വയലിനിലെ ഭാവതരംഗങ്ങൾ ......ഇന്ദിരാ ബാലൻ
പാശ്ചാത്യ -പൗരസ്ത്യ സംഗീതപ്രവാഹങ്ങളിലൂടെ സമസ്ത സാമ്പ്രദായിക സംഗീതധാരകളും ആവിഷ്ക്കരിക്കാനുതകുന്ന സംഗീത ഉപകരണമാണല്ലൊ വയലിൻ. രണ്ടു സംസ്കാരങ്ങളും അത് പ്രതിനിധാനം ചെയ്യുന്നു. ഭാഷയിലൂടെ സംഗീതത്തിലൂടെ തന്ത്രികളിലൂടെ. ഏറ്റവും ശോകഭരിതമായ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളാണെങ്കിലും കേൾവി സുഖത്തെ ആനന്ദിപ്പിക്കുന്നു. അപ്പോൾ ശോകവും ആനന്ദദായകമോ? എന്നൊരു സംശയം ഉയരാം. ഏത് ഉപകരണ സംഗീതവും മനുഷ്യ മസ്തിഷ്ക്കത്തിൽ തരംഗങ്ങളുളവാക്കാം. പലരിലും ആപേക്ഷികമായിരിക്കും എന്ന് മാത്രം. ഭാരതത്തിലെ ധനുർ വീണയുടെ വികസിത രൂപമായി വയലിൻ വാദ്യത്തെ പറയാറുണ്ട്. വയലിൻ പാശ്ചാത്യമായി ഉടലെടുത്തതെങ്കിലും മനുഷ്യജീവിതത്തിൽ സംഗീതത്തെ പ്രണയിക്കുന്നവർക്ക് വയലിൻ്റെ സ്വാധീനം ഒഴിച്ചുകൂടാനാവാത്തതാണ്. അതിലുണരുന്ന രാഗഭാവങ്ങൾക്ക് മനുഷ്യൻ്റെ വികാരവിചാരങ്ങളുമായി അഭേദ്യമായി ബന്ധമുണ്ടെന്ന് അടയാളപ്പെടുത്തുന്ന ഒരു കവിതാ അവലോകനത്തിലേക്കാണ് ഈ മുഖവുര .
ഈയിടെ മാതൃഭൂമി വാരികയിലാണ് കവി രാജൻ സി.എച്ചിൻ്റെ "വയലിൻ " എന്ന കവിത വായിച്ചത്. അതിലെ വയലിനിലൂടെ ഒരു മനുഷ്യൻ്റെ ചിത്രമാണ് വര. വയലിൻ്റെ വിഷാദസ്വരം പോലെ വിഷാദവാനായ ഒരു മുഖം. ശ്മശ്രുക്കൾ നിറഞ്ഞ്, വിഷാദഭരിതമായ കണ്ണുകളോടെ ... ആ ചിത്രം തന്നെ അതിലെ വരികളായി കവിതാ രൂപം പ്രാപിക്കുന്നു.
ജീവിതത്തിൻ്റെ ഏറ്റവും ഉച്ചസ്ഥായിയിലുള്ള നിമിഷങ്ങളെയും സാധാരണ അവസ്ഥകളേയും അപരിഹാര്യമായ ദു:ഖാവസ്ഥകളേയു മെല്ലാം വയലിനിലൂടെ സ്വരസ്ഥാനങ്ങൾ നൽകിയാവിഷ്ക്കരിക്കാറുണ്ട്. അതിനു പോദ്ബലകമാണ് ഈ കവിതയെന്ന് ഓരോ വരികളും ഉൾവിളി നൽകുന്നു. ഒപ്പം മനഷ്യൻ്റെ വിവിധ വികാരവിചാര സംക്രമണങ്ങൾ ആ തന്ത്രി യിലൂടൊഴുകുന്നു. തിരമാലകളായും കൊടുങ്കാറ്റായും മന്ദമാരുതനായും ......
കവിവാക്യങ്ങളിലൂടെ ,വയലിൻ അതിൻ്റെ പെട്ടിയിൽ നിശ്ശബ്ദമിരിക്കുമ്പോഴും അതിൻ്റെ തന്ത്രികളിലൂടെ സംഗീതമൊഴുകുന്നു. ആ നിശ്ശബ്ദമായ വയലിനെ ഉപമിക്കുന്നത് മരിച്ചൊരാളെപ്പോലെയാണ്. മറ്റ് ചിലപ്പോൾ സങ്കടത്തിൻ്റെ ആഴക്കടലായി വയലിൻ മനുഷ്യനെ മുക്കിത്താഴ്ത്തുന്നു. വയലിനിൽ ഒരാൾ സങ്കടങ്ങൾ വായിക്കുമ്പോൾ അത് കേൾക്കുന്നവൻ്റെ സങ്കടക്കടലായി സാത്മീഭവിക്കുന്നു. വയലിൻ കമ്പിയിൽ ചിലപ്പോൾ ശബ്ദത്തിലടക്കിയ തേങ്ങലുകളായി ഇടർച്ചയുടെ ,തൊണ്ടയിൽ വലിയുന്ന കഫനൂലുകളായി ആ സംഗീതം പരാവർത്തനം ചെയ്യപ്പെടുന്നു. ചിലപ്പോഴൊക്കെ അതിന് ഇക്കിളിയുടെ സ്വരമാണ്. ഇക്കിളികൾ അടക്കി നിർത്താനുള്ള പാഴ്ശ്രമങ്ങളായി വിരലുകൾ തന്ത്രികളിൽ കുരുങ്ങുന്നു. ഒരാൾ സന്തോഷത്തോടെ വായിക്കുമ്പോഴും അതിൻ്റെ സംക്രമണ തരംഗങ്ങൾ വിഷാദത്തിൻ്റെ അലയൊലികളാകുന്നു.
വിവിധ ഭാവഹാവാദികളിലൂടെ രസങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ വയലിൻ മനുഷ്യരൂപം പ്രാപിക്കുന്നു. വയലിനിലെ തന്ത്രികളാവാൻ ഉന്മാദികൾക്കേ ആവൂയെന്ന് കവി സമർത്ഥിക്കുന്നു. ഉൻമാദികളങ്ങിനെയാണ് അനിയതമായ അവസ്ഥയിലൂടെ ചലിക്കുന്നവർ. ചിരിക്കയും, അടക്കിച്ചിരിക്കയും കരയുകയും പൊട്ടിക്കരയുകയും അലറിക്കരയുകയും ശമാവസ്ഥയിലെത്തുകയും ചെയ്യുന്നവർ. ഉന്മാദികൾ സ്വരസ്ഥാനം തെറ്റിച്ചാണ് വയലിനിൽ ശ്രുതി ചേർക്കുക. അവർക്കെന്ത് താള ശ്രുതി ലയങ്ങൾ? എന്നാൽ ഉന്മാദികളായിരിക്കാം സംഗീതത്തിൻ്റെ ഉയർന്ന തലങ്ങളിലെത്തുന്നവരും! മനുഷ്യനെന്ന സാധു മൃഗത്തിൻ്റെ ഞരമ്പുകളിൽ കോലുരസുമ്പോളാണത്രെ ആ ഉപകരണം തേങ്ങിക്കരയുന്നത്. വേദന കൊണ്ട് പുളയുമ്പോഴുള്ള ഞരക്കമാണത്രെ സംഗീതത്തിൻ്റെ ഇമ്പമേറിയ നിമിഷങ്ങൾ. വയലിൻ സംഗീതത്തിൻ്റെ ഉന്മാദാവസ്ഥകൾ പോലെ തന്നെ ഇവിടെ കവിയുടെ സ്വരസ്ഥാനങ്ങളും അനിയതങ്ങളാകുന്നത് വരികളിലൂടെ അറിയുന്നു. അവൾ വയലിൻ വായിക്കുമ്പോൾ വയലിൻ തന്ത്രികളെന്നപോൽ ഞരമ്പുകൾ അവളിൽ തുടിക്കുന്നു. വയലിൻ അവളെ വായിക്കുമ്പോൾ ഞരമ്പുകളെന്നപ്പോൽ തന്ത്രികളിൽ അവൾ തുടിക്കുന്നു. മനോഹരമായ തീക്ഷ്ണമായ പ്രണയഭാവനയാണ് ഈ വരികളിലൂടെ ദ്യോതിപ്പിക്കുന്നത്. വയലിൻ വാദകന് സമർപ്പണത്തിൻ്റെ മനസ്സുണ്ടായാൽ വയലിന് കരയാൻ ക്ഷിപ്രസാധ്യമാകും. അഭ്യാസത്തിൻ്റെ അനുശീലനത്തിൻ്റെ
സാധകത്തിൻ്റെ നൈര്യന്തര്യതയുടെ അനായാസത ഏത് കലാപ്രകടനത്തേയും ഹിമശൈലങ്ങളിലേക്കെത്തിക്കും. അവിടെ കലയും മനുഷ്യനും ഒന്നാകുന്നു. ജീവിതാനുഭവങ്ങളുടെ കയറ്റിറക്കങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യൻ അറിവിൻ്റെ വാർദ്ധക്യം പൂകുമ്പോഴേക്കും അയാൾ വായിച്ച രാഗങ്ങളത്രയും വിസ്മയിപ്പിക്കുന്ന വിറ പൂണ്ട ജീവിതത്തിൻ്റെ സ്വരങ്ങളായിരിക്കാം. അതായിരിക്കാം വയലിൻ ഗീതം ഇത്ര ഉന്മത്തമാകുന്നത്. ഉള്ളുരുക്കങ്ങളുടെ ആത്മാനുതാപത്തിൻ്റെ വേലിയേറ്റങ്ങൾ, വേലിയിറക്കങ്ങൾ തിരിച്ചറിവിൻ്റെ ,മനസ്സിലാക്കലിൻ്റെ പ്രണയത്തിൻ്റെ , കരിനീല വിഷാദങ്ങളുടെ രാഗ വിസ്താരങ്ങളിലൂടെ സ്വയമൊരു വയലിനായിപ്പോകുന്ന മനുഷ്യജീവിതത്തിൻ്റെ വാങ്ങ്മയ ചിത്രമാണ് ഈ കവിത - കവേ - ആദരം. ജീവിതത്തിൻ്റെ ഭാവഭേദങ്ങൾ എത്ര കരവിരുതോടെയാണീ വയലിൻ തന്ത്രികളിലൂടൊഴുക്കിയിരിക്കുന്നത് .....!
No comments:
Post a Comment