ഒറ്റമരക്കാട് - ഇന്ദിരാ ബാലൻ
ഉണങ്ങിയോ ചില്ലകൾ കരിഞ്ഞുവോ പൂക്കൾ
വിളറി വെളുത്തു നിൽപ്പൂ ഒറ്റമരക്കാട്
എത്ര പുഷ്ക്കലമായിരുന്നു ചുറ്റും
തുറന്നൊരാകാശം, ചിരിക്കും നക്ഷത്രങ്ങൾ, തലയാട്ടും കുഞ്ഞു ചെടികൾ, പാട്ടുപാടും കാട്ടുചോലകൾ, സ്വപ്നങ്ങൾ വിതറുംപൂമ്പാറ്റകൾ, സ്വർണ്ണ വെയിൽനാളങ്ങളായ് വർണ്ണത്തുമ്പികൾ ,തുള്ളിക്കളിക്കും കലമാനുകൾ, നിശ്ശബ്ദ സൗന്ദര്യമായ് വെള്ളില പൂക്കൾ, അഞ്ജനം ചാർത്തിയ ശംഖുപുഷ്പങ്ങൾ, പൂത്തുലയും കുടമുല്ലകൾ
തെറ്റുകൾ മായ്ക്കും മഷിത്തണ്ടുകൾ, ചുറ്റിപ്പിണരും സ്നേഹത്തിൻ വള്ളിപ്പടർപ്പുകൾ
ഒക്കെവേ കരിഞ്ഞു പോയി കാട്ടുതീയിൽ
വീണ്ടും കുരുത്തു തളിർക്കാനെത്ര നേരം
നെറികേടിൻ ചൊല്ലുകൾ മാത്രം
പടർന്നു പിടിക്കുന്നതതിവേഗം ,കാപട്യ-
ത്തിൻ യന്ത്രശാലയിലൊരുങ്ങുന്നു
നുണകൾ തൻ പുതിയ തന്ത്രങ്ങൾ
അസഹിഷ്ണുത തൻ ചുവപ്പു പടർന്ന
മുഖങ്ങളിൽ വലിയുന്നു പേശികൾ
ശ്വാസനിശ്വാസങ്ങളിൽപ്പോലും കൊടും വിഷം
എന്നാലുമീ ഏകാന്ത വനവീഥിയിൽ
ഒറ്റമരമായി തന്നെ നിന്ന് പൊരുതി
നേടും പുതിയൊരറിവിൻ പന്തങ്ങൾ ...!
No comments:
Post a Comment