Tuesday, January 25, 2022

ആകാശമാവുക

 ആകാശമാവുക.... ഇന്ദിരാ ബാലൻ


പഞ്ചവർണ്ണക്കൂടെങ്കിലും

തുരുമ്പെടുത്താൽ

അഴിമുറിച്ചിറങ്ങണം

നടക്കണം  മൂളിപ്പാട്ടിന്നീണത്തിൽ

സ്നേഹത്തിന്നിടനാഴിയിലൂടെ


ചിന്തകളിൽ

ചിതലേറുമ്പോൾ

താമസം വിനാ

 കുടഞ്ഞെറിയണം


പകലിൻ തെളിച്ചത്തിൽ

സൂര്യാംശുക്കളെ

കൈവെള്ളയിലേന്തി

 മുഖമുയർത്തി നടക്കണം


വലിച്ചു മുറുക്കിയ

അരക്ഷിതത്വത്തിൻ

തുടൽ പൊട്ടിച്ചെത്തുന്നുണ്ട്

പെരുവഴിയിൽ

പാന്ഥരായി പലരും


ഉള്ളിലൊളിഞ്ഞ

മടക്കി വെച്ച

ചിറകുകൾ വിരുത്തി

പറന്ന് ഈ വിരിവാന -

മുള്ളാൽ പുണരണം


വാരിക്കൂട്ടണം

പല വഴിയേ പിരിഞ്ഞ

വർണ്ണങ്ങളെ ഒരു 

കുടക്കീഴിലേക്കായി


മുറിവുകൾ തീർക്കുന്ന

മുള്ളുവേലികളേയും

കരിങ്കൽക്കൂട്ടങ്ങളേയും

പിഴുതെറിയണം


അതിരുകളെ മുറിച്ചു നീന്തി

ഉയർന്ന വിതാനത്തിലേക്ക്

കുതിച്ചുയർന്ന്

സ്വയമൊരാകാശമായിത്തീരണം...!

No comments: