Social Icons

Friday, June 12, 2009

മിഴി കൂമ്പിയ നീറ്‍മാതളപ്പൂക്കള്‍കഥകള്‍ മനസ്സിലേക്ക്‌ തളിരിട്ടു വന്ന നാള്‍ മുതല്‍ക്കേ കേള്‍ക്കുന്ന പേരായിരുന്നു ഈയ്യിടെ അന്തരിച്ച പ്രശസ്ത കഥാകാരി മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടേത്‌. പിന്നീട്‌ അവരുടെ ശില്‍പ്പചാതുരിയാറ്‍ന്ന കഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആ പേര്‌ പച്ചകുത്തിയതുപോലെ ഹൃദയത്തില്‍ പതിഞ്ഞു. ഓരോ കഥകളിലും കണ്ട സ്ത്രീകഥാപാത്രങ്ങള്‍. അവരെല്ലാം ഞാനെവിടെയൊക്കെയൊ വെച്ച്‌ പരിചയപ്പെട്ടവരല്ലെയെന്നും.ഒറ്റപെടുന്ന സ്ത്രീത്വത്തിന്‍റെ വേദനകള്‍ എന്‍റെതുകൂടിയല്ലേയെന്നും എനിക്കു തോന്നിയിരുന്നു. കാല്‍പ്പനിക ചാരുതയാറ്‍ന്ന അയത്നലളിതമായ വള്ളുവനാടന്‍ശൈലിയിലൂടെ ഒഴുകുമ്പോള്‍ ഒരു പക്ഷേ ഞാന്‍ മറന്നുതുടങ്ങിയ എന്‍റെ ഭാഷ എനിക്കു തിരികെ ലഭിച്ചു.അതെല്ലാം നിലച്ചിരിക്കുന്നുവെന്ന ജീവിതത്തിന്‍റെ അപ്രതിരോധ്യസത്യത്തെ അംഗീകരിക്കുവാന്‍ മനസ്സ്‌ വിസമ്മതിച്ചു.
ആര്‍ജ്ജവവും.ഓജസ്സും നിറഞ്ഞ ഭാവസുന്ദരമായ കവിതപോലെയുള്ള കഥകള്‍. സമൂഹത്തിന്‍റെ പൊയ്‌ മുഖങ്ങളെ തുറന്നുകാട്ടുമ്പോള്‍ മനുഷ്യന്‍റെ പച്ചയായ "സ്വത്വം"തന്നെയല്ലെ നാം കണ്ടത്‌. രതി, മനുഷ്യനിലെ സ്വാഭാവികമായ ഒരാവേഗമായിരുന്നതിനാല്‍ തുറന്നെഴുതുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞപ്പോള്‍ നെറ്റി ചുളിക്കയും ചെളി വാരിയെറിയുകയും ചെയ്ത സമൂഹം തന്നെ അവരുടെ മരണം ഒരാഘോഷമാക്കിയത്‌ ദൃശ്യമാധ്യമങ്ങളിലൂടെ നാമെല്ലാം കണ്ടതല്ലെ. ഓന്തിനെപ്പോലെ നിറം മാറുവാന്‍ സമൂഹത്തിനൊട്ടും ലജ്ജയില്ലെന്നതിന്‌ ഒരു ദൃഷ്ടാന്തം കൂടിയായിരുന്നു ആകാഴ്ചകള്‍ ഇതൊക്കെ കണ്ട്‌ അവരുടെ ആത്മാവു എത്രകണ്ട്‌ വേദനിച്ചിട്ടുണ്ടാകും!
ഇപ്പോള്‍ നീറ്‍മാതളം തന്‍റെ പ്രിയ്യപ്പെട്ട കൂട്ടുകാരിയെ തിരയുകയാവില്ലേ? ശോകമൂകമായി വിരഹവേദനയാല്‍ വീറ്‍പ്പു മുട്ടുന്ന ആ പൂക്കളെ കുറിച്ചോറ്‍ക്കുമ്പോള്‍ രവീന്ദ്രനാഥ ടാഗോറിന്‍റെ ഗീതാഞ്ജലിയിലെ ഈ വരികളാണെനെറെ മനസ്സില്‍ തിരയടിക്കുന്നത്‌. "കൂരിരുള്‍ ചൂഴുമീ രാവിന്‍റെ യാമങ്ങള്‍ ഏതു രാഗത്തിനാല്‍ പൂറ്‍ണ്ണമാക്കേണ്ടു ഞാന്‍"......മിതമായ ചായകൂട്ടില്‍ ചാലിച്ചെടുത്ത്‌ പ്രകൃതിയുടെ ശബ്ദ താള ചലന മാധുര്യം ഹൃദയത്തിലാവാഹിച്ചെടുത്ത്‌ കൈരളിക്കു നല്‍കിയ ഭാവരാഗ നിബദ്ധമായ എത്രയെത്ര കഥകള്‍ കണ്ണീറ്‍ പൊഴിച്ചു നില്‍ക്കുന്നു. ആ നീറ്‍മാതളപ്പൂക്കളൊ ഇപ്പോള്‍ വിരിയാനാകാതെ മിഴികൂമ്പി നില്‍ക്കയായിരിക്കാം. തന്‍റെ പ്രിയ സഖിയുടെ വേറ്‍പാടോറ്‍ത്ത്‌ ....... "സ്നേഹമാണ്‌ ഏറ്റവും വലിയ മതമെന്ന്" പഠിപ്പിച്ചു തന്ന് മഹാഗണിയും വാകമരവും കാവല്‍നിന്ന് തണല്‍ വിരിച്ച മണ്ണിന്‍റെ മാറില്‍ ശാന്തമായുറാങ്ങുന്ന അമ്മേ അവിടുത്തേക്കായിതാ വാക്കിന്‍റെ ഒരു പിടി അശ്രുപുഷ്പങ്ങള്‍

1 comment:

പാലാ ശ്രീനിവാസന്‍ said...

എനിക്ക് താങ്കളുടെ ധാര്‍മ്മിക രോഷത്തോടുയോജിക്കാനാവുന്നില്ല,
ഈ സമൂഹം എന്നത് വളരെ വലിയ ഒരു ക്യാന്‍‌വാസാണ്,
ആമിയെ ചെളിവാരിയെറിഞ്ഞവരും,
ആമിയേ ആരാധിച്ചവരും,
ആമിയേ സ്നേഹിച്ചവരും
ആമിയെന്ന വ്യക്തിയേ വെറുത്തുകൊണ്ട്
അവരുടെ രചനകളേ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നവരും
എല്ലാം ഇതില്‍ വരും,

അഭിനന്ദനം പോലെ തന്നേ അവര്‍ അവഹേളനവും
അര്‍ഹിച്ചിരുന്നു എന്ന് വിചാരിക്കുന്ന ഒരാളാണുഞാന്‍,
അത് ഞാന്‍ അവര്‍ക്ക് കൂപ്പുകൈ അര്‍പ്പിച്ചുകൊണ്ട് എഴുതിയ “അവസാനത്തേ അതിഥി”എന്ന ബ്ലോഗ് പോസ്റ്റില്‍ (ഇലപൊഴിയും കാലം)പ്രകടിപ്പിച്ചിട്ടുണ്ട്

പിന്നെ ഞാന്‍ അവരേപ്പറ്റി പലരുമെഴുതിയ ബ്ലോഗുകള്‍ വായിച്ചിരുന്നു
അവരുടെ ഒരു പുസ്തകത്തേയും പറ്റി പ്രത്യേകിച്ച്
പറയാതെ അവരേപ്പറ്റി,അവരുടെ രചനാശൈലിയേപ്പറ്റി മാത്രം എഴുതപ്പെട്ട ഈ ബ്ലോഗ് പ്രത്യേകം ശ്രദ്ധിച്ചു,നന്നായിരിക്കുന്നു.

 
Blogger Templates