Friday, June 4, 2021

 പിൻഗാമിയുടെ വായനാതലങ്ങൾ - ഇന്ദിരാ ബാലൻ... 20/7/2020

വായനക്കും കരടുകളില്ലാത്ത ഒഴുക്ക് ആവശ്യമാണ്. സുതാര്യമായി ഒഴുകുന്ന പുഴ പോലെ. അതിൽ പുഴയുടെ അടിത്തട്ടിലെ വെള്ളിമണൽത്തരികളേയും വെള്ളാരങ്കല്ലുകളേയും ജലോപരിതലത്തിൽ നീന്തിക്കളിക്കുന്ന പരൽമീനുകളേയും മറയില്ലാതെ ഒരു ക്രിസ്റ്റൽ കാഴ്ച പോലെ തെളിഞ്ഞു കാണാം. ദുർഗ്രാഹ്യതയില്ലാത്ത എഴുത്തിലൂടെ ലളിതവൽകൃതമായ ഭാഷയിലൂടെ ജീവിതമുഹൂർത്തങ്ങളെ അനായാസമായി അവതരിപ്പിക്കുന്ന കഥാസമാഹാരമാണ് എഴുത്തുകാരനും വിവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ സുധാകരൻ രാമന്തളിയുടെ "പിൻഗാമികൾ " എന്ന കൃതി. കണ്ണൂർ കൈരളി ബുക്സാണ് പ്രസാധകർ. വായനക്ക് ഭംഗം വരാതെ ഒറ്റയിരുപ്പിന് വായിച്ചു പോകാവുന്ന മുഹൂർത്തങ്ങൾ, സംഭവങ്ങൾ . അതിലെ കഥാപാത്രങ്ങളെല്ലാം നമുക്ക് ചുറ്റുമുള്ളവരെപ്പോലെ ചിരപരിചിതർ.
മനുഷ്യജീവിതത്തിൻ്റെ അപ്രതിരോധമായ സ്വാഭാവിക അവസ്ഥകളുടെ വേലിയേറ്റവും വേലിയിറക്കവും മാറി മാറി വരുന്നു ഓരോ കഥാസന്ദർഭങ്ങളിലും. പ്രമേയത്തിലും പ്രതിപാദനത്തിലും തികച്ചും മൗലികത പുലർത്തുന്നു കഥാകൃത്ത്. ആർജ്ജവവും പ്രസരിപ്പുമുള്ള രചനാ സങ്കേതങ്ങളിലൂടെ ഓരോ കഥയുടേയും ചുരുൾ നിവരുന്നു. സാമൂഹികമായ ദുഷ്പ്രവണതകളെ ശക്തമായി വിമർശിക്കുന്നതോടൊപ്പം ജീവിതത്തിൽ നിന്നും പറിച്ചെറിയാനാവാത്ത കാൽപ്പനികതയും സമകാല ജീവിതത്തിൻ്റെ ഉർവ്വരതയും, നിരർത്ഥകതയും, വന്ധ്യതയും ,ഹിപ്പോക്രസിയുമെല്ലാം പലപ്പോഴും ജീവിതത്തിൻ്റെ ഏടുകളിൽ കടന്നു വരുന്നുണ്ട്. യാഥാസ്ഥിതിക സമൂഹം കെട്ടിയുയർത്തുന്ന വികല ബോധങ്ങളെ അടിവേരോടെ പെഴുതെറിയാനും സുധാകരൻ രാമന്തളിയുടെ കഥാപാത്രങ്ങൾക്കാവുന്നു. ഒട്ടും സംഘർഷഭരിതരാവാതെ തികഞ്ഞ പക്വതയോടെ മുഹൂർത്തങ്ങളെ നേരിടുന്നവർ. മനുഷ്യസന്ത്രാസങ്ങളുടെ വൈകാരികതലങ്ങളേയും അതിവൈകാരികതയേശാതെ അവതരിപ്പിക്കാനാകുകയെന്നത് എഴുത്തുകാരൻ്റെ വിജയമാണ്. ജീവിതത്തിൻ്റെ പാമ്പും കോണിയും കളിയിൽ സ്വാർത്ഥത വിജയിക്കുകയും ആദർശാത്മകതയിലെല്ലാം അടിയറവ് വെച്ച് വീടിൻ്റെ പടിയിറങ്ങുന്ന വേലായുധേട്ടനെന്ന കഥാപാത്രവുമൊക്കെ മനസ്സിൽ നോവു് സൃഷ്ടിക്കുന്നു.
ഗ്രന്ഥങ്ങളുടെ അനന്തമായ ലോകത്തിൽ ഏകനും അസ്വസ്ഥനുമായി അലയുന്ന കഥാപാത്രത്തിൻ്റെ കഥയാണ് ഈ സമാഹാരത്തിലെ ആദ്യ കഥയായ "അഭയം " എന്നത് . ഒരു സാധാരണ ഗുമസ്തൻ്റെ ജീവിതം. വീട്ടു ചെലവുകൾക്ക് പോലും തികയാത്ത ശമ്പളത്തിൽ നിന്നും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വാങ്ങുന്നയാൾ .വായനയുടെ അനന്തമായ തലങ്ങളിലേക്കാണ് ഈ കഥ വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. ലൂക്കാച്ചിൻ്റെ ദി ഹിസ്റ്റോറിക് നോവൽ, മൂലധനം, യുദ്ധവും സമാധാനവും ,തുടങ്ങി നിരവധി ആഴമുള്ള വായനകൾ എഴുത്തുകാരൻ്റെ ആത്മ സ്പർശം കൂടിയാകുന്നു. അരക്ഷിതത്വബോധം കൊടുമ്പിരിക്കൊള്ളുമ്പോൾ തന്നെ സാന്ത്വനിപ്പിക്കാൻ തൻ്റെ പുസ്തകങ്ങൾക്ക്, അതിലെ കഥാപാത്രങ്ങൾക്കാവുന്നു എന്നടിവരയിട്ട് പറയുന്നുണ്ട് ഇതിലെ കഥാപാത്രം. ജീവിതത്തിൻ്റെ മനോഹാരിതയും അർത്ഥശൂന്യമായ ഭ്രമങ്ങളുടെ ദാരുണമായ അന്ത്യവും ,കാരുണ്യവുമെല്ലാം വായനകളിലൂടെ കഥാപാത്രത്തിന് അനുഭവവേദ്യങ്ങളാകുന്നു. സന്ദർഭങ്ങൾക്കനുസരിച്ച് മനുഷ്യർ പലപ്പോഴും ദ്വന്ദ്വജീവിതങ്ങൾ നയിക്കുന്നവരാകാം. ബാഹ്യവും ആന്തരികവുമായ രണ്ടു തലങ്ങളിലൂടെ. ബാഹ്യ ജീവിതത്തിൽ ഇഷ് ടമില്ലെങ്കിൽക്കൂടി ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടി വരും. സർവത്ര ബഹളവും അരക്ഷിതാവസ്ഥയും അവിടെ ഉണ്ടാവാം .എന്നാലും ഉറ്റവർക്കും സമൂഹത്തിനും വേണ്ടി ജീവിതത്തെത്തന്നെ അഴിച്ചുപണിയേണ്ടി വരാം. ആന്തരിക ജീവിതത്തിലാകട്ടെ നിതാന്തവും പൂർണ്ണതയെ ലക്ഷ്യമാക്കുന്നതുമായ അനുഭവങ്ങളുടെ സാന്ദ്ര വൈവിധ്യങ്ങളായിരിക്കുമെന്ന് ഈ കഥാപാത്രത്തിലൂടെ എഴുത്തുകാരൻ പറയിപ്പിക്കുന്നുണ്ട്. ആത്മാവിൻ്റെ സ്വസ്ഥത പരമപ്രധാനമാണ്. ആഴവും പരപ്പുമാർന്ന വായനകൾ തുറന്ന ആകാശങ്ങളെ സമ്മാനിക്കുന്നു. ജീവിതത്തിൻ്റെ ഉച്ഛനീചത്വങ്ങളേയും സങ്കുചിതത്വങ്ങളേയും വലിച്ചുക്കീറിക്കളഞ്ഞ് പകരം മാനവികതയുടെ വിശാലമായ വീക്ഷണങ്ങളെ സമ്മാനിക്കുന്നു. ആത്മീയമായി നില നിൽക്കുന്നത് അറിവ് മാത്രമാണ്. അതാണ് അക്ഷരങ്ങളിലൂടെ ലഭിക്കുന്നതും.
ജോലി തേടി അന്യനാട്ടിലെത്തിയ ബാച്ച്ലർ ജീവിതത്തിൻ്റെ പൊരുത്തവും പൊരുത്തക്കേടുകളും നിറഞ്ഞതാണ് "പൊരുത്തക്കേടുകൾ " എന്ന കഥ. വ്യത്യസ്ത സ്വഭാവവും ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളവർ ഒരുമിച്ച് താമസിക്കേണ്ടി വരുമ്പോളനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും ശാന്തിതീരങ്ങളും ഇവിടെ തിര നീക്കി വരുന്നു. മാധവൻകുട്ടിയിലൂടെ ഈ കഥ രൂപപ്പെടുന്നു. ജീവിതത്തിന് വേണ്ടി എന്തിനും തയ്യാറാവുന്ന സമൂഹത്തിൻ്റെ വ്യത്യസ്ത അടരുകളെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട് ഈ കഥയിൽ .
പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തിൽ . ജീവിതം വിവർത്തനാത്മകമാണ്. ഇതിലെ കഥാപാത്രങ്ങളിലൂടെ ജീവിതത്തിൻ്റെ മേച്ചിൽപ്പുറങ്ങളിലെ കുന്നുകളും താഴ്‌വാരങ്ങളും അഗാധഗർത്തങ്ങളുമെല്ലാം അരങ്ങിലെത്തുന്നു. അതിശയോക്തിയോ അതിഭാവുകത്വമോ ഒട്ടുമില്ലാതെ. ഓരോ മനുഷ്യൻ്റേയും ഉള്ളിലുള്ള വ്യക്തിത്വവും ജീവിതഭാരങ്ങളും അഭിനിവേശങ്ങളും ആശയക്കുഴപ്പങ്ങളും കഠിന പ്രയത്നങ്ങളും സാമൂഹികപ്രശ്നങ്ങളും പല തിണ്ണമിടുക്കുകളേയും നിവൃത്തികേടിനാൽ സമ്മതിച്ചു കൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളും, ചേരി രാഷ്ട്രീയങ്ങളും ,നിലനിൽപ്പിന് വേണ്ടി വേശ്യാവൃത്തി സ്വീകരിക്കേണ്ടി വരുന്ന സ്ത്രീയുടെ നിർബ്ബന്ധ വ്യവസ്ഥിതിയും അതിനെ ചെറുക്കുന്നവർ കാരാഗൃഹത്തിലെത്തിപ്പെടുന്നതും ,പാമ്പിനേക്കാൾ വിഷമുള്ള സംശയ രോഗികളും അവർ ഹോമിക്കുന്ന അന്യ ജീവിതങ്ങളും എന്നു വേണ്ട സകല നിമിഷങ്ങളേയും നിരീക്ഷണ പടുത്വത്തോടെ അനാവരണം ചെയ്യാൻ എഴുത്തുകാരൻ ശ്രമിക്കുന്നുണ്ട്. കഥ കേവലം നേരമ്പോക്കല്ല അത് വായനക്കാരൻ്റെ അഥവാ സമൂഹത്തിൻ്റെ ജീവിതത്തെക്കൂടി വിമലീകരിക്കേണ്ടതാണെന്ന സന്ദേശം ഓരോ കഥകളുടേയും അടിയൊഴുക്കാവുന്നു. " അമ്പതാം വർഷത്തിൽ " എന്ന കഥയോടെ ഈ സമാഹാരത്തിന് വിരാമം കുറിച്ചിരിക്കുന്നു. ഇത് ജീവിതം തന്നെയാണ്. നിത്യേനയെന്നോണം അരങ്ങേറുന്ന സംഭവങ്ങൾ . വർത്തമാനകാല ദശാസന്ധിയിലെ സാമൂഹിക-രാഷ്ട്രീയ സമസ്യകൾ . രോഗഗ്രസ്തമായ സമൂഹവും വിഷാണുക്കൾ കുടിയേറിപ്പാർക്കുന്ന മനസ്സുകളും സ്നേഹത്തിൻ്റേയും കർത്തവ്യത്തിൻ്റേയും ധവളാന്തരീക്ഷങ്ങളുമെല്ലാം നാടകീയചാരുതയോടെ നമ്മോട് സംവദിക്കുന്നു. ജീവിതമെന്ന യാഥാർത്ഥ്യത്തിൻ്റെ മാധുര്യവും പാരുഷ്യവും നാണയത്തിൻ്റെ രണ്ടു വശങ്ങളെപ്പോലെ ഓരോ കഥയിലൂടെയും അനാവൃതമാകുന്നു. ആദർശം കൊണ്ട് സ്വജീവിതം ഹോമിക്കേണ്ടി വരുന്ന വേലായുധേട്ടനെപ്പോലുള്ള നിരവധി നല്ല മനുഷ്യരുടെ ജീവിതത്തിന് നേരേ തുറന്നു പിടിച്ച കണ്ണാടിയാണ് സുധാകരൻ രാമന്തളിയുടെ ഈ കഥാപ്രപഞ്ചം. എഴുത്തിൻ്റെ അനായാസത ഹൃദ്യമാകുന്നു. നിരവധി നോവലുകളും ചെറുകഥകളും കന്നഡ വിവർത്തന കൃതികളും സമ്മാനിച്ച ഈയെഴുത്തകാരൻ്റെ തൂലികക്കത് നിഷ്പ്രയാസവും.
ഈ ലോക് ഡൗൺ കാലത്താണ് പിൻഗാമികൾ എന്നിലേക്കെത്തിയത്. ഏത് സംഘർഷങ്ങൾക്കിടക്കും വായിച്ചു പോകാവുന്ന ജീവിത പുസ്തകം. " പിൻഗാമികൾ " പിൻപേ ഗമിക്കുകയല്ല നമുക്കൊപ്പം തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.....!

No comments: