സ്മിതം - ഇന്ദിരാ ബാലൻ
ഓർമ്മ തൻ
സമയ സൂചി
തിരിയുമ്പോളിടക്കിടെ
പിന്നിൽ
വന്നുനിൽപ്പൂ
മിഴിവേറും
മാഞ്ഞുപോയൊരാ
സ്മിതം....
ചെറുതെന്നലിൻ
തലോടലിൽ
ചിത്രശലഭമായ്
ചിറകടിച്ചവൾ
ശ്യാമരാഗത്തിൻ
നീലവേണിയഴിച്ച്
പറന്നതെത്ര വേഗം
വിണ്ണിലേക്ക്
സൂര്യതാപത്തിലെരിഞ്ഞ
പകലുകൾ
ഇരുട്ടു പിഴിഞ്ഞ
സാന്ധ്യവേളകൾ
പെരുമഴയിലാർത്തലച്ച
രാവുകൾ
ജീവിതദുർഗ്ഗമ
സന്ധിതൻ വീഥി
യിലെത്ര തപിച്ചുരുകിയ
യാമങ്ങൾ
പട്ടുനൂലാൽ
വാർത്തുവെച്ചോരു
സ്വപ്നത്തെ
പാടിയുറക്കിയ
രാവുകൾ മാഞ്ഞതും
പകലറുതിയിൽ
മനമാം ചില്ലയിൽ
പേക്കിനാപ്പക്ഷികൾ
കൂടുകെട്ടി
ബോധ ഞരമ്പു -
കളറുത്തതും
ഊറിത്തെളിയുന്നു
ഘനനീലിമ തൻ
വിഷാദസ്മൃതികളായിന്നും
വസന്തങ്ങൾ
ശിശിരങ്ങൾ
ഗ്രീഷ്മങ്ങൾ
ഉറഞ്ഞുതുള്ളിയാടി
ഋതു രാവുകളിൽ
നീലോല്പലങ്ങളെ
തിരഞ്ഞുഴറി
നീയുമിറങ്ങിയാ
നീലക്കയത്തിലേക്ക്....!
No comments:
Post a Comment