Saturday, January 22, 2022

സത്യമേവ ജയതേ

 സത്യമേവ ജയതേ


ജീവിതത്തിൻ്റെ ,സത്യത്തിൻ്റെ ചൂടും ചൂരും നിറഞ്ഞ കഥയാണ് വി.നടരാജൻ എഴുതിയ " പന്ത്രണ്ടാമത്തെ വീട് " ( ഭാഷാപോഷിണി-ഡിസംബർ ലക്കം - 2021) എന്നത് . കഥകൾക്കും കവിതക്കുമൊക്കെ ഹൃദയം നഷ്ടപ്പെടുന്ന കാലത്ത് ഹൃദയധമനികളുടെ നനുത്ത ചൂട്‌ ആദിമധ്യാന്തം ഈ കഥയിലനുഭവപ്പെടുന്നു. സത്യത്തെ  നിരവധി തവണ നുണയാണെന്ന് അക്കമിട്ട് പറഞ്ഞാൽ സത്യം താൽക്കാലികമായി  ഇല്ലാതാകുകയും അനന്തരം  വിജയശ്രീലാളിതമായി സത്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നത് യാഥാർത്ഥ്യമാണ്. ആത്യന്തികമായ വിജയം സത്യത്തിന് തന്നെയാണ്. 


 വീടുകൾക്കും ഹൃദയമുണ്ട് . ഓരോ വീടുകളിലും  ഇഷ്ടപ്പെട്ട എത്രയെത്ര ഇടങ്ങളെയായിരിക്കാം  വേദനയോടെ ഉപേക്ഷിക്കേണ്ടി വന്നിട്ടുള്ളത്. ആഹ്ളാദങ്ങളുടേയും വിരഹത്തിൻ്റേയും പ്രതീക്ഷകളുടേയും അകമുറികൾ! ഈ കഥയിലും പ്രധാന പ്രമേയം " വീട്" തന്നെയാണ്. ഒപ്പം മകളെപ്പോലെ കൊണ്ടു നടന്ന അംബാസിഡർ കാറും. ഒറ്റക്ക് ദീർഘദൂരം ഓടിച്ചു പോകുമ്പോഴൊക്കെ ഒരു മകളോടെന്നപ്പോലെ അയാൾ ആ കാറിനോടും സംസാരിച്ചു. അതോടൊപ്പം ജോലിയും പ്രതിബദ്ധതയും ബാധ്യതകളും ഉത്തരവാദിത്വങ്ങളും ബന്ധങ്ങളും വിള്ളലുകളും നിസ്സഹായതയും എല്ലാം ഇഴചേർന്ന് കിടക്കുന്നു. 


മുറിഞ്ഞുപോകുന്ന സ്വന്ത ബന്ധങ്ങളുടെ വാക്കിൻ്റെ പ്രഹരങ്ങൾ വായനക്കാരനുള്ളിലും മുറിവുകൾ സൃഷ്ടിക്കുന്നു .പലപ്പോഴും രക്തബന്ധങ്ങൾ അർത്ഥശൂന്യമാകുന്നു. സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. ആ സ്വപ്നത്തിൽ നിന്നും അവിചാരിതമായി ശൂന്യതയിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥ ദൈന്യതയാണ്. അത് കൂടെപ്പിറപ്പുകളുടെ ചതി നിറഞ്ഞ മനസ്സുകളിൽ കൂടിയാകുമ്പോൾ ആ വഴിയുടെ ഇരുളിമക്ക്  തീക്ഷ്ണതയേറുന്നു. ആത്മാർത്ഥതയും സത്യവും കുഴിച്ചുമൂടപ്പെടുന്നു.  കഥാകൃത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ "മഴമേഘങ്ങളിൽ നിന്നൂർന്നു വീണ മഴ"നനയിച്ചതു പോലെ തന്നെ ഈ വായന അനുഭവപ്പെട്ടു.അകവും പുറവും ഒരു പോലെ നനയിപ്പിയ്ക്കുന്നു. ഉള്ളുരുക്കങ്ങളുടെ പ്രതിരൂപമാകുന്നുയിവിടെ മഴമേഘങ്ങൾ.


കഥയും കവിതയുമൊക്കെ ജീവിതമാകുമ്പോൾ അത് ഹൃദയത്തോടടുത്ത് നിൽക്കുന്നു. തെറ്റുകൾ മായ്ക്കുന്ന സത്യത്തിൻ്റെ മഷിത്തണ്ടുകളിൽ നിന്നിറ്റു വീഴുന്ന ജല സ്പർശങ്ങൾ ചൂടുള്ള കണ്ണീർ തന്നെയാണ്. കണ്ണീരിൻ്റെ ചൂടോളം മറ്റൊന്നിനും നുണകളെ ശുദ്ധീകരിക്കാനാവില്ല. സ്വന്തമെന്ന് നിനച്ചവർ എറിയുന്ന കൂർത്തു മൂർത്ത വാക്കിൻ്റെ  കല്ലുകൾ.അത് കൊണ്ട് പൊടിയുന്ന ജീവൻ്റെ ചോരത്തുടിപ്പുകൾ, ഈ കഥയിലെ ഓരോ വരിയിലും ഘനീഭവിച്ചു കിടക്കുന്നു.

നഗരത്തിലെ വാടക വീടുകളുടെ ശ്വാസം മുട്ടലിൽ നിന്നും അരക്ഷിതത്വത്തിൽ നിന്നും കാറ്റിലേക്കും കുളിരിലേക്കും പച്ചപ്പിൻ്റെ വാത്സല്യത്തിലേക്കും  തിരിച്ചെത്താൻ കൊതിക്കുന്ന മനസ്സിൻ്റെ വിഹ്വലതകൾ എത്ര അനായാസമായാണ് നടരാജനെന്ന കഥാകൃത്ത് കോറിയിട്ടിരിക്കുന്നത്. ഭൂമി സാന്ത്വനമായി പൊതിയുന്നതുമൊക്കെ വായിക്കുമ്പോൾ അജ്ഞാതമായ ഒരു സുരക്ഷിതത്വ വലയം നമ്മളേയും അനുഭവിപ്പിക്കുന്നു.


മുറ്റത്തും പറമ്പിലും യഥേഷ്ടം വളരുന്ന ചെടികൾ ,ടൈലുകൾ പാകാത്ത മുറ്റം, സൗമ്യ ശാന്ത ശീലരായ ചിലന്തികൾ കെട്ടുന്ന സാമ്രാജ്യം, മനുഷ്യരെന്ന പോലെ ജീവജാലങ്ങൾക്കും കയറി വരാനാവുന്നിടം, ഭൂമിക്കടിയിൽ മണ്ണിരകളിഴഞ്ഞ് ഭൂമിയുടെ ശ്വാസകോശങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന വായു, സംസ്കാരവാഹകരായ നദികൾ തൊടുന്നയിടം ഇങ്ങിനെ പ്രകൃതിയോട് തൊട്ടു നിൽക്കുന്ന  മതിലുകളില്ലാത്ത വിശാലമായ ഒരു വീടാണ് അയാളുടെ സങ്കൽപ്പം. പരിസ്ഥിതിയിലേക്കും മാനവികതയിലേക്കും ഈ കഥയിൽ വാതിലുകൾ തുറക്കുന്നുണ്ട്.


കടുത്ത അനുഭവങ്ങളുടെ അസ്ത്രമേറ്റ് നെഞ്ചിലുതിർന്ന പച്ച രക്തത്തിൽ ചാലിച്ചു കുറിച്ച കഥ. സ്വാർത്ഥതയുടെ കാലത്ത്  ജീവിതം കടലെടുത്ത് മറുകരകാണാതെയുഴലുമ്പോഴും മുഖം നോക്കാതെ കരിങ്കൽച്ചീളുകൾ എറിഞ്ഞു രസിക്കുന്നവരുണ്ട് സമൂഹത്തിൽ. കൂടെപ്പിറപ്പുകൾ പോലും ചന്ദ്രഹാസമിളക്കി പോരിന്നു വിളിക്കുന്ന കാലം. ബന്ധങ്ങളുടെ ശിഥിലതയിൽ    എറിഞ്ഞിട്ട വാക്കുകളുടെ പുകഞ്ഞു നീറൽ, തുലാവർഷക്കെടുതികൾ തന്ന് ശാപവാക്കുകളുച്ചരിക്കുന്നവർ ,നുണകൾ പറഞ്ഞ് അർദ്ധ പ്രാണനാക്കിയവർ ഇങ്ങിനെ സമൂഹത്തിലെ പല പല മുഖങ്ങളുടെ നെറികേടുകൾ എല്ലാം അഭ്രപാളിയിലെന്ന പോലെ ആസ്വാദക മനസ്സിൽ തിര നീക്കിയെത്തുന്നു. ജീവിതം മുഴുവൻ സത്യം തെളിയിക്കാനുള്ള ധർമ്മയുദ്ധത്തിൽ ഉച്ചയുടെ തീക്ഷ്ണതയിലേക്ക് നോക്കിയിരുന്ന് തീർത്തത് പതിനെട്ടു വർഷങ്ങളാണ്. " ഉച്ച "ജീവിതത്തിൻ്റെ മധ്യവയസ്സു കൂടിയാകുന്നു. ഉച്ചയിലേക്ക് നോക്കിയിരിക്കുക എന്ന് പറയുമ്പോൾ യൗവ്വനത്തിൽ തുടങ്ങിയ സമരമാണ്.   ചില ജീവിതങ്ങൾ അങ്ങിനെയാണ്. സത്യത്തിൻ്റെ പാതയിലൂടെ ചരിച്ചാലും വിപരീത ദശാസന്ധികളിലേക്കെത്തിക്കും . ജീവിതത്തിൻ്റെ ഊർജ്ജസ്വലത നഷ്ടപ്പെടാറാവുമ്പോഴായിരിക്കും ഫലശ്രുതിയുണ്ടാവുക. ജീവിത പോരാട്ടത്തിൽ ഓജസ്സ് വറ്റി കാലവിളംബമേറ്റെങ്കിലും  സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വിരുന്നു വന്ന തിളക്കമുറ്റ നക്ഷത്രമായി സത്യം തിളങ്ങി നിൽക്കുന്നിടത്ത്   ഈ കഥ പൂർണ്ണമാകുന്നു.   വായന അന്ത്യത്തിലെത്തുമ്പോൾ  നീതി ലഭിച്ചെങ്കിലും നമുക്കുള്ളിലും  ഒരു അറിയാവ്യഥയുടെ നീറ്റലനുഭവപ്പെടാം. അത് തന്നെയല്ലെ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള പാരസ്പര്യം!


... ഇന്ദിരാ ബാലൻ ....

No comments: