എന്നിനി ?- ഇന്ദിരാ ബാലൻ
അമ്ള ശിലകളിൽ നിന്നുണർന്ന്
ചലിക്കണമിനി കനിവിന്നുയിരായി
എന്ന നിനവിലുണരവെ കേൾക്കുന്നു
ഭയചകിതമാം മരണ കാലത്തെ വീണ്ടും
എത്ര പേരിങ്ങനെ പറയാതെ പാടാതെ
യാത്ര ചൊല്ലുന്നു കണ്ണീരിലാഴ്ത്തി
ഉത്തരമില്ലാതെ കെട്ടുപിണയുന്നിതാ
ജീവിതേതിഹാസത്തിൻ സമസ്യകളും
മഹാമാരി തൻ താണ്ഡവത്തിലമർന്നു
പോകുന്നു വലയിലകപ്പെട്ട കിളികളെപ്പോൽ
ജീവിതമാം തീർത്ഥയാത്ര തന്നർത്ഥം
ചികഞ്ഞെടുക്കാനാവാതെ തരിപ്പൂ മനവും
മഞ്ഞിലുറഞ്ഞു പോയ മനതാരിനെ
തൊട്ടു വിളിക്കാനാകാതെയിങ്ങനെ
അടുത്തു വരാനാശിച്ച വെയിലു പോലും
പേമഴകൾക്കുള്ളിലൊലിച്ചു പോകുന്നിതാ
ചോരുന്നു ചേർന്നു നിൽക്കാനുള്ള വാഞ്ചയും
കൂട്ടുകൂടാനുള്ള തണൽമരങ്ങളും
എന്നു പൂക്കുമിനിയൊരു വസന്തകാലം
എന്നുദിക്കുമിനിയൊരു പൂർണ്ണച്ചന്ദ്രൻ?
No comments:
Post a Comment