Friday, June 4, 2021

 മഹാകവി ഓ.എൻ.വിക്ക് സ്മരണാഞ്ജലി)

വിട -ഇന്ദിരാ ബാലൻ
നിറങ്ങൾ തൻ നൃത്തം
മറഞ്ഞൊരീ മണ്ണിൽ
എരിയുംചിതാഗ്നിയിൽ നിന്നും
പറന്നുയർന്നുപാടിയകലുന്നിതാ
ശാർങ്ഗപ്പക്ഷികൾ ......
ജീവനിലെ ഉപ്പായലിഞ്ഞു
ചേർന്നൊരീ മുത്തശ്ശി തൻ
മിഴികളും തോരാമഴയായ്
പെയ്തൊഴിഞ്ഞെങ്കിലും
മായില്ലൊരിക്കലും
തോന്ന്യാക്ഷരത്തിൻ നിലാമഴകളും .....
പേരറിയാത്ത പെൺകിടാവിൻ
കഥ വ്യഥയായ് പാടിയകന്ന
കാവ്യസൂര്യാ ശിരസ്സു നമിക്കുന്നേൻ
നോവിൻ ഉച്ചവെയിലിൻ ചൂടിൽ
അക്ഷരത്തിന്നുച്ചസ്ഥായിയിൽ
സർഗ്ഗതൂലിക തൻ മഷി വറ്റി,പതിയെ
പടിയിറങ്ങിയെങ്കിലും, അസ്തമിക്കില്ല
ഒളി ചിതറിയ വാക്കിൻ ഇന്ദ്രജാലങ്ങളൊരിക്കലും.........-
തൂലികത്തുമ്പിലെ വറ്റാത്ത മഷിക്കടലായൊഴുകുന്നു
താവക വിരഹത്തിൻ അനുപല്ലവികളും
മൊഴിയാഴങ്ങളിൽ പഴമനസ്സുകൾ കുഴിച്ചിട്ട
മലയാളമണ്ണിൻ തേനും പാലുമിണക്കിച്ചേർത്തു
.കാവ്യമധുരം വിളമ്പിത്തന്ന കവേ കണ്ണീരോടെ വിട ..!
വിണ്ണിൻ ദീപ്തമാം ഉയരങ്ങളിലിരുന്നു
തലോടുകയീ മണ്ണിന്നാർദ്രമാം
ആഴങ്ങളെയെന്നും
മധുരിക്കും ഓർമ്മകളെ
മലർമഞ്ചലിൽ കിടത്തി
വിശ്രുതനായുറങ്ങുക ശാന്തിഭൂവിൽ ........
കൈരളി തൻ നിറുകയിലെന്നും
പൊൽത്തിങ്കൾക്കലയായ്
കാവ്യഹിമവൽസാനുവിലേറിയ
ഭാവഗായകാ നേരുന്നേൻ
അശ്രുധാരയിൽ കുതിർന്നൊരുപിടി
വാക്കുകളാൽ ആത്മശാന്തി

No comments: