Tuesday, June 6, 2017

ബ്രിജിയുടെ നാലാംചക്രവർത്തി.. ഒരെത്തിനോട്ടം..... ഇന്ദിരാ ബാലൻ


കൃതികളിലേക്കുള്ള എത്തിനോട്ടങ്ങൾ പലപ്പോഴും പൂർണ്ണങ്ങളല്ല. എന്നാലും നോക്കാതിരിക്കാനുമാവില്ല. കൃതികളുടെ നാലുവശങ്ങളിലേയും സൂക്ഷ്മാപഗ്രഥനം എന്നത് കൃച്ഛൃ സാദ്ധ്യമല്ല.
എഴുത്തുകാരിയേക്കാൾ വായനക്കാർ കൃതികളിൽ പൂർണ്ണമായും അടയിരുന്നാൽ മാത്രമെ ഏകദേശ പഠനം നിർവ്വഹിക്കാനാകു. ഭാവനയിൽകൂടി പ്രതിഫലിച്ചുകാണുന്ന ജീവിതത്തിനു ആകർഷകത കൂടും എന്ന മാധവിക്കുട്ടിയുടെ വാക്കുകൾ ഇവിടെ സ്മരണീയമാകുന്നു. കഥാകാരിയിൽ ഇടയ്ക്കു വന്നു വീഴുന്ന വെളിച്ചങ്ങളും ഇരുട്ടുകളും അനുഭവങ്ങളും കാഴ്ച്ചകളും എല്ലാം കഥയിലൂടെ ആവിഷ്ക്കരിക്കുമ്പോൾ അതിനു ഒരു കടലോളം ആഴം കൈവരുന്നു. അതാണു കഥാകാരിയും ചിത്രകാരിയുമായ ബ്രിജിയുടെ കഥകൾ. തിരുവനന്തപുരം ബുദ്ധ ബുക്സ് പ്രസിദ്ധീകരിച്ച "നാലാമത്തെ ചക്രവർത്തി " എന്ന കഥാസാമാഹാരത്തിലെ കഥകളാണു ഇവിടെ വിചിന്തനം ചെയ്യപ്പെടുന്നത്. സ്വതന്ത്രശീലനായ ഒരു കുതിരയെപ്പോലെ അവരുടെ തൂലിക ചലിക്കുന്നു. വർത്തമാനകാലത്തെ കഥകളിൽ ഏറിയ പക്ഷവും ധൈഷണികതലങ്ങളാണു മുന്നിട്ടു നില്ക്കുന്നത്. എന്നാൽ ബ്രിജിയുടെ കഥകൾ ഹൃദയത്തെ തൊടുന്നു.എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഹൃദയോന്മീലനം അവ സാദ്ധ്യമാക്കുന്നു. അതുകൊണ്ടു തന്നെ  വായനക്കാരനും അനായസേന കഥകളിലേക്ക് ആകർഷിക്കപ്പെടാം .കഥക്ക് പ്രധാനം വിചാരങ്ങൾ തന്നെയാണു. ആ വിചാരതലങ്ങളിലൂടെ പല ജീവിതങ്ങളുടെ പശ്ച്ചാത്തലങ്ങൾ മനോഹരമായ ഒരു ചിത്രംപോലെ   ജീവിതമാകുന്ന ക്യാൻവാസിൽ  ബ്രിജി വരച്ചിടുന്നു. കവിതകൾ തുളുമ്പുന്ന കഥകൾ. നാട്ടുവെളിച്ചങ്ങളും നഗരവെളിച്ചങ്ങളും ഒരു പോലെ ഇതിവൃത്തങ്ങളിൽ കടന്നുവരുന്നു. ഒപ്പം നീതിബോധവും അനീതിക്കെതിരെ  സൌമ്യമായ പ്രതിഷേധങ്ങളും പ്രതീക്ഷകളും നഷ്ടബോധങ്ങളും നിവൃത്തികേടുകളുമെല്ലാം കഥയുടെ വേദിയിലുണരുന്നു.

നാലാമത്തെ ചക്രവർത്തി എന്നതുകൊണ്ട് എഴുത്തുകാരി ഉദ്ദേശിക്കുന്നത് എന്നും വൈകിയെത്തുന്ന ഒരു കഥാപാത്രത്തെക്കുറിച്ചാണ്. സ്നേഹത്തിന്റെ വെട്ടം പരത്തി മിന്നിനിന്ന വലിയ നക്ഷത്രത്തെ പിന്തുടർന്ന് ഉണ്ണിയേശുവിനെ കാണാൻ പുറപ്പെട്ട നാലു രാജാക്കന്മാർ. പക്ഷേ യാത്ര പുറപ്പെടാൻ നിശ്ച്ചയിച്ച സ്ഥലത്ത് നിന്നും പുറപ്പെടാൻ വൈകിയപ്പോൾ മൂന്നു  പേർ യാത്ര തുടർന്ന് പല സ്ഥലങ്ങളിലും കാത്തു നിന്നെങ്കിലും നാലാമത്തെ ചക്രവർത്തി എത്താൻ വൈകുന്നു. എവിടെയും അവസരങ്ങൾ ഉണ്ടായിട്ടും അവിടെയൊക്കെ താൻ എത്താൻ വൈകുന്നല്ലൊ എന്ന വ്യഥ കഥാകാരിയുടെ വ്യഥ കൂടിയായി വായിച്ചെടുക്കാം.പക്ഷെ വൈകിയെത്തിയാലും എല്ലായിടത്തും നിറഞ്ഞു നില്ക്കുന്ന തൊമ്മൻ എന്നു വിവക്ഷിക്കുന്ന കഥാപാത്രം സ്വന്തം കാലിൽ ഉറച്ചു നിന്നു എന്നു പറയുമ്പോൾ എഴുത്തുകാരിക്കുള്ളിലും  സ്ഥൈര്യം നിറയുന്നു. . നാലാമത്തെ ചക്രവർത്തി എന്നതിൽ തികച്ചും  നാടകീയത തുടിച്ചു നില്ക്കുന്നു എന്ന് ആമുഖത്തിൽ ശ്രീ ജോർജ്ജ് ഓണക്കൂർ  വ്യക്തമാക്കിയിട്ടുണ്ട്. തൊമ്മൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ ഈ കഥയുടെ ഇതൾ വിടരുന്നു. 
വർത്തമാനജീവിതത്തിൽ പ്രസക്തമായ ഒരു വിഷയമാണു ”തൊപ്പിയിട്ടവൻ“ എന്ന കഥയിലൂടെ പരാമർശിക്കപ്പെടുന്നത്.എയർപോർട്ടിൽ സുരക്ഷാപരിശോധനയുടെ പേരിൽ ചോദ്യം ചെയ്യലുകൾക്ക് വിധേയനാകുന്ന ഒരു ചെറുപ്പക്കാരൻ. താൻ പാരീസിലേക്ക് പോവുകയാണെന്നും അവിടെ ലൂവ്ര് മ്യൂസിയത്തിലെ പെയിന്റിംഗ്സ് കാണാനും ഫീച്ചർ തയ്യാറാക്കാനുമാണു പോകുന്നതെന്ന ഉത്തരത്തിൽ സുരക്ഷാ പരിശോധകർ  അവിശ്വസിക്കുന്നു. ഇതിനുള്ള ഫണ്ടിംഗ് എവിടെ നിന്നാണെന്ന് പരിശോധകർക്ക് അറിയണം. മറുപടികളൊക്കെ പ്രകോപനപരമാകുന്നു. പേരുകളും പലവിധത്തിൽ കാണുന്നു. പല ഭാവങ്ങളേയും രൂപങ്ങളെയും ആയുധമാക്കി ലോകത്തെ നശിപ്പിക്കുന്ന തീവ്രവാദസംഘടനയിലെ ആളെന്നപോലെ കടുത്ത ചോദ്യംചെയ്യലിനു വിധേയമാകുന്ന കഥാപാത്രം പരോക്ഷമായി നൈതികതക്കു വേണ്ടി കേഴുന്നു. ജീവിതയരങ്ങിൽ  അതിജീവനത്തിനു വേണ്ടി  പല വേഷങ്ങൾ ആടുമ്പോൾ നിസ്സഹായരായ പലരും ബലിയാടാകുന്നതിന്റെ പ്രത്യക്ഷ  ചിത്രം ഈ കഥയിൽ തെളിയുന്നു. തൊപ്പിയിട്ടവൻ എന്നതിൽ പല അർത്ഥങ്ങളും നിഗൂഹനം ചെയ്യപ്പെടുന്നു. ഇതൊരു നിലനിൽപ്പിന്റെ  പ്രശ്നമാണ്. നിലനിൽപ്പിനു  വേണ്ടി പിതാവിന്റെ പേരില്ലാതെ വന്നപ്പോൾ അമ്മയോട് ചോദിച്ചു അച്ഛനാരെന്ന്. ”ഒരു മനുഷ്യനുണ്ടായതാണു നീ .മനുഷ്യനായി ജീവിക്കുക. അന്ധനും ബധിരനും മൂകനുമായി എന്നു കഥാകൃത്ത് അടിവരയിട്ടു പറയുമ്പോൾ തന്നെ അസഹിഷ്ണുത നിറഞ്ഞ ഒരു ഇന്നിന്റെ വാങ്മയചിത്രം പ്രസക്തമാകുന്നു. "തൊപ്പി "പ്രണയത്തിന്റെ സ്മാരകമായും പരിശോധനാവേളയിൽ ഭീകരതയുടെ അടയാളവുമായി  വിരുദ്ധധ്രുവങ്ങളിൽ നില്ക്കുന്നു . . സമർത്ഥനായ ഒരഭിനേതാവിന്റെ മുഖത്ത് നിമിഷങ്ങൾക്കകം നിഴലിക്കുന്ന ഭാവവൈചിത്ര്യത്തിന്റെ വൈഭവം പോലെ വളരെ കരവിരുതോടെയാണു ഈ എഴുത്തുകാരിയുടെ തൂലിക വാക്കുകൾ കോറിയിടുന്നത് .
സുന്ദരമായ ഭൂതകാലജീവിതം അടി പിഴുതെടുത്തപ്പോൾ  സംഘർഷഭരിതമായി എപ്പോഴും അപകടമരണങ്ങളെ കുറിച്ച് കഥ മെനയുന്ന കഥാപാത്രമാണു പാനിവാലയുടെ ചിന്തകളിലെ “ പാനിവാല ” എന്ന കഥാപാത്രം.സ്നേഹത്തിന്റെയും ഒരുമയുടെയും ഇമ്പമാർന്ന ജീവിതത്തിൽ എപ്പോഴും ഒപ്പം നിന്നിരുന്ന ഭാര്യക്കുപ്പോലും പാനിവാലയുടെ ബീഭൽസത സൃഷ്ടിക്കുന്ന നുണക്കഥകൾ വിരസതയും മടുപ്പും അസഹിഷ്ണുതയും ഉളവാക്കുന്നു.എപ്പോഴും അപകടങ്ങളെക്കുറിച്ച് കഥകൾ നെയ്യുന്ന പാനിവാലക്കു നേരെ തന്നെ അവസാനം അപകടം കുതിച്ചെത്തുന്നു. ഭാര്യയുടെ സ്നേഹം  നഷ്ടപ്പെട്ടിരുന്നു എന്ന് കരുതിയിരുന്ന  പാനിവാല ആ അവസരത്തിലാണു ഭാര്യ ഇപ്പോഴും ഉള്ളിൽ പഴയ സ്നേഹം കാത്തുസൂക്ഷിക്കുന്നു എന്ന് മനസ്സിലാക്കുന്നത്.  ജീവിതവിപര്യയങ്ങളിൽ സ്നേഹവും സമാധാനവും നഷ്ടപ്പെടുമ്പോൾ ചിലപ്പോൾ സമനില തെറ്റി മാനസിക അകൽച്ചകൾക്ക്  കാരണമാകാം.  വീണ്ടും സംഘർഷഭരിതമായ ഒരവസ്ഥയിലോ, അഥവാ ജീവിതം കൈവിട്ടുപോകുന്ന നിമിഷത്തിലോ ആയിരിക്കാം ഒരു പക്ഷെ ഭാര്യാഭർത്തൃ ബന്ധത്തിന്റെ വിലയറിയുക എന്നൊരു സന്ദേശം ഈ കഥയിൽ ദൃശ്യമാകുന്നു. മഴക്കാലത്തു പാടവരമ്പത്തും തൊടിയിലും മുതുകിൽ ഭാരവും വലിച്ചു നീങ്ങുന്ന കോസ്മിക് ഒച്ച് എന്ന കഥയിലൂടെ വിസ്തൃതമാകുന്നത് നാമാവശേഷമാകുന്ന നാട്ടറിവുകളുടേയും നാട്ടുവൈദ്യങ്ങളുടെയും കലവറയാണ്. കൃത്രിമത്വമൊട്ടുമേശാത്ത കാട്ടുമൂപ്പത്തിയുടെ പരിവേഷമണിയുന്ന കാളായി എന്ന കഥാപാത്രം വായനക്കാരുടെ മനസ്സിൽ  ഇടം പിടിക്കും .മനുഷ്യജീവിതത്തിലെ ആദിമഗോത്രസങ്കല്പങ്ങളും വിശ്വാസങ്ങളുമെല്ലാം ഒരു ഒച്ചിലൂടെ മിഴി തുറക്കുന്നു. കാളായിക്കറിയാത്ത മരുന്നുകളില്ല. കാളായി കാടു കയറിയാൽ കിട്ടാത്ത മരുന്നുകളില്ല.അതായിരുന്നു  ഒരു കാലത്തെ വിശ്വാസം . ഇന്ന് എല്ലാം ശാസ്ത്രത്തിനു വിധേയമായി. പ്രകൃതിയുമായി മനുഷ്യനകന്നു. സ്ത്രീകൾ മാറുമറയ്ക്കാത്ത കാലത്തിന്റെ പ്രതീകമാണു കാളായി. ഉടുമുണ്ടിന്റെ കോന്തല വലിച്ചു കുത്തിയതിനകത്തു ഒതുങ്ങാത്ത മുഴുപ്പ് കണ്ട് മൂത്താരുടെ വെറളി പിടിച്ച കണ്ണുകൾ കണ്ടപ്പോഴാണു ഭർത്താവായ മല്ലൻ കാളായിക്ക് ഒരു ജോഡി റൌക്ക തയ്പ്പിച്ചുകൊണ്ടു വന്ന് കൊടുത്തത്. മല്ലന്റെ കൈപിടിച്ച് മലമ്പുഴക്കാടുകളിറങ്ങി മാറു മറയ്ക്കാതെ വന്ന കാളായിയെ അന്നെല്ലാവരും അല്ഭുതത്തോടെ നോക്കി അടക്കം പറഞ്ഞു. പക്ഷെ ചട്ടയിട്ടതുകൊണ്ടൊന്നും കാമവെറളി പിടിച്ച ഒരു സമൂഹത്തിന്റെ കണ്ണിൽ നിന്നും പെണ്ണിനു രക്ഷയാവില്ലെന്ന് പരോക്ഷമായി മല്ലന്റെ വാക്കുകളിലൂടെ കഥാകൃത്ത് സൂചിപ്പിക്കുന്നു.എല്ലാവരും പോയപ്പോൾ 
പഴയൊരു ചരിത്രാവിശിഷ്ടം പോലെ കാളായി മാത്രം ശേഷിച്ചു.അപ്പോഴും കാളായിയുടെ തൊടിയിലെ ഒച്ചുകളെ കുറിച്ചുള്ള ഗവേഷണത്തിനായി ഒരു പറ്റം ആൾക്കാർ.ഒച്ച് പാമ്പിനേക്കാൾ വിഷമുള്ളവയെന്ന പ്രസ്താവനകൾ ജനങ്ങളിൽ ഭീതിയുളവാക്കുന്നു. ആയിടെ ചിലകുട്ടികൾ ഒച്ച് കടിച്ചു മരിച്ചെന്ന സ്ഥിരീകരണങ്ങൾ. ! പക്ഷെ ആധുനികവൈദ്യശാസ്ത്രത്തിന്  ഒച്ചിനെ നശിപ്പിക്കാനായില്ല. ചില പൈതൃകങ്ങൾ കാത്തു​സൂക്ഷിക്കപ്പെടേണ്ടതാണെന്നിവിടെ വ്യംഗ്യമായി ധ്വനിക്കുന്നു.അവസാനം കാളായി വന്നു ഒച്ചിനു മേൽ കല്ലുപ്പു വിതറുന്നതോടെ ഒച്ചുകളെല്ലാം നശിക്കുന്നു. അതു കണ്ട് ആദ്യം പുച്ഛിക്കാൻ നോക്കിയ ഗവേഷകർ തോൽവി സമ്മതിക്കാതെ പിന്നീട് ഉപ്പിലുള്ള രാസവസ്തുക്കൾ ഒച്ചിന്റെ ശരീരഘടനയെ എങ്ങിനെ ബാധിക്കുമെന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നു  . പഴമയിൽ ചിലതെല്ലാം ശരിയെന്ന് പറയുവാനും സമ്മതിക്കാനും വിസമ്മതിക്കുന്ന ഒരാധുനികമനസ്സിന്റെ ചിത്രം കയ്യടക്കത്തോടെ എഴുത്തുകാരി നിർവഹിക്കുന്നു.പഴമയും പുതുമയും തമ്മിലുള്ള ഏറ്റുമുട്ടലിൽ പഴമ തന്നെ ഇവിടെ ജയിക്കുന്നു. ശാസ്ത്രത്തേയും തോൽപ്പിക്കുന്ന  പ്രകൃതിയും മനുഷ്യനും  തമ്മിലുള്ള അഭേദ്യബന്ധം കൂടി ഈ കഥയിൽ പീലി വിടർത്തുന്നു. ഇങ്ങിനെ ഓരോ കഥയും ഇഴവിടർത്തിയാൽ   സമൂഹത്തിന്റെ വിവിധ   തുറകളിലെ സംഭവങ്ങൾ  കാണാനാകും. സമാധാനപാലകരുടെ വേഷം കെട്ടി ഏതു പന്തിയിലും കയറിയിരുന്ന് അസമാധാനത്തിന്റെ  വിത്തുകൾ വിതയ്ക്കുകയും  അവസാനം അവനവൻ തന്നെ ചതിക്കുഴികളിലെത്തിപ്പെടുന്ന സർവ്വകക്ഷിഗുണശേഖരന്മാർ നർമ്മത്തിന്റെ മേമ്പൊടി വിതറി സമൂഹത്തിനെ കടുത്ത വിമർശനവിധേയമാക്കുന്ന കഥയാണ്.  വയസ്സാവുമ്പോൾ മക്കൾക്ക് ഭാരമായി മക്കളിറക്കിവിടുന്ന മാതാപിതാക്കൾ, വിവരസാങ്കേതികവിദ്യയുടെ വികാസത്തിൽ പുതിയ കണ്ടുപിടുത്തങ്ങൾക്കും പരീക്ഷണങ്ങൾക്കുമായി ഭൂമിയും കൃഷിയും വിയർപ്പും കമ്പോളവല്ക്കൃതങ്ങൾക്ക് വിട്ടുകൊടുക്കാനാകാതെ കാടുകളിലേക്ക് പലായനം ചെയ്യുന്ന  മനുഷ്യരും ,കുടിയിറക്കങ്ങളും, പ്രലോഭനങ്ങളിൽ വഴുതിവീണ്  ഉള്ള സമാധാനവും  നഷ്ടപ്പെട്ട് അരക്ഷിതാവസ്ഥയിലെത്തിപ്പെടുന്നവർ, കഷ്ടപ്പെട്ട് നേടിയ ജീവിതം മുഴുവൻ നഗരവല്ക്കരണത്തിൽ പുതിയ മെട്രൊ പദ്ധതികളുടെ തൂണിന്നടിയിൽ പെട്ട് ചതഞ്ഞരഞ്ഞുപോകുന്ന സ്വപ്നങ്ങൾ, ജീവിതം തന്നെ ഊർന്നിറങ്ങിപ്പോയി കമ്പോളസംസ്ക്കാരത്തിന്റെ 
വിപണിയിലെ ചതിക്കുഴികളിലേക്കെത്തുന്ന  പെൺ ജീവിതങ്ങളുടെ 
 കയ്പ്പേറിയ ദുരനുഭവങ്ങൾ ,മിശ്രവിവാഹജീവിതങ്ങളിൽ 
സംഭവിക്കുന്ന കുടിപ്പകകൾ,ജീവിക്കാനായി  സ്വത്വം വിൽക്കുമ്പോൾ  അവൾ വേശ്യ എന്ന അവഹേളനത്തിനും ശകുനം നന്നാവാൻ മറ്റുള്ളവരുടെ പടിപ്പുരയിലെത്തുന്നത് ഐശ്വര്യവും ആയി കാണുന്ന പുഴുക്കുത്തേറ്റ സമൂഹചിത്രങ്ങൾ എന്നു വേണ്ട മനുഷ്യജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രശ്നങ്ങളും ഒരു നാടകീയ ചാരുതയോടെ ഈ കഥാകാരി ഒരു ചരടിൽ കോർത്തെടുത്തിരിക്കുന്നു. ആമുഖത്തിൽ പ്രശസ്ത എഴുത്തുകാരൻ ഓണക്കൂർ സാർ വിശേഷിപ്പിച്ചിരിക്കുന്നത് "അപൂർവ്വസുന്ദരമായ കഥാവഴി "എന്നാണു. തികച്ചും അന്വർത്ഥമായ പദം. ഓരോ കഥയും സൂക്ഷ്മമായ വായനയും പഠനവും അർഹിക്കുന്നതാണ്. മൌലികതയും ,ശിൽപ്പ ഗുണവും, ആഖ്യാനപരതയും,ആർജ്ജവവും സ്വായത്തമാക്കിയ ഈ കഥകാരിയുടെ കഥകൾ എന്തുകൊണ്ടും മലയാള സാഹിത്യത്തിൽ ഗണ്യമായ പങ്കു വഹിക്കാൻ പ്രാപ്തമാണെന്ന് ചുവന്ന ലിപികളാൽ  കുറിക്കുന്നു! 

No comments: