ആർദ്രം .....ഇന്ദിരാ ബാലൻ
എത്രയാർദ്രമായിരുന്നു തിരുവാതിരകൾ
ഉണർന്നിരുന്നു നോറ്റ താംബൂല രാവുകൾ
ഉഴിഞ്ഞാലാടിയ ശിവരഞ്ജിനികൾ
ആതിരപ്പാട്ടിൽ തുടിച്ചു കളിച്ച പുലരികൾ
ഇലത്തുമ്പിലിറ്റു നിൽക്കും ജലകണങ്ങളായ്
മുത്തുകൾ പോലെ തത്തിക്കളിച്ച നിനവുകൾ
ഞെട്ടറ്റു വീണു കാലപ്രയാണങ്ങൾ
കരളിലൊരു തീമലനിന്നു കത്തുന്നു
പെയ്തൊഴിയാത്ത മഴമേഘം കണക്കെ
വന്ധ്യയായി നിൽപ്പൂ ഹൃദയാകാശവും
തളിരില നാമ്പിട്ടുണർന്നെണീട്ട ചെടിയിലെ
പൂക്കളെയകറ്റി മുള്ളുകൾ പാകി
ആതിര കുളിർനിലാവെന്തേയിങ്ങനെ
ഋതു മാറി തീക്കാറ്റുകൾ വീശിയതും?
ഇറക്കിവെക്കണമീ നെഞ്ചിലെ കനം
തീർത്ഥസ്നാനം ചെയ്തുണരേണം
തളിർത്തു പൂക്കുമിനിയും പുതുച്ചില്ലകൾ
പുൽകാം ആർദ്രമാം ധനുമാസത്തേയും ...!
No comments:
Post a Comment