Monday, May 29, 2017

അമ്മക്കൊരു ദിനമൊ?


അമ്മ എന്നത് മാനവികതയാണ്. സർവ്വമാനവഗുണങ്ങളും തികഞ്ഞ ഭാവം. അതാണു അമ്മയുടെ സങ്കല്പ്പം. പക്ഷെ കാലപ്പകർച്ചയിൽ അമ്മ എന്ന അർത്ഥവിശേഷണത്തിനും അർഥലോപങ്ങൾ സംഭവിച്ചു എന്നത് സത്യം. പക്ഷേ ശരിയായ അമ്മ എന്നും ആ വിശേഷണത്തിന്നർഹയായിരിക്കും.
ഒരു പെൺകുട്ടി ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നതോടുകൂടി അവൾ മാനസികമായും ശാരീരികമായും അമ്മ എന്ന ഭാവത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. മക്കളെ നെഞ്ചോട് ചേർത്ത് വെച്ച് എന്നും തന്റെ ചിറകിനുള്ളിൽ സംരക്ഷണം നല്കി കാത്തുസൂക്ഷിക്കുന്നവർ.അവർ അമ്മക്കരികിൽ നിന്നും എത്രദൂരെയാണെങ്കിലും ഓരോ നിശ്വാസത്തിലും മക്കൾക്കായി പ്രാർത്ഥനാനിരതരായി ഇരിക്കുന്നവർ. വർത്തമാനകാലത്ത് അമ്മമാരെ ശ്രദ്ധിക്കാത്ത എത്രയോ അമ്മമാരുടെ ദുഃഖം നേരിലറിഞ്ഞിട്ടുള്ള വ്യക്തി എന്ന നിലക്ക് ചില കാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാനാവില്ല. ജീവിതത്തിലെ സന്തോഷങ്ങളെല്ലാം മാറ്റിവെച്ച് മക്കൾക്കായി ജീവിതം ഉരുക്കിത്തീർത്തവർ ഇന്ന് പടിക്കു പുറത്തു ധാരാളമുണ്ട്.കണ്ണീർ തുളുമ്പിയ മിഴികളുമായി കീറിയ ജീവിതം വീണ്ടും വീണ്ടും തുന്നിച്ചേർത്തുകൊണ്ട് മക്കളെ ഭയത്തോടെ കാണുന്ന അമ്മമാർ! മക്കൾ കുടുംബമായിക്കഴിയുമ്പോൾ അമ്മ അവർക്കധികപ്പറ്റാവുന്നു. അമ്മയുടെ ഇഷ്ടാനിഷ്ടങ്ങളെല്ലാം മാറ്റിവെച്ച് ഒരു കാരാഗൃഹത്തിലെന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ മുറിച്ച് മുറിയ്‌ല് പൂട്ടിയിടുന്നവർ,തെരുവിലേക്കിറക്കിവിടുന്നവർ,അങ്ങിനെ എത്രയോ ഉദാഹരണങ്ങൾ സഹിതം ഈ സമൂഹത്തിൽ അമ്മമാർ ജീവിക്കുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ മറികടന്ന് നമുക്ക് സഞ്ചരിക്കാനാവില്ല. തങ്ങൾക്കു ഇതേ കാലഘട്ടം കാത്തിരിക്കുന്നുണ്ടെന്ന സത്യം അവർ വിസ്മരിക്കുന്നു. അമ്മ തണലും സ്നേഹവുമാണെന്ന് പല മക്കളും ആലോചിക്കുന്നില്ല്ല. സ്വന്തം കഴിവുകളുടെ മാറ്റുരച്ചുനോക്കാൻ പോലും ശ്രമിക്കാതെ മക്കൾക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച് മദ്ധ്യവയസ്സിലെത്തുമ്പോൾ രോഗിയും അശരണയുമാകുന്ന അമ്മമാരെ ശ്രദ്ധിക്കാതെ പോകരുത്.അമ്മമാർ ഒരിക്കലും മക്കളെ ശപിക്കില്ല. പക്ഷേ അവരുടെ വേദനകൾ മക്കളെ വേട്ടയാടും. അത് തീരാവേദനയായി ജീവിതത്തിൽ വന്ന് പതിക്കുമ്പോൾ പശ്ച്ചാത്തപിച്ചിട്ടോ മറ്റു കാരുണ്യപ്രവർത്തനങ്ങൾ ചെയ്തിട്ടോ ഫലമില്ലെന്നുകൂടി സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മരിച്ചുകഴിയുമ്പോൾ ഫോട്ടോസ് വെച്ച് പൂജകൾ ചെയ്തിട്ടോ അനാഥാശ്രമങ്ങൾക്ക് സഹായങ്ങൾ ചെയ്താലോ ചെയ്തുകൂട്ടിയ പാപങ്ങൾക്ക് മോക്ഷം ലഭിക്കില്ല. ജീവിച്ചിരിക്കുമ്പോൾ ചെയ്താലേ ആ പുണ്യം വരുംതലമുറയ്ക്കും കൈവരുകയുള്ളു. ആ ചിന്ത ഓരോ മക്കൾക്കുള്ളിലും ശക്തമായി ഉണ്ടെങ്കിൽ ഇവിടെ അശരണരായ അമ്മമാർ ഉണ്ടാവില്ല. തെറ്റുകുറ്റങ്ങൾ മനുഷ്യരിൽ സ്വാഭാവികമാണു പക്ഷേ അതു തിരിച്ചറിഞ്ഞ് ആത്മവിശകലനത്തിനു തയ്യാറായി സ്വയം മനസ്സിലാക്കാനും നല്ല രീതിയിൽ മാറാനും ഓരോരുത്തരും ശ്രദ്ധിക്കണം. ജീവിതം കവി പറഞ്ഞതുപോലെ ഒരു നീർപ്പോള പോലെയാണു. അതു പൊട്ടിപ്പോകുവാൻ അധികം സമയം വേണ്ട. പക്ഷേ ജീവിക്കുമ്പോൾ ചെയ്യേണ്ടതും ഓർക്കേണ്ടതുമായ കാര്യങ്ങൾ നിരവധിയുണ്ട്. അതു കൃത്യമായി ചെയ്തുതീർക്കാൻ ശ്രമിക്കുക.ആരേയും വേദനിപ്പിക്കാൻ ഇടവരാതെ. ഇവിടെ ഓരോ മാതാപിതാക്കളും സുരക്ഷിതരായിരിക്കണം മക്കളുടെ കൈകൾക്കുള്ളിൽ.ഒരു ദിനം മാത്രമല്ല എല്ലാ ദിനത്തിലും അമ്മക്ക് പ്രസക്തിയേറേയാണു. ലോകത്തിലെ എല്ലാ അമ്മമാർക്കുമായി മഹാപ്രണാമം!

No comments: