ഭൂപടങ്ങൾ ...... ഇന്ദിരാ ബാലൻ
വെളിച്ചം കണ്ണുപൊത്തുമ്പോൾ
മാത്രമല്ല ഇപ്പോൾ
ഭൂപടങ്ങളിൽ
ചോരത്തുള്ളികൾ പതിയുന്നത്
പകലിൻ്റെ മൂർധന്യത്തിലും
വന്യത കൂടുകൂട്ടുമ്പോൾ
ഭൂപടങ്ങളിൽ ചോര പടരാം
ശൂന്യതയിലേക്ക്
മുക്കിത്താഴ്ത്തുന്ന
അവളുടെ നിലവിളികൾ.....
ആ മനസ്സിലെ
മയിൽപ്പീലിത്തുണ്ടുകളെ
നൂറായി
അറുത്തെടുക്കുന്ന
നികൃഷ്ടജന്മങ്ങൾ
പതിരു പോലെ
പാറിക്കളിക്കുന്ന
നിയമങ്ങൾ
കൊടുമുടി കയറുന്ന
ഉച്ഛനീചത്വങ്ങളും
വർണ്ണ വെറികളും
എത്രയൊക്കെ
കുതിച്ചുയർന്നിട്ടും
പെണ്ണിപ്പോഴും
ഇരയാക്കപ്പെടുന്നു
നാളേക്ക്
ഞൊറിഞ്ഞു വെച്ച
അവളുടെ
ആകാശങ്ങൾ
അലുക്കുകളുള്ള
കനവുകൾ
തല്ലിക്കൊഴിച്ച്
കനലു വിതറി
കരിച്ചു കളയാൻ
തിടുക്കം കൂട്ടുന്ന നരാധമർ
അവസാന വാക്കിൻ്റെ
നാവ് പോലും
അറുത്തെടുക്കുന്ന
ക്രൂരതക്കേതു ഭാഷ്യം?
ചൂഴ്ന്നെടുക്കുന്ന കണ്ണുകളും
മുറിച്ചുമാറ്റുന്ന നാവുകളും
ചോദ്യങ്ങളാൽ
വിടാതെ പിൻതുടരുമെന്നോർക്കുക
എണ്ണിയെണ്ണി ഉത്തരം നല്കേണ്ടി വരും
ചോര വാർന്ന് കിടക്കുന്ന
ഭൂപടങ്ങളതിന് സാക്ഷിയാണ്
എത്ര അഗ്നി സ്നാനം നടത്തിയാലും
മായാതെ കിടക്കുമവ!
No comments:
Post a Comment