Monday, October 4, 2021

പ്രണയ സൂര്യൻ - 1 - 14

 പ്രണയ സൂര്യൻ - 1.... ഇന്ദിരാ ബാലൻ


ഒരു സ്വപ്നത്തിലാണ്

പ്രണയത്തിൻ്റെ നീല കരങ്ങൾ

എന്നിലേക്കെത്തിയത്

അവ്യക്തതയുടെ 

മേഘമാലകളുമായി

മഴവില്ലിൻ്റെ സൗന്ദര്യമായിരുന്നു

സ്വപ്നത്തിൽ പൂത്തുലഞ്ഞത്

അബോധത്തിൽ നിന്നും

ബോധത്തിൻ്റെ സമതലങ്ങളിലെത്തിയപ്പോൾ 

അത് വെറുമൊരു സ്വപ്നം മാത്രമായവശേഷിച്ചു

എന്നാൽ ഉച്ചവെയിലിന്

മുന്നേ ഒരു സ്വരം പല്ലവി പാടി

എന്നിലേക്കെത്തി

അത് പുതിയൊരു സ്വപ്നത്തെ

തിടമ്പേറ്റിയിരുന്നു

ഇപ്പോൾ ആ സ്വപ്നത്തേരിലാണ്

ജീവിതത്തിൻ്റെ ഉഷ്ണവെയിലിൽ

ഞാനും സഞ്ചരിക്കുന്നത്



പ്രണയസൂര്യൻ -2-


മധ്യാഹ്ന വെയിലിൻ്റെ

ഉഷ്ണതാപങ്ങളിൽ

സമരസപ്പെട്ട്

നീങ്ങുമ്പോഴാണ്

നീലാകാശത്ത് നിന്നും

ഒരു പൂത്തുമ്പി പറന്നെത്തിയത്

ജന്മങ്ങൾക്കപ്പുറത്തെ

നിയോഗം പോലെ

ഓർക്കാപ്പുറത്ത് ആ തുമ്പി

ചിറകുകൾ വിരുത്തി

പറയാതെ പറഞ്ഞു

നിന്നോടെനിക്ക് പ്രണയമാണെന്ന്

അളന്നു മുറിച്ച വാക്കുകളിൽ

പറയാതെ തന്നെ പ്രണയം

ഒളിഞ്ഞിരുന്നു

അത് പറഞ്ഞ് ആ

പ്രണയത്തുമ്പി 

പൂമരച്ചില്ലയിലേക്കാണ്

പറന്നു പോയത്

പ്രണയത്തിൻ്റെ വാചാലതയിലേക്ക്

പുതിയ ഭൂമിയും പുതിയ ആകാശവും

വീണ്ടും പ്രണയഭരിതരായി ...!




പ്രണയ സൂര്യൻ - 3


മഞ്ഞുമലയിറങ്ങി വരുന്ന

പ്രണയ സൂര്യനെ വരവേൽക്കാൻ

സൂര്യകാന്തിപ്പാടങ്ങളൊരുങ്ങി

സാലഭഞ്ജികകൾ പൂത്താലങ്ങളേന്തി

അരുണൻ തെളിക്കുന്ന രഥത്തിൽ

സൂര്യകിരണങ്ങൾ ജ്വലിച്ചു

പ്രണയത്തിൻ്റെ താഴിട്ടുപൂട്ടിയ

വാതിലുകൾ ഭേദിച്ചു

ഭൂമിപ്പെണ്ണിനെ  ഉർവ്വരയാക്കി



പ്രണയ സൂര്യൻ - 4


മുമ്പിലെ ഹിമപാളികൾ

ഓരോന്നായി മാറ്റിവെച്ച്‌

സുതാര്യമായ ചിന്തകൾക്ക്

തിരികൊളുത്തിയ പ്രണയസൂര്യൻ

തീക്ഷ്ണമായ തീജ്വാലകളുടെ

ചിറകുകളെ മാറ്റി പകരം

പ്രണയത്തിൻ്റെ സുഗന്ധപൂരിതമായ

ചിറകുകളെനിക്കേകി

സ്വപ്നത്തിൻ്റെ ആകാശ നിലങ്ങളിലേക്ക്

ചിക്കി മിനുക്കി പറക്കാൻ

വാക്കുകളിൽ നക്ഷത്രങ്ങൾ പൂത്തു

ചിത്തത്തിലായിരം മയിൽപ്പീലിക്കണ്ണുകളും




പ്രണയസൂര്യൻ - 5


ആകാശത്തിൻ്റെ നീലമേഘങ്ങൾക്കപ്പുറത്തെ

താഴ് വരയിൽ ധ്യാനനിരതനാണ്

എൻ്റെ പ്രണയസൂര്യൻ

എത്തിപ്പിടിക്കാനാകില്ലെന്നറിയാം

എന്നാലും മനസ്സിൻ്റെ ചില്ലു പേടകത്തിൽ

നിനക്കായി ഒരു മുറി ഞാനൊരുക്കി വെച്ചിട്ടുണ്ട്

വസന്തങ്ങളിൽ പൂക്കൾ കൺമിഴിക്കുമ്പോൾ

പ്രണയഭരിതമായ നിമിഷങ്ങളിൽ

നമുക്ക് അക്ഷര ചിരാതുകൾ

കത്തിച്ച് കനകോജ്വലനിമിഷങ്ങൾക്ക്

നിറം പകരാൻ



പ്രണയസൂര്യൻ - 6


പ്രണയം അനാദിയാണ്

നീലാകാശവും നീലസമുദ്രവും

പാരസ്പര്യത്തിലലിയുമ്പോൾ

പ്രണയ സൂര്യൻ എന്നെ ജ്വലിപ്പിക്കുന്നു

ഹർഷവും വിഷാദവും

ഒരു പോലെ നിറഞ്ഞ

വിരഹത്തിൻ്റെ വിനാഴികകൾ

തീർക്കുമ്പോൾ പ്രണയസൂര്യൻ്റെ

നിനവുകളിൽ ഞാനലിഞ്ഞില്ലാതെയാവുന്നു




പ്രണയ സൂര്യൻ - 7


മനസ്സിന് തീപിടിച്ച്

എത്ര തവണയാണ്

സംഘർഷത്തിൻ്റെ

ആരണ്യകത്തിലകപ്പെട്ടത്

അക്കരെ പച്ച കാണുമെന്ന

വിശ്വാസത്തിൽ

ഉയിർത്തെഴുന്നേൽപ്പുകളുടെ

തിരുവുത്സവങ്ങളിൽ

കൊട്ടിക്കയറുകയും

കൊട്ടിയിറങ്ങുകയും ചെയ്തു

അവിരാമമായി

ജീവിതത്തിൻ്റെ മൈൽക്കുറ്റികൾ

താണ്ടുമ്പോഴും

പ്രണയ സൂര്യൻ കാത്തിരിപ്പുണ്ടെന്ന്

അറിഞ്ഞില്ല

എന്നാൽ വിനാഴികകൾക്കൊടുവിൽ

ആ മുഹൂർത്തം

സമാഗതമായി

കിഴക്കിൻ്റെ ചക്രവാളം

തുറന്ന് സുസ്മേരവദനനായി

പ്രണയ സൂര്യൻ തൊട്ടടുത്ത്

പ്രത്യാശയുടെ

പൂർണ്ണ കുംഭങ്ങളുമായി...!



പ്രണയ സൂര്യൻ - 8


മഴക്കാടുകളിറങ്ങുമ്പോൾ

ഒരു നക്ഷത്രപ്പൊട്ടെന്നേ

കരുതിയുള്ളു

എന്നാൽ അത്

സൂര്യതേജസ്സാർന്ന

പ്രണയ സൂര്യനാണെന്നറിഞ്ഞില്ല

പിന്നീട് വാക്കിൻ്റെ

വജ്രത്തിളക്കങ്ങളിലൂടെ

അറിഞ്ഞു, നക്ഷത്രപ്പൊട്ടല്ല

അവക്കെല്ലാം നിദാനമായ

ഇന്ദ്രജാലത്താൽ

രാത്രിയേയും പകലാക്കുന്ന

അനന്തകോടി നക്ഷത്രങ്ങളുടെ

അധിപനായ  പ്രണയസൂര്യനായിരുന്നുവെന്ന്

പണ്ട് രാജകുമാരിയുടെ

യൗവ്വന കുതൂഹലങ്ങളിൽ

മനസ്സിൽ സ്മരിച്ചപ്പോഴേക്കും

മുന്നിൽ പ്രത്യക്ഷനായ

കവച കുണ്ഡലങ്ങളണിഞ്ഞ

ദിനകരൻ...!



പ്രണയ സൂര്യൻ - 9


രാത്രി മഴയുടെ നനുത്ത

സ്പർശം പോലെ

ആമയ ദൂരീകരണത്തിനായി

എൻ്റെ ഗ്രീഷ്മ സന്ധ്യയിൽ

പെയ്തിറങ്ങി നോവുകളെ അലിയിപ്പിച്ച

പ്രണയസൂര്യാ... നിന്നെ സ്നേഹിപ്പൂ ഞാൻ

കനക്കുന്ന ജീവിതത്തിൻ്റെ

കനൽപ്പാളികൾക്ക് മീതെ

നടന്ന് നീങ്ങുമ്പോൾ

പുനർജ്ജനിയുടെ മന്ത്രമുരുവിട്ടു

ജന്മാന്തര ബന്ധത്തിൻ്റെ

ഇഴചേർത്തു പിടിച്ച പ്രണയമേ

എൻ്റെ കാവ്യ നഭസ്സിൽ

അക്ഷരത്താരകൾ വിരിയിച്ച്

പുതു സുഗന്ധമായി

നീ നിറയുന്നു

കണ്ടൂ ഞാനാ മിഴികളിൽ

ജ്വലിക്കുന്ന നഭ:ശ്ചര ഗോളം പോലെ

പ്രസരിക്കുന്ന പ്രഭാഭാസുരമുകുളങ്ങൾ

ഭാഷയുടെ സപ്ത സാഗരങ്ങളും

താണ്ടിവന്ന പ്രണയമേ

അറിയുന്നു ഞാൻ

പ്രണയ ലോകത്തിൻ്റെ നീതിസാരങ്ങൾ

മന്നിലെ വെറുമൊരു പുൽക്കൊടിയായൊരെന്നിൽ

പ്രണയതീർത്ഥം തളിച്ച

മാസ്മരികതയെ വിസ്മരിക്കാനാവില്ല ന്യൂനം...!



പ്രണയ സൂര്യൻ - 10


സീമന്തരേഖയിൽ പ്രണയമുദ്ര ചാർത്തി

എൻ മൗനത്തിന്നിടനാഴിയിൽ

പദവിന്യാസമുണർത്തി

പേർത്തുമീ തപ്തഹൃദന്തത്തിൻ

സ്പന്ദനമായ്

മറുവാക്കേതുമേ മൊഴിയാനരുതാഞ്ഞു

നിസ്വയായ് നിറയും മിഴിയിണ മാത്രം

നൽകി ഞാൻ നിൽപ്പൂ

മിന്നുന്നോരലുക്കണിയിച്ചെൻ

നരച്ച കനവുകൾക്ക്

നീയൊരു വാസര നിലാക്കൊഴുപ്പേകി

ഉള്ളിലൊളിയും കസവു തൂവലുകൾ

ചിക്കി മിനുക്കി ഞാൻ പറക്കവേ

കേട്ടുവോ വിതുമ്പുന്നൊരീ

മാനസത്തിൻ നിശ്വാസവും


പ്രണയ സൂര്യൻ - 11



രജനീഗന്ധികൾ പൂത്തപ്പോൾ

വനസ്ഥലികളുടെ

ഏകാന്ത മൗനത്തിൽ നിന്നും

നീയെൻ്റെ ചാരത്തണഞ്ഞു

ഒരു ഗന്ധർവ്വനെപ്പോൽ

അഞ്ചിതൾ പൂവുകളിലെ

പഞ്ചബാണ ശരവുമായി

അരവിന്ദമായും അശോകമായും

ചൂതമായും നീലോൽപ്പലമായും

നവമാലികയായും

കാമദേവൻ പകർന്നാടിയപ്പോൾ

ലൗകികതയിൽ നിന്നും

അലൗകികതയിലേക്ക് നാം

പറന്നുയർന്നു

പതികാലത്തിൻ തുടികൊട്ടി

ആദിതാളത്തിൻ സംഗീതമുണർന്നു

ധീരശങ്കരാഭരണയായി

അർദ്ധനാരീശ്വര സംഗമ ഗീതത്തിൽ

ശൃംഗാരത്തിൻ്റെ പട്ടുചേലയണിഞ്ഞ്

ഏകാന്തയാമത്തിൽ 

പരസ്പരമലിഞ്ഞ്

ഗീതഗോവിന്ദത്തിലെ

രാധാകൃഷ്ണനായി

വൃന്ദാവന സാരംഗിയിൽ

മതിമറന്ന നിമിഷങ്ങൾ

കല്യാണിയായി ഗാന കല്ലോലിനിയിലൂടൊഴുകി

ആത്മഹർഷഭരിതരായി

പൂത്ത ഗന്ധർവ്വ യാമങ്ങൾ...

രാവിൻ്റെ അവസാനയാമങ്ങളിൽ

നക്ഷത്രപ്പൊട്ടുകളെ കൂട്ടുപിടിച്ച്

നീ നീല നഭസ്സിൻ്റെ

അങ്ങേ തലയ്ക്കിലേക്ക്

തെന്നിത്തെന്നിയകലവേ

ഒരുഷസ്സു കൂടി ജന്മം കൊള്ളുകയായിരുന്നു ....!



പ്രണയ സൂര്യൻ - 12


ഋതുക്കൾ താണ്ടി നീയെത്തവേ

ചേതനയറെറാരെൻ ചേതസ്സി-

ലമൃതധാരയായ്

വ്യർത്ഥത തൻ വിളറും ജീവിതത്തിൽ

ജീവന സംഗീതമായ്

കുങ്കുമരാഗം വിതറി നീ പാടിയില്ലേ

ഭൂതകാലത്തിൻ കഥകളൊന്നൊന്നായ്


സ്നേഹഗംഗയായൊഴുകിയെന്നാത്മാവിനെ

തഴുകി നീയോമനേ മാരിവില്ലി-

ന്നേഴുനിറം പകർന്നു ചാരുനൃത്തമാടവെ

നനുത്ത കറുകനാമ്പിൽ സ്നേഹാക്ഷരം

തീർത്തു, സാന്ദ്രമൗനത്തെ

ഭഞ്ജിച്ചൊരൂഷ്മള ലഹരിയായ്


തുടുക്കും കപോലത്തിലിറ്റു വീഴും

നനവിന്നാർദ്രതയായ്, സ്നിഗ്ദ്ധമായ്

കുളിരേകും ഹിമകണത്തിൽ

രാഗവീണ മീട്ടി 

കൃഷ്ണഗീതത്തിൻ മുരളികയൂതിയെൻ

സിരകളിലൂടൊഴുകി ഉന്മാദമായ്

നിറയുന്നുമോമനെ സദാ


പ്രണയ സൂര്യൻ - 13


കനകാംഗുലികൾ നീട്ടി ഉഷസ്സ്

മൃദുവായി തൊട്ടുണർത്തിയപ്പോൾ

ഉള്ളിൽ കാണാനാഗ്രഹിച്ചു കൈവന്ന

ഒരു കനകക്കിനാവിൻ്റെ നോവ് നീറിപ്പടർന്നു

എങ്ങുനിന്നോ വന്ന് എവിടേക്കെന്നില്ലാതെ

പോവുന്ന മഴമേഘത്തിൽ

മറഞ്ഞിരുന്ന് നീയെൻ്റെ

അരികിലണഞ്ഞത് എന്തിനായിരുന്നു

തലയ്ക്കു മുകളിൽ ജ്വലിക്കുന്ന

ഗ്രീഷ്മ ഋതുവിൻ്റെ 

ഉഗ്രതാപങ്ങളിൽ വെന്തുലഞ്ഞ

മനസ്സിന് ഒരു പൊൻ കുടം

നിറയെ കുളിർനീരുമായി

നീയെത്തിയില്ലേ

ഞാനോ ഗോപികയായി

മുളന്തണ്ടിലൊഴുകുന്ന

രാഗസുധയുടെ മർമ്മരങ്ങൾ

എൻ്റെ കാൽച്ചിലമ്പൊലികളിലുണർന്നു

ശ്രവണപുടങ്ങൾ ആ മധുര

നിസ്വനത്തെ തിരഞ്ഞലഞ്ഞു

ഒരു ചിത്രശലഭമായി

മന്ദമാരുതനിൽ കുണുങ്ങി നിൽക്കുന്ന

പനിനീർ പൂവിലെ മധുനുകർന്നു

സൗന്ദര്യത്തിൻ്റെ സപ്തഭാവങ്ങളുമായി ഒഴുകിയ

സ്വപ്നത്തിൻ്റെ ചാരുത

ഞാനാവോളം നുകർന്നു

രുചി ഭേദങ്ങളിലെ നനവ്

തിരിച്ചറിഞ്ഞു

ശോണിമയിലലിഞ്ഞ 

സാന്ധ്യരാഗം ഒരു

വിരഹപല്ലവി മൂളിയടുത്തു

അപ്പോഴും ആ സ്വപ്നത്തിൻ്റെ

ലഹരിയിലായിരുന്നു നീയും ഞാനും ...!



പ്രണയ സൂര്യൻ - 14


വെയിൽ കാർന്നുതിന്നുന്ന

എൻ്റെ പകലുകളെ

സ്വർണ്ണ വെയിലാക്കി

മാറ്റിയ പ്രണയ സൂര്യൻ...

വിഷാദത്തിൻ്റെ വന നീലിമയിലേക്ക്

ഒരു കുടന്ന വെളിച്ചം വിതറി

നിൻ്റെ സാന്നിധ്യമറിയിച്ചു

നിൻ്റെ അന്വേഷണങ്ങൾ

ചിന്തകൾ എൻ്റേയും

സിരകളെ പ്രകമ്പനം കൊള്ളിച്ചു

മഴവില്ലിൻ്റെ സപ്തവർണ്ണങ്ങളായി

ഒളി പകർന്നു

മയിൽപ്പീലിക്കണ്ണുകൾക്ക്

പഞ്ചവർണ്ണമാണത്രെ

അവ പഞ്ചഭൂതങ്ങളെ

പ്രതിനിധാനം ചെയ്യുന്നു

കാണുമ്പോൾ കേവലം

കാൽപ്പനികത മാത്രം

എന്നാൽ അതിന്നുമപ്പുറം

ആ അർത്ഥം സഞ്ചരിക്കുന്നു

അത് പോലെ

നമ്മുടെ പ്രണയവും

ആത്മീയ ദീപ്തി കൈവരിക്കുന്നു

ആകാശത്തിൻ്റെ അടരുകൾ പോലെ

പ്രണയത്തിൻ്റെ പാളികൾക്ക്

ഉയരമേറെ

അത് മണ്ണിന്നടിയിലും

ജന്മാന്തരങ്ങളായി പടർന്ന് കിടക്കുന്നു

ഹേ, സഖേ ഞാനെങ്ങിനെയാണ്

നിനക്ക് നന്ദിയറിയിക്കേണ്ടത് 

അല്ലെങ്കിൽ നന്ദിയെന്തിന്

രണ്ടു പുഴകളും

കടലിൽ ലയിക്കുമ്പോൾ ...!

No comments: