Monday, October 4, 2021

കറുപ്പും വെളുപ്പും

 കറുപ്പും വെളുപ്പും .... ഇന്ദിരാ ബാലൻ


ചുമരിൽ പതിച്ച

കറുപ്പിൽ മുങ്ങിയ

ഛായാച്ചിത്രം

എന്നെ നോക്കി

എറിയുന്ന വാക്കുകൾക്ക്

ഉളിമൂർച്ച.


കറുപ്പ് ഒരു നിറം മാത്രമല്ല

അതൊരു സമൂഹമാകുന്നു

അവഗണനകളുടെ, 

തിരസ്ക്കാരത്തിൻ്റെ

കൊട്ടിയടക്കപ്പെടുന്ന

മനുഷ്യാവകാശ നീതിയുടെ.


കറുപ്പിൻ്റെ

ശ്വാസതാളമുയർന്നാൽ

വെളുപ്പിനെ ഭയം വരിച്ചു മുറുക്കും

അത് മറയ്ക്കാൻ  

 വെളുപ്പ് 

അട്ടഹസിച്ചുക്കൊണ്ടിരിക്കും 

 അല്ലെങ്കിൽ

നിന്ന നിൽപ്പിൽ  കറുപ്പിനെ

ഇല്ലാതെയാക്കാം .


കറുപ്പിൻ്റെ അവകാശങ്ങളെല്ലാം

തീറെഴുതി മേടിക്കും

വെളുപ്പിൻ്റെ  വംശബലവും

സംഘബലവും  കൂട്ടി

ചാവേറുകളാക്കുവാൻ


നഷ്ടം വെളുപ്പിനല്ല

കറുപ്പിനാണ്

 കാടറിയുന്ന കറുപ്പിന്

ഓരോ ഇലയനക്കങ്ങളുടെ

സൂക്ഷ്മതയും കൃത്യമാണ്

എന്നിട്ടും ചതിയിൽപ്പെടുന്നു.


അമ്മയുടെ  മുലപ്പാൽ  

ചുരത്തുന്ന മാറിടം

കറുപ്പിനുമുണ്ട്.

കാടിറങ്ങി വരുന്ന

താരാട്ടിലാ വ്യഥ

കിനിഞ്ഞിറങ്ങും.

മാഞ്ഞു പോകാത്ത

നീറുന്ന ഈറ്റുനോവിൻ്റെ

പിടച്ചിൽ ആ നെഞ്ചിടിപ്പിൽ

 കേൾക്കാം

കുഞ്ഞിനെ പാലൂട്ടാൻ

കൊഞ്ചിക്കാൻ വളർത്താൻ

ആ അവകാശത്തേയും

അരിഞ്ഞെടുക്കുന്ന

 വെളുപ്പിൻ്റെ കരാള നിയമങ്ങൾ

അവനെ /വളെ

യുദ്ധതന്ത്രങ്ങളുടെ

  ചാണക്യസൂത്രങ്ങളരുളി

സംഘബലത്തിൻ്റെ

സ്വാർത്ഥതയിലേയ്ക്ക്

തുന്നിച്ചേർക്കുന്നു.


അവസരോചിതമായി

ധർമ്മാധർമ്മങ്ങളുടെ

അടവുനയങ്ങൾ

മാറ്റുന്ന വെളുപ്പിനെവിടെ

സത്യം? നീതി? സമത്വം ?


കറുപ്പിൻ്റെ ആയുധം

കുന്തവും കുറുവടിയും

വെളുപ്പിൻ്റേത് 

അമ്പും വില്ലും .

അവിചാരിതമായി 

എയ്തു വീഴ്ത്തുന്ന

വിഷം പുരട്ടിയ

ഒളിയമ്പുകളിൽ

കുരുക്കുന്ന തന്ത്രം

കറുപ്പിനറിയില്ല

അത് നേർക്കുനേരെയാണ്.

പ്രപഞ്ചമാകുന്ന അറിവ്

പോലും അവസാനം

 കറുപ്പിന്  മുന്നിൽ 

തല കുനിയ്ക്കേണ്ടി വരും

മൃഗങ്ങൾക്ക് പോലും

ഇതിനേക്കാൾ മനുഷ്യത്വമുണ്ടാകാം ...!

No comments: