Wednesday, May 27, 2009

തൊട്ടില്‍


തൊട്ടിലാട്ടുന്നിതാ പേരാലിങ്കൊമ്പിലൊരു
മുത്തശ്ശിയമ്മ തണ്റ്റെ ശോഷിച്ച കയ്യാലെ
ഇടറുന്ന കണ്‌ഠത്തില്‍ നിന്നുമുയരുന്നു
തരളമാമുറക്കു പാട്ടിന്‍ ശീലുകളും
ഏതു ഭാഷയാണേലും അമ്മ തന്‍ നെഞ്ചില്‍-
നിന്നുയരുന്ന പാട്ടിന്‍ താളവുമീണവുമൊന്നുപോലെ...
കൈകാലിട്ടിളക്കി വിശപ്പിന്‍ വിളി സഹിയാഞ്ഞൊരു
കുഞ്ഞിന്‍ കരച്ചിലുമുച്ചസ്ഥായിയില്‍
പുതുവഴികള്‍ വെട്ടുന്നതില്‍ ശ്രമം പൂണ്ടിവള്‍
തന്‍ ജന്‍മ ദാതാക്കളീയെരിയും സൂര്യജ്വാലയില്‍
തളര്‍ന്നവശത പൂണ്ടു പേശികള്‍ മുറുകി
വിയര്‍പ്പാറ്റി കുറുക്കുന്നുയീ നര ജന്‍മങ്ങള്‍
ലോലമാം കയ്യാല്‍ വീശുക തെന്നലെയീ കുഞ്ഞിന്‍-
വരളും ചുണ്ടുകള്‍ക്കിത്തിരി പാല്‍ മണവും...
അമ്മിഞ്ഞപ്പാലില്ലയിവള്‍ക്കേകുവാനായി
മാംസമടര്‍ന്നോരമ്മ തന്‍ നെഞ്ചിന്‍
കൂടില്‍ വേനല്‍ താപത്തിലുരുകുന്നു വേദനക്കനലും
വറ്റി വരളുന്നൊരാ ജീവിതപടിയില്‍
ഋതുഭേദങ്ങളില്ലാതെയദ്ധ്വാനിപ്പൂയീ-
മനുഷ്യക്കോലങ്ങള്‍ ജീവിത വന്ടിയുന്തുവാന്‍
അന്നമില്ല,കുടിനീരില്ല,മാറ്റിയുടുക്കനൊരു
തുണ്ടു പഴന്തുണിപോലുമില്ലായീ പാവങ്ങള്‍ക്ക്‌
അപ്പോഴും കാണ്‍മൂ നാം ലോകത്തിന്‍ മറുപുറം
ആഡംബരത്തിന്നലുക്കുകളായാടുന്നുമണിതൊട്ടിലുകള്‍
കുഞ്ഞേ, നിനക്കു വിധിച്ചതീ വൃക്ഷത്തിന്‍ കയ്യിലെ തൊട്ടില്‍
ശാന്തമായുറങ്ങുക പ്രകൃതി തന്‍ താളത്തില്‍
ഉരുവിടുന്ന കിളികള്‍ തന്‍ കളമൊഴികളും കേട്ട്‌
വിശപ്പിന്‍ ശത്രു മുരളുന്നുവോ നിന്നുദരത്തില്‍
എന്‍ മണികുഞ്ഞേ ഞാനുമൊരു ഭിക്ഷാംദേഹി
താരാട്ടിലലിഞ്ഞു കേള്‍പ്പതേതു വിഷാദ രാഗം?
ജീവിതമേറെ കണ്ടൊരീ മുത്തശ്ശി തന്‍ ഗദ്ഗദമൊ...
പുതു വഴിയായാല്‍ കയ്യളാനെത്രയൊ പേറ്‍
വഴി തീര്‍ത്തവരൊയധ:കൃതരുമന്യരുമാകുന്നു
നെറികേടുകള്‍ കുന്നുകൂടുന്നൊരു ലോകമേ
നീ പുറം തിരിഞ്ഞു മുഖമടച്ചുനില്‍ക്കാതെ
നല്‍കുകയീ ചോര നീരാക്കുന്നവറ്‍ക്കിത്തിരി തണലും....... ! ....

2 comments:

സബിതാബാല said...

നല്ല വരികള്‍...

വരവൂരാൻ said...

ഇഷ്ടപ്പെട്ടു വരികൾ