Friday, June 4, 2021

 2020 നമുക്കെല്ലാം സന്തോഷത്തേക്കാൾ വേദന നൽകിയവർഷമാണ്.ഇതിൽ നിന്നും ഉണർന്നെഴുന്നേൽക്കണ്ടത് നമ്മുടെയെല്ലാവരുടേയും ആവശ്യമാണ്. കഴിഞ്ഞ ഒരു വർഷം എൻ്റെ എഴുത്തിനോടൊപ്പം നിന്ന് പ്രോൽസാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ഒപ്പം എൻ്റെ വേദനകളിലും സന്തോഷങ്ങളിലും പങ്കു ചേരുകയും ചെയ്ത എൻ്റെ എഫ്.ബി' കൂട്ടുകാർക്ക് സ്നേഹം നിറഞ്ഞ പുതു വർഷാശംസകൾ ....

ഉണർത്തുപാട്ട് ...ഇന്ദിരാ ബാലൻ
ശാന്തമാം സാഗരമേ
സത്യസൗന്ദര്യമേ
ഉണർന്നൊരു ചാരു-
ചന്ദനരാഗത്തിന്നാ-
രോഹണമാലപിച്ചാലും
ഋതുഭാവതരംഗങ്ങൾ
വിരചിച്ചിടും കടലിൻ
ഗർഭഗൃഹത്തിൽ മയങ്ങും
വെൺ മുത്തുപവിഴങ്ങളെ
തപ:ധ്യാനത്തിന്നന്ത്യം
കുറിച്ചു വെളിച്ചത്തിൻ
വീചികൾ പരത്തി കുറിക്ക
നവമൊരറിവിൻ ഭാഷ്യങ്ങൾ
പവിഴപ്പുറ്റുകളിലൊളിച്ച
മത്സ്യകന്യകമാരെ നേരിൻ
പൂക്കൾ ചൂടിയൂർജ്ജ്വ-
സ്വലരായ് പുതുവർഷത്തിൻ
കയ്യൊപ്പ് ചാർത്തിയാലും
ദ്രുതതാളത്തിൽ തീരത്തിലണയും
തിരകൾ പാടുവതെന്തേ
മാനവചരിതത്തിൻ മുറിവുകൾ
തീർത്ത വിള്ളലിൻ വിതുമ്പലൊ
പൊടിമൂടിയിരുളിൽ മറഞ്ഞ
സത്യത്തിൻ കദനങ്ങളോ
വിയർപ്പിറ്റു വീഴും നനുത്ത
ജീവൻ്റെ കരൾക്കുടത്തിലെ
പ്രാണൻ്റെ സംഗീതമോ
ഇരുളിനെയകറ്റി ഒളിവീശും
പകലിനെ സ്വന്തമാക്കാനുണരാ -
മിനിയീ ചാഞ്ഞ സന്ധ്യയിൽ
നിലാക്കീറിൻ്റെ വെട്ടത്തിലുണർ
ന്നു വരുന്നുണ്ട് പുതുവർഷവും
മഞ്ഞിൻ കണമിറ്റു വീഴുന്ന
കാററിൻ്റെ കൈകളിൽ
ചാഞ്ചാടും കിളികളും മൊഴിയുന്നു
ഉണരുക സാഗരമേ കേൾക്കുക
പുതുവർഷത്തിന്നുണർത്തുപാട്ടും ...!

No comments: