വാക്കിൻ്റെ വേരുകൾ.... ഇന്ദിരാ ബാലൻ
വാക്കുകൾ പക്ഷികളെപ്പോലെയത്രെ. നല്ല വാക്കുകൾ ചിറകടിച്ച് പറന്നുയരും. വാക്കിൻ്റെ ചിറകുകൾ ആഞ്ഞുവീശി പ്രപഞ്ചത്ത കീഴടക്കും. എന്നാൽ ചീത്ത വാക്കുകൾക്കും മറ്റൊരു തരത്തിൽ പറഞ്ഞാൽ ശക്തിയുക്തം പറന്നുയരാനാവും. അത് പക്ഷേ നന്മയെയല്ല പകരുക. പകരം പല ജീവിതങ്ങളേയും ക്രൂരമായി ദഹിപ്പിച്ചു കളയും. ഇവിടെ പറയാനുദ്ദേശിക്കുന്നത് വാക്കിൻ്റെ ശക്തിയെക്കുറിച്ചല്ല. അതിൻ്റെ അർത്ഥങ്ങളുടെ വിശകലനത്തിലേക്കാണ് ഈ സഞ്ചാരം. ഓരോ വാക്കുകൾക്കും നിയതമായ അർത്ഥ കൽപ്പനകൾ ഉണ്ടെങ്കിലും വാക്കിൻ്റെ ഇതളുകൾ വിടർത്തി പരിശോധിക്കുമ്പോൾ അർത്ഥങ്ങളുടെ കൂമ്പാരങ്ങൾ കാണാം. ഒരക്ഷരത്തിൽ നിന്നും മറ്റൊരക്ഷരത്തിലേക്കുള്ള ദൂരം വലിയ മാനങ്ങൾ നൽകുന്നു. ഒരു സൗഹൃദ സംഭാഷണത്തിൽ വീണു കിട്ടിയ "വിശ്രമം" എന്ന വാക്കാണിവിടെ പ്രതിപാദ്യം.
വാക്കിൻ്റെ വേരുകളിലേക്കുള്ള ചില ഇറക്കങ്ങൾ രൂഢമൂലമായിക്കിടക്കുന്ന ബോധങ്ങളുടെ വേരറുത്തേക്കാം. വിശ്രമം എന്ന പദത്തിന് രേഖപ്പെടുത്തിയിട്ടുള്ള വാച്യാർത്ഥം വിരാമം, ആശ്വസിക്കൽ, ക്ഷീണം തീർക്കൽ എന്നെല്ലാമാണ്. എന്നാൽ ഈ വാക്കിനെക്കുറിച്ച് പരാമർശിച്ച സുഹൃത്ത് പറഞ്ഞത് വിശ്രമം എന്നത് ഒരു പ്രവൃത്തിയിൽ നിന്നും മറ്റൊരു പ്രവൃത്തിയിലേക്കുള്ള പ്രവേശനം എന്നർത്ഥത്തിലാണ്. ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി. ചില ചിന്തകളുടെ തിരി നീട്ടങ്ങൾ. അത് കേൾക്കുന്നവരുടെ ചിന്തയേയും രാസപരിണാമത്തിന് വിധേയമാക്കുന്നു. ശ്രമം - ശ്രമകരമായിട്ടുള്ളത് , നിർത്തുമ്പോഴത് വിശ്രമം ആകുന്നുവെന്ന സാമാന്യാർത്ഥത്തേയും മറികടന്ന് ആ വാക്ക് പ്രയാണം തുടരുകയാണ്. ജീവിതം കർമ്മനിരതമാകേണ്ടത്. ഒരിക്കലും വിശ്രമം- വെുറുതെ ഇരിക്കുക എന്നവസ്ഥയിലേക്ക് നീങ്ങരുത്. പ്രവൃത്തി ചെയ്യുമ്പോൾ തന്നെ മരണത്തെ പ്രാപിക്കുന്നതത്രെ ഹിതകരം. ചലനം എന്നത് അനവരതം തുടരേണ്ടത്. സാധാരണ ഒരു ജോലിയുടെ റിട്ടയർമെൻ്റിന് ശേഷം ഒതുങ്ങിക്കൂടുമ്പോൾ അത് അതുവരെ ചലനാത്മകമായിരുന്ന മനസ്സിനേയും ശരീരത്തേയും സാരമായി ബാധിച്ച് അസുഖങ്ങളുടെ കലവറയാക്കി മനുഷ്യനെ മാറ്റാം. ഒന്നിന് മരുന്ന് കഴിക്കുമ്പോൾ മറ്റൊരസുഖത്തിന് നാന്ദി കുറിക്കുകയാണവിടെയെന്ന് ആരും ഓർക്കുന്നില്ല. പാർശ്വഫലങ്ങളിലൂടെ ജീവിതം തന്നെ വിഷമസന്ധയിലേക്ക് പ്രവേശിക്കുന്നു. മാനസികവും ശാരീരികവുമായി നമുക്കിഷ്ടപ്പെട്ട ജോലികളിലേർപ്പെട്ടാൽ ഒരു പരിധി വരെ അസുഖങ്ങൾക്കുള്ള പ്രതിരോധം കൂടിയാണ്. അതിനാൽ തന്നെ വിശ്രമം എന്നതിലെ ' വി ' മാറ്റി ജീവിതാവസാനം വരെ ശ്രമിച്ചു കൊണ്ടേയിരുന്നാൽ നമ്മെ അനുവാദമില്ലാതെ കയ്യേറി ഭരിക്കുന്ന അസുഖങ്ങളിൽ നിന്നും വിരാമം കുറിക്കാം എന്നൊരു നിർവ്വചനത്തെ സാധൂകരിച്ചെടുക്കാം. സമസ്യ പോലെ പൂരിപ്പിക്കാൻ ക്ലിഷ്ടതയേറിയ ജീവിതം തന്നെ അന്വേഷണത്തിൻ്റെ ആകെത്തുകയാണ്. ആ അന്വേഷണത്തിനിടക്കാണ് ചില വാക്കുകൾ നിയതമായ അർത്ഥങ്ങളിൽ നിന്നും മാറി സാക്ഷാൽക്കാരത്തിലേക്ക് നീങ്ങുന്നത്. വാക്കുകളുടെ സാക്ഷാൽക്കാരം അവയുടെ അർത്ഥപൂർണ്ണതയിലാണ്. വിശ്രമം എന്നത് വെറുതെയിരിക്കുക എന്നിടത്ത് നിന്നും മാറി ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള അന്വേഷണങ്ങളും പ്രവർത്തനങ്ങളുടെ പ്രയാണങ്ങളുമാകട്ടെ എന്ന ശുഭ ചിന്തയോടെ ഈ കുറിപ്പിന് തിരശ്ശീലയിടുന്നു ...!
No comments:
Post a Comment