മുകിലുകൾ .... ഇന്ദിരാ ബാലൻ
മഞ്ഞു വീഴുന്ന പ്രഭാതങ്ങളിൽ
പ്രണയത്തിൻ്റെ
വെള്ളമന്ദാരങ്ങളിൽ
ഗസലിൻ്റെ സംഗീതമൊഴിച്ച്
മറ്റൊരു ലോകത്തേക്ക്
തിടുക്കത്തിൽ കയറുമ്പോളറിയുന്നു
നിരാകരിക്കലിലാണ്
കോരി നിറയ്ക്കുന്നതെന്ന്
നിരാകരണത്തിൽ
നിറഞ്ഞു തുളുമ്പുന്നത്
ആകാശനീലിമയുടെ
നക്ഷത്രത്തിളക്കങ്ങൾ
നിറയലുകൾ വിരാമങ്ങൾക്കാണെന്നും....
ജീവിതത്തിൻ്റെ മിന്നലുകളിൽ
നിന്നും കുതികൊള്ളുന്ന
മഴത്താളങ്ങളിലുണ്ട്
ശ്രുതിയും ശ്രുതി ഭംഗങ്ങളും
ഒരിക്കലും കൈവരാതെ
ലക്ഷ്മണ രേഖയിൽ
നിൽക്കുമ്പോഴാവാം
പ്രണയം പൂത്തുലഞ്ഞു നിൽക്കുന്നത്
അതിർവരമ്പുകളെ മറികടന്ന്
പൂത്തുലയാൻ വെമ്പുന്നത്
അരികിലണയുമ്പോൾ
നിശ്വാസങ്ങളിൽ തണുപ്പേറിയിട്ടുണ്ടാകാം
ആ വെള്ളമന്ദാരങ്ങളിൽ തുള വീഴാം
മഞ്ഞു തുള്ളികൾ വറ്റിയിട്ടുണ്ടാകാം
നിലാവ് പെരുമഴയിൽ മുങ്ങി താണിട്ടുണ്ടാകാം
അകലത്തിലേ
അടുപ്പത്തെ നിർവ്വചിക്കാനാവു
നിർവ്വചനങ്ങൾക്കതീതമായ
പ്രണയത്തേയും
മധ്യവയസ്സിൻ്റെ ഋജുരേഖയിൽ
വാർന്നു വീഴുന്ന വെള്ളിമുകിലുകളായി
ദിശയറിയാതെ അവ സഞ്ചരിക്കും!
No comments:
Post a Comment