹാരം.
ഗോവയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈയെഴുത്തിൽ ആംഗ്ലോ ഇന്ത്യൻ സംസ്കാരത്തിൻ്റെ നിറക്കൂട്ടുകൾ പ്രകടമാണ്. എല്ലാ വിഭാഗം ജനങ്ങളും ഗോവയിലുണ്ട്. പല ദേശക്കാർ പല ഭാഷക്കാർ അവരൊക്കെ കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വരുന്നുണ്ട്. ആചാരങ്ങൾ വിശ്വാസങ്ങൾ എന്നു വേണ്ട ജീവിതത്തിൻ്റെ സമസ്ത ചലനങ്ങളും കഥയിലെ പ്രമേയങ്ങളായി വരുന്നു. അത് കൊണ്ട് തന്നെ രാജേശ്വരി നായരുടെ കഥ വായിക്കുന്നതോടൊപ്പം അവരുടെയെല്ലാം ജീവിത ശൈലികളും വായനക്കാരന് അനുഭവവേദ്യമാകുന്നു.പല ദേശ ഭാഷക്കാർക്കൊപ്പം മലയാളി ജീവിതങ്ങളും ഇഴുകിച്ചേർന്നു കിടക്കുന്നു. ഒട്ടും സ്വത്വം ചോരാതെ തന്നെ. ഗോവയുടെ മണവും രുചിയും നിറഞ്ഞ നേർക്കാഴ്ചകളായി ഈ കഥകളെ വായിച്ചെടുക്കാം.
യാത്രക്കൊരുങ്ങുമ്പോൾ വൃത്തിയായി വേഷം ധരിക്കണം എന്ന ബോധം സെൽഷയുടെ മനസ്സിൽ ഊട്ടിയുറപ്പിച്ച അമ്മ .വേഷത്തിൽ മാത്രമല്ല കൃത്യമായ നിലപാടുകളിലും ഉറച്ചു നിൽക്കാൻ പഠിപ്പിച്ച അമ്മയാണ് അവർ. " സെൽഷയുടെ മമ്മ" എന്ന കഥയിലൂടെ ചുരുളഴിയുന്നത് സ്ത്രീയുടെ സ്വത്വവും വ്യക്തിത്വവും ചേർന്നുള്ള ശക്തിവിശേഷംതന്നെയാണ്. നല്ല വസ്ത്രമണിഞ്ഞാൽ ആത്മവിശ്വാസം കൂടുമെന്ന് ആ കഥാപാത്രം പറയുന്നതിലൂടെ എന്തും പെർഫെക്ഷനോടുകൂടി ചെയ്താൽ ഒരു പരിധി വരെ വിജയം വരിക്കാം എന്ന് ധ്വനിയുണ്ട്. വൃത്തിയെന്നത് വ്യക്തിത്വത്തിൻ്റെ അടയാളം കൂടിയാണ്.
ഉറച്ച നിലപാടുകളുള്ള സെൽഷയുടെ മമ്മയിലൂടെ പ്രതിഫലിക്കുന്നത് കഥാകൃത്തിൻ്റെ ചിന്തകൾ കൂടിയാണ്.
സെൽഷയുടെ ചിന്തകളിലൂടെ ഹേമന്തും പപ്പയും സൽമയുമൊക്കെ കടന്നു വരുന്നു. ഒപ്പം അവരുടെ സ്വഭാവങ്ങളും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ കഥാകൃത്ത് വരച്ചിട്ടിരിക്കുന്നു. ഒരു കുടുംബവും അതിലെ ഇഴയടുപ്പങ്ങളും അകൽച്ചകളുമൊക്കെ അനാവരണം ചെയ്യുമ്പോഴും സെൽഷയുടെ മമ്മയുടെ വ്യക്തിത്വം തന്നെയാണ് മറ്റുള്ളവരിൽ നിന്നും ഉയർന്നു നിൽക്കുന്നത്. കഥക്കൊപ്പം പ്രകൃതിയിലേക്കും ചിന്തകളെ മേയാൻ വിടുന്നുണ്ട് കഥാകാരി . അപ്പോഴാണ് കറമ്പിപ്പൂച്ചയും കത്തിനിൽക്കുന്ന വെയിൽ നാളങ്ങളും തല നീട്ടി നിൽക്കുന്ന ചെടിത്തലപ്പുകളുമൊക്കെ നമ്മോട് സംവദിക്കുന്നത്. മമ്മയുടെ ദേഷ്യം യഥാർത്ഥത്തിൽ സ്നേഹ വാൽസല്യങ്ങളുടെ മറ്റൊരു ഭാവമല്ലെയെന്ന് സെൽഷയിലൂടെ ചിന്തിക്കുമ്പോൾ " അമ്മ എന്ന പദത്തിൻ്റെ മാനവികതയാണ് ദർശിക്കുന്നത്. അമ്മമാർ ദേഷ്യപ്പെടുന്നെങ്കിൽ അത് മക്കളോടുള്ള സ്നേഹക്കൂടുതലും കരുതലുമൊക്കെ ഉള്ളതിനാലാണ് എന്ന് പരോക്ഷമായി ധ്വനിക്കുന്നു. അമ്മയോടുള്ള ഒരു മകളുടെ അഭേദ്യമായ ഹൃദയബന്ധത്തിൻ്റെ നനുത്ത സ്പർശനമാണ് കഥാന്ത്യത്തിൽ അനുഭവപ്പെടുന്നത്.
വടക്കെയിന്ത്യയിൽ നടത്തുന്ന ഒരാചാരമാണ് " ഹൽദി കുങ്കും " . ദീർഘ മംഗല്യത്തിന് നടത്തുന്ന ചടങ്ങ്. അതിൽ വലുപ്പചെറുപ്പം നോക്കാതെ എല്ലാ സ്ത്രീകളേയും ക്ഷണിക്കും .ഈ പ്രമേയത്തെ വളരെ തൻമയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു രാജേശ്വരി നായരെന്ന എഴുത്തുകാരി. പ്രവാസ ജീവിതത്തിൽ മറ്റു ദേശക്കാരുടെ ജീവിതത്തെ അറിയാനും പഠിക്കാനുമുള്ള ത്വര ,അഥവാ അന്വേഷിക്കാനുള്ള മനസ്സ് ഈയെഴുത്തുകാരിയിലുണ്ട് എന്നതിനുള്ള നിദർശനമാണ് ഈ കഥ. മക്കളൊക്കെ ചിറകിൻ കീഴിൽ നിന്നും സ്വയം പറന്നു പോയപ്പോൾ അവർക്കും രോഗിയായ ഭർത്താവിനും വേണ്ടി ചില വീടുകളിൽ ജോലി ചെയ്ത് ജീവിക്കുന്ന കുമുദിനി എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥ ക്ക് ജീവൻ വെക്കുന്നത്. പാവപ്പെട്ട ,ദരിദ്രയായ കുമുദിനിയുടെ ജീവിതഭാരങ്ങളും നിസ്സഹായതയും അധ്വാനവുമെല്ലാം ഇതിൽ ചുരുളഴിയുന്നു. നിസ്സഹായതയിൽ നിന്നും അതിജീവനത്തിൻ്റെ പാത എത്തിപ്പിടിക്കാൻ വെമ്പുന്ന സ്ത്രീയുടെ ദൈന്യത നിഴലിക്കുന്നുണ്ടിവിടെ. പണക്കാരിയായ പൂനം അസൂൽക്കർ എന്ന പൂനം തായിയുടെ വീട്ടിലാണ് ഹൽദി കുങ്കും ചടങ്ങ്. അവിടെയെത്തിയ കുമുദിനിയാകട്ടെ തൻ്റെ നിസ്വതകൊണ്ട് കൂട്ടുകാരുടെ പിറകിലേക്കൊതുങ്ങുന്നു. ചടങ്ങിന് ശേഷം പണക്കാരുടെ വീട്ടിൽ നിന്നും വന്നവർക്ക് സ്റ്റീൽ പാത്രങ്ങളും ഭക്ഷണവും കൊടുക്കും. ഇല്ലായ്മയിലേക്ക് അതൊരു സഹായമാണല്ലൊ. കുട്ടിക്കാലത്ത് അമ്മക്കൊപ്പം ഹൽദി കുങ്കും ത്തിന് പോയിരുന്ന കഥകളും കുമുദിനിയുടെ ഓർമ്മയിലൂടെ തിടം വെക്കുന്നു. പണക്കാരും പാവപ്പെട്ടവരും ഒരുപോലെ പങ്കെടുക്കുന്ന ഈ ചടങ്ങിലൂടെ സമൂഹത്തിൻ്റെ ഒരു ചിത്രം തന്നെ നൽകാൻ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. ജീവിതം എന്നത് ഒരു സമസ്യയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഒരു ഞാണിൻമേൽക്കളി . അവിടെ വിജയം ഉള്ളവർക്ക് തന്നെ. ഇല്ലായ്മകൾ നിരാശയുടെ അഗാധഗർത്തത്തിലും . പല ആചാരങ്ങളിലും അടങ്ങിയിട്ടുള്ള തത്വം എത്രത്തോളം വിശ്വാസ്യമാവാം എന്നൊരു സംശയം കഥാന്ത്യത്തിൽ നിഴലിക്കുന്നുണ്ട്. ദീർഘസുമംഗലിയാകുവാനുള്ള ഹൽദി കുങ്കം ത്തിൻ്റെ അവസാനം ആ വീട്ടിൽ നിന്നും ഉയരുന്ന നിലവിളിയിലൂടെയാണ് ഈ ചോദ്യം നമുക്ക് മുന്നിലെത്തുന്നത്. ചടങ്ങ് നടത്തിയ ദീദിയുടെ ഭർത്താവ് മരിച്ചു കിടക്കുന്നു. മൃതശരീരത്തിന് മുകളിൽ കസവു സാരിയണിഞ്ഞ് തല നിറയെ പൂ ചൂടിയ ദീദി വീണു കിടന്നു കരയുന്ന കാഴ്ചയിൽ കഥയവസാനിക്കുന്നു. പല ആചാരങ്ങളും കേവലതക്കപ്പുറം കാമ്പില്ലാത്തവയാണെന്ന ചിന്തയിലേക്ക് കൊണ്ടുവരാൻ ഈ കഥയിലൂടെ കഥാകാരിക്ക് കഴിയുന്നുണ്ട്. പല ആചാരങ്ങളും ചില താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കും. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്ന വർത്തമാനകാല മുറവിളിക്ക് നേരെ കുറിക്ക് കൊള്ളുന്ന ഒരസ്ത്രമാണ് ഈ പ്രമേയം.
ചില പുറം കാഴ്ചകൾ എന്ന കഥയിലൂടെ ഗോവയിലെ ഭൂമി ശാസ്ത്രമുണരുന്നു. ഒപ്പം പാർശ്വവൽക്കരിക്കപ്പെട്ട ജീവിത ദുരന്തങ്ങളും. ജീവിക്കുന്നതിനായുള്ള യാത്രകൾ .അവരുടെ നടന്നു തേഞ്ഞ കാലുകളിലുണ്ട് നടന്നു നീങ്ങിയ നാഴികകളുടെ ദൂരം. നമ്മൾ നിത്യേനയെന്നോണം തെരുവുകളിലും ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും കാണുന്ന നിസ്സഹായ ജീവിതങ്ങളുടെ വീർപ്പുമുട്ടലുകൾ കഥാകാരിയുടേയും വേദനയാകുന്നു. ആ വേദന ഒട്ടും ചോർന്നു പോകാതെയാണ് ഈ കഥ വായനക്കാരനുമായി സംവദിക്കുന്നത്. അരക്ഷിതത്വത്തിൻ്റേയും അനശ്ചിതത്വത്തിൻ്റേയും രാപ്പകലുകൾ താണ്ടി ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്ന യാത്രികരുടെ വേദനാനിർഭരമായ വാങ്ങ്മമയച്ചിത്രമാണ് " ചില പുറം ക്കാഴ്ചകൾ " എന്ന കഥ.
പതിനഞ്ച് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോന്നും പറയുന്നത് ജീവിതത്തിൻ്റെ വ്യത്യസ്ത മുഖങ്ങളുടെ ബഹുസ്വരതയെയാണ്. ഏകതാനമായ ഒരവസ്ഥയല്ല. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കഷ്ടപ്പാടിൻ്റെ യാത്രയെ തീർത്ഥയാത്രകളാക്കി മാറ്റി അതിനെ സുഖമുള്ള നീറ്റലാക്കി നെഞ്ചോടടക്കിപ്പിടിച്ചിരിക്കയാണ് ഈ എഴുത്തുകാരി. യഥാർത്ഥ തീർത്ഥയാത്ര യാതൊരു വിധ ഭൗതികസമ്പാദ്യങ്ങളുമില്ലാതെ ഇറങ്ങിത്തിരിക്കുന്നതാണ്. പൊള്ളിയടർന്ന ജീവിതങ്ങൾ അവർക്ക് മുമ്പിൽ പലപ്പോഴും മുടിയഴിച്ചാടുന്നു.
ഗോവയിലെ ഈസ്റ്റർ നോയ്മ്പിൻ്റെ കാർണിവലും ഈസ്റ്ററും ക്രിസ്മസ്സും ദീപാവലിയും എല്ലാം ശ്രുതി താളമേളങ്ങളോടെ കഥയൊരുക്കുന്നു. ഗോവ ഭരിച്ചിരുന്ന മോമോ രാജാവ് തുടങ്ങിവെച്ചതാണ് കാർണിവൽ . പുരാതനങ്ങളായ പള്ളികളും ചരിത്ര സ്മാരകങ്ങളും കടലോരങ്ങളും ഗോവയിലെ പ്രസിദ്ധമായ ഫെനിയുടെ ലഹരിയുമെല്ലാം കഥകളെ ചൂഴ്ന്ന് നിൽക്കുന്നു. ഗോവ കാണാത്തവർക്ക് പോലും വാസ്കോയും പൻജിം പാട്ടോയും പബ്ളിക് ലൈബ്രററിയുമെല്ലാം പരിചിതയിടങ്ങളാകുന്നു. മറുനാട്ടിലെ സംഘാടനവും സാമൂഹ്യപ്രതിബദ്ധതയും പരിപാടികൾക്ക് പിരിവുകൾ നടത്തേണ്ടി വരുമ്പോൾ അനുഭവിക്കുന്ന സംഘർഷവും അവഗണനയും പരിഹാസ്യവുമെല്ലാം പ്രതിപാദ്യങ്ങളായി വാർന്നു വീഴുന്നു. ഗോവൻ ജനജീവിതത്തിലെ സങ്കടക്കൂനയിൽ തട്ടി തടഞ്ഞ വാക്കുകളേയും തുളുമ്പിയ കണ്ണുകളേയും മറക്കാതെ കൂടെ കൂട്ടാൻ ഈ കഥാകൃത്തിന് കഴിയുന്നു. മനുഷ്യത്വത്തിൻ്റെ പൊൻ നൂലുകളാണത്.
എഴുത്തുകാരിയുടെ വാക്കുകളിൽ തന്നെ പറയുമ്പോൾ, അവസാന ശ്വാസത്തിനായി ചിറകു കുടയുന്ന പക്ഷിക്കുഞ്ഞായി, ജീവൻ്റെ പിടയലും ചൂടും കരളു പൊള്ളിച്ചപ്പോൾ അറിയാതെ പൊട്ടിയൊലിച്ച കണ്ണുകളേയും സൂക്ഷ്മമായി അവതരിപ്പിച്ചിരിക്കുന്നതിലെ നിഷ്ക്കർഷത എടുത്തു പറയേണ്ടതാണ്. ജീവിതത്തിൻ്റെ അർത്ഥശൂന്യതയും ആകസ്മികതയും നശ്വരതയും ബോധ്യപ്പെടുത്തുന്ന കഥകൾ. മഞ്ഞും വെയിലും മഴയും കൊണ്ട് ഗോവയുടെ കടൽക്കാറേററ്റ് മീൻമണം പരത്തുന്ന ജീവിതങ്ങളും ഇവിടെ കാണാം. അതോടൊപ്പം ആധുനിക ജീവിത പരിഷ്ക്കാരികളും, വിദേശികളും, സങ്കരഭാഷക്കാരും, റെസ്റ്റോറൻ്റുകളും ,മണൽപ്പരപ്പിൻ്റെ മൃദുലതയിലേക്ക് നൂണിറങ്ങുന്ന ഞണ്ടുകളും , ബീറും ,ഫ്യുജിയും ഫെനിയുമെല്ലാം ഇടകലർന്നൊഴുകുന്ന ജീവിത പരിസരങ്ങളേയും യഥാതഥമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഇടയിലെപ്പോഴൊ കടലിളകി വന്ന് തോടിനേയും കക്കകളേയും ആൺ പെൺകൂട്ടങ്ങളേയും ചേർത്തു പിടിക്കുന്ന തീരങ്ങളേയും കാണാം.
പിതൃബലിതർപ്പണം നടത്തുന്ന വടക്കൻ ഗോവയിലെ അർവാലേം വെള്ളച്ചാട്ടത്തിന്നരികെയുള്ള രുദ്രേശ്വർ ക്ഷേത്രത്തിലേക്കുള്ള യാത്ര വായനയിൽ ദൃശ്യവൽക്കരിക്കപ്പെടുന്നു. യഥാർത്ഥ യാത്രയുടെ പ്രതീതി ജനിപ്പിക്കാൻ പര്യാപ്തമായ എഴുത്ത്. ഖനി പ്രദേശമായതിനാൽ മഴ വിട്ടൊഴിയുന്ന മാസങ്ങളിൽ പൊടിയണിഞ്ഞ വീടുകളും, ചെടികളും, മരങ്ങളും ,വാഹനങ്ങളും, വഴിയിടങ്ങളും, വെള്ളം തൂവുന്ന ടാങ്കറുകളുമെല്ലാം സ്വാഭാവികമായി അനുഭവപ്പെടുന്നു. ഇരുമ്പയിരിൻ്റെ ഖനികളുള്ള ഇത്തരം പ്രദേശങ്ങളിൽ പൊടി തിന്നാൻ വിധിക്കപ്പെട്ട ഗ്രാമവാസികളുടെ ജീവിതദുരിതങ്ങളിലേക്കും അക്ഷരങ്ങളുടെ ശക്തി നീളുന്നു. നിശ്ശബ്ദമാക്കപ്പെടുന്ന നിലവിളികളുടെ ചിത്രങ്ങൾ! ശാന്തി തേടി നടത്തുന്ന ക്ഷേത്ര ദർശനങ്ങൾ പലപ്പോഴും അസ്വസ്ഥത നിറഞ്ഞ അനുഭവങ്ങൾ തരുന്നയിടം കൂടിയായിരിക്കാം. ആ അനുഭവങ്ങളിലൂടെ വിമലീകരിക്കപ്പെടുമ്പോഴായിരിക്കാം യഥാർത്ഥ ശാന്തി ലഭിക്കുന്നത്. ശാന്തിയും അശാന്തിയുമെല്ലാം മനുഷ്യമനസ്സിൻ്റെ അവസ്ഥാ ഭേദങ്ങളല്ലേ!
പ്രവാസിയായ ഈ എഴുത്തുകാരിയുടെ തൂലികയിലൂടെ എത്രയെത്ര വൈവിധ്യമാർന്ന ജീവിതങ്ങളും പ്രമേയങ്ങളുമാണ് വാക്കുകളുടെ ശക്തിയായി നീരാവിയായും മേഘങ്ങളായും മഴയായും പെയ്തൊഴുകുന്നത്! ഒരു നോവലിനു വേണ്ട വിഷയം വ്യത്യസ്ത കഥകളുടെ ചിറകുകൾ വിടർത്തി വീശിപ്പറക്കുന്നുണ്ടിവിടെ. ഗോവയിലെ ജനജീവിതത്തിൻ്റെ എല്ലാ ചലനങ്ങളേയും സമാശ്ളേഷിച്ചു നിൽക്കുന്നു. രൂപപരമായ ഹ്രസ്വതയും ശില്പ ദാർഢ്യവും സൂക്ഷ്മതയും ചടുലതയും ധ്വന്യാത്മകതയും ചരിത്ര വസ്തുതകളും സ്വാഭാവിക ജീവിതങ്ങളും ഫാൻ്റസി യുമെല്ലാം ഈ കഥകളിൽ മാറി മാറി തിരനോട്ടം നടത്തുന്നു. ഗോവയിലെ മനുഷ്യരുടെ വ്യക്തിപരവും, സാമൂഹികവും, രാഷ്ട്രീയവുമായ ജീവിതത്തിൻ്റെ ഭിന്നതലങ്ങളിലേക്ക് ഈ സമാഹാരത്തിലെ കഥകൾ സഞ്ചരിക്കുന്നത് കാണാം. മനുഷ്യ ദു:ഖങ്ങളുടെ നീർച്ചാലുകളും അതിൽ ശുദ്ധീകരിച്ച നൈതികതയും രാജേശ്വരി നായരുടെ കഥകളുടെ മുഖമുദ്രയാകുന്നു. കൂടുതൽ കൂടുതൽ പOന വിധേയമാക്കുമ്പോൾ ചെറുകഥാ സാഹിത്യത്തിന് വ്യത്യസ്തമാനങ്ങൾ നൽകാൻ കെൽപ്പുള്ളവയാണ് ഇതിലെ കഥകളെന്ന് അടിവരയിട്ട് പറഞ്ഞു കൊണ്ട് ഈ ആസ്വാദനത്തിന് വിരാമം കുറിക്കുന്നു. ...!
No comments:
Post a Comment