Social Icons

Monday, May 29, 2017

പ്രകൃതിസംഗീതമാകുന്ന തോറ്റ കുട്ടി


കമ്പോളവൽകൃത കാലഘട്ടത്തിൽ ബഹുനിലകെട്ടിടസമുച്ചയങ്ങളിൽ പാർക്കുന്ന ആധുനികമനുഷ്യന്റെ ചിന്തയിൽ നിന്നും തീർത്തും വിട്ടുപോയ മരതകപച്ചതുരുത്തുകളെ അതിന്റെ സർവ്വസൌന്ദര്യഭാവത്തിലൂടെയും വാർത്തെടുക്കുന്ന കവിതയാണു കവി റഫീക്ക് അഹമ്മദിന്റെ “തോറ്റ കുട്ടി” എന്ന കവിത. കവിത പുതിയ സങ്കേതങ്ങളെ തേടുകയും കാവ്യഭൂപടങ്ങളിൽ വികൃതവരകൾ ചാലിക്കുകയും ചെയ്യുന്ന ഈ കാലത്ത് തോറ്റ കുട്ടി ഭൌതികജീവിതത്തിൽ തോറ്റെന്ന് നിനക്കുമ്പോഴും അവൻ എത്തിനില്ക്കുന്നത് വിജയത്തിന്റെ മരതകക്കുന്നിലാണെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. മാനവികതയുടെ പച്ചതുരുത്തുകൾ നഷ്ടപ്പെടുമ്പോഴും ഉള്ളിലുള്ള സർഗ്ഗാത്മകതയിലൂടെ കവി വരച്ചിടുന്ന പ്രകൃതിയുടെ ജീവതാളത്തിന്റെ ഹൃദയ രേഖയാണു ഈ കവിത എന്നെനിക്കു തോന്നുന്നു. മുഖ്യധാരകളിൽ കാണുന്ന കവിതകളധികവും മനസ്സിലാവാറില്ല. മനസ്സിലാവാത്ത ഭാഷയിൽ ദുർഗ്രഹതയും വളച്ചുകെട്ടലുകളും ചേർന്നാൽ ഉദാത്ത കാവ്യശില്പ്പങ്ങളായിയെന്ന അബദ്ധധാരണകൾക്ക് കൂട്ടു നില്ക്കാനും കഴിയാറില്ല. അതുകൊണ്ടു തന്നെ ബഹുസ്വരതയുടെ കാവ്യമുഖങ്ങളിൽ നിന്നും ഈ കവിത അതിന്റെ തനതായ ഇടം നേടിയിരിക്കുന്നു. ജീവിതത്തിന്റെ ജ്യാമിതീയകള്ളികളിൽ നിന്നും ഒഴിഞ്ഞുപോകുന്ന കുട്ടി പ്രകൃതിയിലേക്കിറങ്ങുകയാണു. അവന്റെ കയ്യിലെ പുസ്തകം തോട്ടുവെള്ളത്തിലേക്കെറിഞ്ഞ്, കാറ്റിലേക്ക് കയ്യിലെ കുടയും കൊടുത്ത് , തുണ്ടുപെൻസിൽ വഴിയിലെറിഞ്ഞ് കണ്ട കാട്ടുവഴിയിലൂടെ നടക്കുന്നു. നടക്കുമ്പോൾ പിറകിൽ വന്ന് ആരൊക്കെയോ വിളിക്കുന്നതുപോലെ തോന്നുന്നു. അത് മനുഷ്യരാരുമല്ല തിത്തിരിപ്പക്ഷികളൊ കൊച്ചുത്തുമ്പിയോ മൈനയോ ഒക്കെയാവാം എന്നാണു കവി പറയുന്നത്.അഥവാ അവയുടെ മൂളലാവാം.പ്രകൃതിയിൽ നിന്നും അന്യ മാകുന്ന മനുഷ്യനിന്ന് തിത്തിരിപ്പക്ഷികളും മൈനയുമൊക്കെ അപരിചിതരാകാം. പോയ കാല ചിത്രത്തിന്റെ ഗൃഹാതുരത്വം കൂടി ഈ വരികളിലൂടെ ഒഴുകിവരുന്നതു ശ്രദ്ധേയം. കാട്ടുവള്ളി ഊഞ്ഞാലാക്കി ആടിക്കുതിച്ചവൻ പോകുന്നത് കാടിന്റെ നിബിഢ ഭംഗികളിലേക്കാണു. ബഷീറിന്റെ കഥയായ ഭൂമിയിലെ അവകാശികളെപ്പോലെ സർവ്വജീവജാലങ്ങൾക്കും ജീവിക്കാനവകാശമുള്ള മണ്ണിന്റെ വന്യഗർഭങ്ങളിലേക്ക്. മനുഷ്യരേക്കാൾ സ്നേഹമുള്ള മറ്റു ജീവജാലങ്ങൾക്കിടയിലേക്ക്.അവിടെയൊക്കെ ശ്വസിക്കുന്നത് വിഷവായുവല്ല പൂത്ത മുല്ലപ്പൂക്കളുടെ വശ്യസൌരഭമാണു. ആ സുഗന്ധത്തിൽ നീന്തുന്ന കാറ്റ് ഒരു സംഗീതമായവനു തോന്നുന്നു. പൂക്കളൊക്കെയും വാക്കുകൾ പായുന്ന കാട്ടരുവിയുടെ മധുരഗാനങ്ങളായും. അതിഭാവുകത്വങ്ങളൊട്ടുമേശാത്ത നൈസർഗ്ഗികമായ ഭാവന.രാത്രിയിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശമാകട്ടെ നീർത്തിവെച്ചൊരു പുസ്തകമായാണു കുട്ടിക്കനുഭവപ്പെടുന്നത്. കവിമനസ്സിലുള്ള കുട്ടി തന്നെയാണു ഈ കഥാപാത്രം. ഇന്നിന്റെ ചുടുചോര ചിന്നുന്ന സ്വാർത്ഥതയുടെ ലോകം തന്നെയാണു കുട്ടിയിലൂടെ കവിയെ ഇങ്ങിനെ ചിന്തിപ്പിക്കുന്നതും. അവസാനം തോറ്റിറങ്ങിവന്ന കുട്ടിയെ തോളത്തുവെച്ച് മരതകക്കുന്ന് പറയുന്നു ..നീയൊരിക്കലും തോല്ക്കുകില്ല നിന്നെ ഇവിടെയൊരു അമ്പിളിത്തെല്ല് കാത്തിരിക്കുന്നു എന്നു പറയുന്നിടത്ത് കവിതയുടെ വാതിലടയുന്നു. ഈ അമ്പിളിത്തെല്ല് പ്രത്യാശയുടെ പ്രകൃതിയുടെ സംഗീതം തന്നെയാണു. നമുക്കു ചുറ്റും പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന വിഭവങ്ങൾ വിലമതിക്കാനാവാത്തതാണു. അതറിയാൻ ആധുനികമനുഷ്യനൊട്ടും നേരവും ഇല്ല.കേവലം വാർത്തകളൊ പ്രസ്താവനകളൊ മുദ്രാവാക്യങ്ങളൊ കവിതയാകുന്ന വർത്തമാനത്തിന്റെ ഇടനാഴിയിൽ നിന്നും തീർത്തും വ്യത്യസ്ഥമായി കവിതയുടെ ജീവനരാഗങ്ങൾ പൂർണ്ണമായും ആവാഹിക്കുവാൻ ഈ കവിതക്ക് കഴിയുന്നു. കവിതാവഴികളുടെ മൌലികതയും ജൈവികതയും നഷ്ടപ്പെടുന്ന ലോകത്തേക്കു മരതകസൌന്ദര്യത്തിന്റെ ഉൾക്കാഴ്ച്ചയാണു ഈ കവിത വായനക്കാർക്ക് നല്കുന്നത്.

No comments:

 
Blogger Templates