തീവിഴുങ്ങിപ്പക്ഷി... ഇന്ദിരാ ബാലൻ
തീതിന്നു തീതിന്നു
നെഞ്ചകം പൊള്ളിയോൾ
ഏതു കടലിലേക്കൊഴുക്കുമീ
തോരാ ചുടുകണ്ണീർ
വഴിയാത്രികരെ പോലെ വന്നു
തങ്ങി പടിയിറങ്ങിപ്പോയോർ
നെഞ്ചിലെ വാത്സല്യമിറ്റിച്ചു
പിച്ച വെച്ചു കൊഞ്ചിച്ചു
വളർത്തിയോർ.....
മഞ്ഞിൻ കുടയണിഞ്ഞ
ധനുമാസമോ പകർന്നാടി
തപിക്കും ഗ്രീഷ്മമായ്
കടലിരമ്പിൻ
ഗംഭീരനാദങ്ങളായ്
അലയടിപ്പൂ ജീവതാളവും
ആടി മേഘങ്ങൾ മാത്രം
കച്ചയഴിക്കാതെയാടി
കലിബാധിതയായി
പൊലിഞ്ഞു മനസ്സിലെ
നക്ഷത്രങ്ങളും...
മുൾക്കുരിശേറ്റി താണ്ടിയേറെ
മലകൾ കുന്നുകൾ
മുറിഞ്ഞു താരാട്ടിൻ
വിലോല തന്ത്രികളും
പെറ്റമ്മയിവൾ
ഈറ്റുനോവിൻ
കടച്ചിലിൽ
വെന്തുനീറുന്നോൾ
നോവിൻ കനമറിഞ്ഞു
കനിവാർന്നു പൊറുത്തവൾ
വ്യഥിതശ്രുതികളായിരമ്പി
വിചാരങ്ങൾ,
കാനൽ മാത്രമായി
കടുത്തു ജീവിതപാതയും
ആതിര നിലാവുകൾ
നക്കിക്കുടിച്ചു കൊടും -
വെയിലിൻ തീനാവുകൾ
ദു:ഖഭരിതപൂർണ്ണമീ
ധനുമാസച്ചിന്തകളും
ജീവൻ്റെ ചിറകുകളടർത്തി
പടിയിറങ്ങിയോർ തീർത്തു
വിഷാദക്കളങ്ങൾ മാത്രം
പ്രചണ്ഡതാളത്തിൻ
മുടിയേററാടി
തീവിഴുങ്ങിപ്പക്ഷിയായി
മഹാമൗനത്തിൻ
നിലവറയിലൊറ്റയായ്
പ്രളയഭേരിയിലൊഴുകാതെ
യെത്ര കാത്തു ഉരുകിത്തീരുമീ
നെഞ്ചിലെ ദീപനാളത്തെ
എന്നിട്ടുമാഞ്ഞു വീശി
കൊടുങ്കാറ്റിൻ കരങ്ങൾ
ഏതു മഹാപാപത്തിൻ
വിത്തെറിഞ്ഞുയിവൾ തൻ
ശിരസ്സിലേക്കായ്
ഊതിക്കെടുത്താതെ
ജീവിതമെ
ശേഷിച്ചൊരീ ചെറുവെട്ട -
ത്തേക്കിനിയെങ്കിലും
പകരുക മൃതസഞ്ജീവനി തൻ
കനിവിന്നുറവകൾ....!
No comments:
Post a Comment