കഥകളിയെന്ന സങ്കേതബന്ധമായ കല അഭ്യസിക്കുന്നത് പുരുഷന്മാരാണ്. എന്നാൽ വിരളമായി സ്ത്രീകളും രംഗത്തെത്തിയിട്ടുണ്ട്. . കഴിഞ്ഞ അറുപതു വർഷങ്ങളായി സ്ത്രീ വേഷങ്ങൾ മാത്രം അവതരിപ്പിച്ച് വ്യത്യസ്ത സ്വത്വശുദ്ധിയുള്ള വിഭിന്ന നായികമാരുടെ ലാസ്യ വിലാസങ്ങളും, ആത്മസംഘർഷങ്ങളും ,ശക്തിസ്‌വരൂപതയുമെല്ലാം ആഴത്തിൽ ആടി ഫലിപ്പിച്ച് കഥകളിയിൽ സമുന്നത സ്ഥാനം നേടിയ വ്യക്തിത്വമാണ്` "കോട്ടക്കൽ ശിവരാമൻ "എന്ന അതുല്യ കലാകാരന്റേത്. കഥകളിയിൽ ഒരു കാലത്ത് അവഗണിച്ചു പോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാത്തതാക്കി അർഹമായ ആദ്യവസാനസ്ഥാനം സ്ഥാപിച്ചെടുത്ത "മഹാനടൻ" എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാം. കഥകളിയരങ്ങിന്റെ വഴി തിരിച്ചുവിട്ട ഈ പ്രതിഭ 1936 ജൂലായ് 26 ന് പാലക്കാട്` ജില്ലയിലെ കാറൽമണ്ണയിൽ ജനിച്ചു. പുലാമന്തോൾ ഞാളൂർ തറവാട്ടിൽ കുഞ്ഞുണ്ണിനായരുടേയും കാറൽമണ്ണ വാരിയത്തു പള്ള്യാലിൽ കാർത്ത്യായനിയമ്മയുടേയും എട്ടാമത്തെ മകനായിരുന്നു ശിവരാമൻ. മദിരാശി വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അച്ഛനെ കുട്ടിക്കാലത്തേ ശിവരാമന് നഷ്ടപ്പെട്ടു. കാറൽമണ്ണ എൻ. എം. നമ്പൂതിരി മെമ്മോറിയൽ ഹയർ എലിമന്ററി സ്ക്കൂളിൽ നിന്നു് അഞ്ചാം ക്ലാസ്സോടെ സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം നിർത്തേണ്ടി വന്നു. 13 വയസ്സുള്ളപ്പോൽ 1949 ജൂലായ് 29 ന് കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൽ കഥകളിയഭ്യാസം തുടങ്ങി. കഥകളിയുടെ കുലപതികളിലൊരളും ,അമ്മാമനുമായ "പദ്മശ്രീ" വാഴേങ്കട കുഞ്ചുനായരായിരുന്നു ഗുരു. മകന് ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടുമല്ലൊയെന്നായിരുന്നു അമ്മ കാർത്ത്യായിനിയമ്മയുടെ ആശ്വാസം. നാട്യസംഘത്തിലെ കഥകളിയഭ്യാസത്തോടൊപ്പം കോട്ടക്കൽ ആര്യവൈദ്യശാലയിൽ മാസം 30 രൂപ ശംമ്പളത്തിൽ ചെറിയ ജോലിയും ലഭിച്ചു. ആദ്യമായി കോട്ടക്കൽ വിശ്വംഭര ക്ഷേത്രത്തിൽ ലവണാസുരവധത്തിലെ "ലവനായി" അരങ്ങേറ്റം കുറിച്ചു. 1958 -ൽ ഡൽഹിയിൽ ജവഹർലാൽ നെഹ്‌റു ,ഡോ:എസ് രാധാകൃഷ്ണൻ, ഇന്ദിരാഗാന്ധി എന്നിങ്ങനെ വി.ഐ.പി സദസ്സിനു മുന്നിലായിരുന്നു ആദ്യമായി സ്ത്രീ വേഷം കെട്ടിയത്. നിശ്ച്ചയിച്ച നടൻ എത്താതിരുന്നപ്പോൾ പകരക്കാരനായി നളചരിതം രണ്ടാം ദിവസത്തിലെ ദമയന്തിയായി ആടിയത് കുഞ്ചുനായരാശാന്റെ നളനോടൊപ്പമായിരുന്നു. അതു ജീവിതത്തിന്റെയും കലാജീവിതത്തിന്റെയും വഴിത്തിരിവായി. പിന്നീടു അരനൂറ്റാണ്ടുകാലം കോട്ടക്കൽ ശിവരാമൻ അരങ്ങിൽ അവതരിപ്പിച്ച സ്ത്രീ കഥാപാത്രങ്ങൾ നായക വേഷങ്ങളേക്കാൾ പ്രോജ്ജ്വലിച്ചു നിന്നു. ഗുരുനാഥനു കീഴിലെ 11 വർഷത്തെ നിരന്തര അഭ്യസനം ശിവരാമനിലെ നടനെ തേച്ചുമിനുക്കിയെടുത്തു. കഥകളി പഠിക്കാനുണ്ടായ അവസരത്തെക്കുറിച്ചു അദ്ദേഹം തന്നെ വെളിപ്പെടുത്തിയകാര്യങ്ങൾ ഇതാ ഇങ്ങിനെ"കഥകളിയോടുള്ള കമ്പമൊന്നുമല്ല. ദാരിദ്ര്യവും വിശപ്പുമായിരുന്നു കഥകളിക്കാരനാവാനുള്ള കാരണം "എന്ന്. പിന്നീടു കലാലോകവും തിരിച്ചറിഞ്ഞു , അതായിരുന്നു അദ്ദേഹത്തിന്റെ നിയോഗമെന്ന്. പഠനം ആദ്യം കോട്ടക്കലായിരുന്നെങ്കിലും കുഞ്ചു നായർ കലാമണ്ഡലം പ്രിൻസിപ്പലായപ്പോൾ ശിവരാമനും അങ്ങോട്ടു മാറി. കുറച്ചു കാലം കൊല്ലങ്കോട് രാജാസ് ഹൈസ്ക്കൂളിൽ കഥകളിയാശാനായി. ഇക്കാലത്ത് മഹാകവി പി. യുമായി പരിചയപ്പെടാനവസരം ലഭിച്ചു. പി. അദ്ദേഹത്തിനെ വിളിച്ചിരുന്നത് "ദമയന്തി ശിവരാമൻ "എന്നായിരുന്നു. കുറച്ചു കാലം ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ കലാനിലയത്തിൽ വേഷ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ഗുരു കുഞ്ചു ക്കുറുപ്പു മുതൽ ലോകപ്രശസ്തരായ അഞ്ചു തലമുറയിലെ ആദ്യാവസാന വേഷക്കാർക്ക് അദ്ദേഹം നിത്യഹരിത നായികയായി. സ്ത്രീ ധർമ്മ സംസ്ഥാപനത്തിന് പരമാത്മാവ് പ്രീത്യാ നിർമ്മിച്ചതായിരുന്നു ആ മുഖസൗന്ദര്യം. അക്ഷരാർത്ഥത്തിൽ തന്നെ കഥകളിയുടെ ഈറ്റില്ലത്തിൽ പിറന്നു വീണ കവി, ഒളപ്പമണ്ണ ശിവരാമനെ ഇങ്ങിനെ വിലയിരുത്തി, "ഭാവത്തിന്റെ പരകോടിയിൽ മുദ്രകളും ചലനങ്ങളും ഇല്ലാത്ത രസസായൂജ്യം ആസ്വാദകർ ശിവരാമനിൽ നിന്നനുഭവിക്കുന്നു." ഇത്ര വാസനാസമ്പന്നനായ മറ്റൊരു സ്ത്രീ വേഷകലാകാരൻ ദീർഘകാലം കഥകളിയുടെ തറവാട് ഭരിച്ചിട്ടില്ല. " അരങ്ങിലെ ചിരകാല ദമ്പതിമാരെന്ന് വിശ്രുതമാണ്` ഗോപി-ശിവരാമൻ ജോഡികൾ. ചേഷ്ടകളും ,ഭാവപ്രകാശനവും, പാത്രപരിചരണവുമെല്ലാം ശിവരാമൻ സ്വയം സൃഷ്ടിച്ചെടുത്തവയാണ്`. മറ്റൊരു സ്ത്രീ വേഷക്കാരനും വശപ്പെടുത്താനാവാത്ത വിധം സവിശേഷമാണ്` ശിവരാമന്റെ "നാട്യശിൽപ്പം". എന്നാണ്` തന്റെ രംഗനായികയുടെ നാട്യസിദ്ധിയെപ്പറ്റി ഗോപിയാശാന്റെ അനുഭവരേഖ. ശിവരാമന്റെ കലാജീവിതം സ്ത്രീ കഥാപാത്രങ്ങളുടെ മുന്നേറ്റമായി. അകൃത്രിമവും, ലളിതസുന്ദരവുമായ തന്റെ വള്ളുവനാടൻ ശൈലിയിൽ സംസാരിക്കുമ്പോൾ "ഞാൻ" എന്റെ" തുടങ്ങിയ ഉത്തമ പുരുഷ സർവ്വനാമങ്ങൾ ഉപയോഗിക്കില്ല. .പകരം സ്വന്തം പേരു തന്നെയാണ്` പറയുക. ആട്ടക്കഥാപാത്രങ്ങളല്ല, ആത്മപാഠങ്ങളാണ് ശിവരാമൻ ആവിഷ്‌ക്കരിച്ചതു. അതിനാലത് അനനുകരണീയമായി നിലനിന്നു. വേഷഭംഗികൊണ്ടു മാത്രം ഒരു നടനു നിലനിൽക്കാനാവില്ല. പാത്രനീതി പുലർത്തണം , ശിവരാമന് അതു തീർച്ചയായിരുന്നു. ആരോഗ്യകരമായിത്തന്നെ തല ഉയർത്തിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ ജീവിതം. അമിത ദാസ്യമോ,വിനീത വിധേയത്വമോ ആ ജീവിത നിഘണ്ടുവിലില്ല. മനസ്സിന്റെ സാംസ്ക്കാരിക സമ്പന്നതയായിരുന്നു ആ വേഷങ്ങളുടെ മൗലികത. ഏതു പുരുഷവേഷത്തോടും സമസ്ഥാനീയമാവുന്നു ശിവരാമന്റെ സ്ത്രീ കഥാപാത്രങ്ങൾ. സ്ത്രീക്കും പുരുഷനോടൊപ്പം വ്യക്തിത്വമുണ്ടെന്ന് തെളിയിക്കുകയും വ്യത്യസ്തവും പുതുമയുമുള്ള ഒരു രംഗഭാഷ നിർമ്മിച്ചെടുക്കുകയും ചെയ്തു ശിവരാമൻ. മുദ്ര കുറച്ച് ഭാവാഭിനയം കൊണ്ട്` ഈ മഹാനടൻ രംഗസാഫല്യം നേടി. നാടകീയത നിറഞ്ഞ കഥകളിലാണ് അദ്ദേഹത്തിന്റെ വേഷങ്ങൾ തിളങ്ങിയത്. നളചരിതം, രുഗ്‌മാംഗദചരിതം, ലവണാസുരവധം, കീചക വധം, കർണ്ണശപഥം, തുടങ്ങി എത്രയോ ആട്ടക്കഥകൾ. നാടകദർശനങ്ങളോടു സമരസപ്പെടുന്ന ഒരു മനസ്സിന്നുടമയായിരുന്നു അദ്ദേഹം. വായനയുടെ സംസ്ക്കാരം പകർന്നു നൽകിയ പാത്രബോധം ഇതിനു ശക്തിയേകി. അരങ്ങിലെ പ്രശസ്തിക്കൊപ്പം നിരവധി അംഗീകാരങ്ങൾ ഈ പ്രതിഭാശാലിയെ തേടിയെത്തി. പതിനായിരം രൂപയും, കീർത്തിപത്രവും, അടങ്ങുന്ന കലാമണ്ഡലത്തിന്റെ പ്രഥമ കലാരത്ന പുരസ്ക്കാരം, നിരവധി ഫെല്ലോഷിപ്പുകൾ, 2009 ലെ സംസ്ഥാന കഥകളി പുരസ്ക്കാരം, സംസ്ഥാന സർക്കാരിന്റെ കളിയരങ്ങിലെ"സ്ത്രീ രത്നം" ബഹുമതി , കേന്ദ്ര-കെരള സംഗീത നാടക അക്കാദമി അവാർഡുകൾ , നടൻ മോഹൻ ലാൽ ചെയർമാനായ തൃപ്പുണിത്തുറ ജെ.ടി. പാക് ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപയുടെ കഥകളി ഫെല്ലോഷിപ്പ്.... അങ്ങിനെ നീളുന്നു അംഗീകാരങ്ങൾ. കഥകളിക്കു വേണ്ടി ഉഴിഞ്ഞു വെച്ച കളിയരങ്ങിലെ ഈ പെണ്ണവതാരപുരുഷൻ ഇക്കഴിഞ്ഞ ജൂലായ് 19 ന് ഈ ലോകത്തോട് വിട പറഞ്ഞു. എന്നിരുന്നാലും ആസ്വാദക ഹൃദയങ്ങളിലൂടെ അദ്ദേഹം ചിരംഞ്ജീവിയായിരിക്കും. ഉദാത്ത ഭാവങ്ങളുടെ മഴവില്ലു വിരിയിച്ച ആ മഹാനടന്റെ ദീപ്തസ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികളർപ്പിച്ചുകൊണ്ടു ഈ അനുസ്മരണത്തിനു വിരാമമിടുന്നു. . . |
Thursday, July 22, 2010
കളിയരങ്ങിലെ പെണ്ണവതാര പുരുഷന്‍
Subscribe to:
Post Comments (Atom)
2 comments:
nice one
kathakaliyude soundaryathe ,mahaneeyathaye aduthariyan nhangal aarambhicha oru samithiyanu kalamandalam hyderali smaraka kathakali samithi puliyanam near angamally.sept.4nu we have conducted a programme of kathakali and a mammorial speech on the blessed but departed artist sri. kottackal sivaraman.
Post a Comment