Friday, June 4, 2021

 ഇനിയെത്ര കാതം??? ഇന്ദിരാ ബാലൻ

ബാംഗ്ലൂരിലെ എട്ടുകെട്ട് പോലുള്ള ഒരു കെട്ടിട സമുച്ചയത്തിന്നുള്ളിലെ ഒരു വീട്ടിലാണ് ഞങ്ങളുടെ താമസം. അഭിമുഖമായി താമസിക്കുന്നവർ , അന്യ ഭാഷയോ മലയാളിയോ ആണെങ്കിൽ പോലും മുഖത്ത് നോക്കി ഒന്നു പുഞ്ചിരിക്കാനെങ്കിലും വിമുഖതയുള്ളവർ. അറിയുന്ന ഒന്നോ രണ്ടോ കുടുംബങ്ങൾ. അടുത്തെങ്കിലും അവരേയും കണ്ടിട്ടിപ്പൊയെത്രയോ നാളുകളായി. മനുഷ്യൻ ചിരിക്കാൻ പോലും മറന്നു പോയ കാലം. കൊറോണാ പ്രതിസന്ധിയിൽ ഏതൊക്കെ തരം മനസികാവസ്ഥകളിലൂടെയാണ് പലരുടേയും ജീവിതം നീങ്ങുന്നത്. മാനസികമായുള്ള ഒളിച്ചോട്ടങ്ങൾ , പലായനങ്ങൾ, ഇടക്ക് ചിലർ ഒറ്റമരക്കാടുകളായും. എവിടേയും ഇരിപ്പുറക്കാത്ത മാനസികാവസ്ഥകൾ . ചുറ്റും ഭീകരമൗനത്തിൻ്റെ തുടലുകൾ മാത്രം. കുറേ ദിവസമായി പുറത്തിറങ്ങാതെ വെയിൽ പോലും കാണാതെ അകത്തിരിക്കയായിരുന്നു. അകമുറികളിലെ ബാൽക്കണികളിൽ വന്ന് നിന്നാലും ഫ്ളാറ്റുകളുടെ ചുവരുകളേ കാണുകയുള്ളു. ജനങ്ങളെല്ലാം നിശ്ശബ്ദം .താഴെ സ്വിമ്മിംഗ് പൂളിന്നടുത്തുള്ള കുഞ്ഞിച്ചെടികളിൽ വാസമുറപ്പിച്ചിരിക്കുന്ന കുഞ്ഞിക്കിളികളുടെ ചിലക്കലുകൾ ആ നിശ്ശബ്ദതയെ മുറിയ്ക്കുന്നുണ്ട്. 200ലധികം വീടുകളുളള ഫ്ളാറ്റിൻ്റെ വാതിലിന് പുറത്തേക്ക് ഒന്ന് പോയി നോക്കി. എല്ലാ വാതിലുകളും അടഞ്ഞുതന്നെ കിടക്കുന്നു. എത്ര വിഹ്വലമാണീയവസ്ഥയെന്ന് തോന്നി. പരസ്പരം കാണുമ്പോൾ കണ്ണുകളിൽ തെളിയുന്ന സംശയത്തിൻ്റെ നിഴലുകൾ. ഓരോരുത്തരും അവനവൻ്റെ ജീവിതത്തിനെത്ര വില കൽപ്പിക്കുന്നുവല്ലേ? ഈ നിരാശാഭരിതമായ അവസ്ഥയെ മറികടക്കണമെന്ന് നിശ്ചയിച്ച് പുറത്തിറങ്ങിയ ( വീടിൻ്റെ ) ഞാൻ അകത്തേക്ക് തന്നെ പോന്നു. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഉള്ള കാര്യങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കയാണെല്ലാവരും. വൈകുന്നേരങ്ങളിൽ പുറത്തിറങ്ങിയിരുന്ന വയസ്സായവരെയൊന്നും ഇപ്പോൾ കാണുന്നില്ല . താഴത്തെ ഒഴിഞ്ഞയിടങ്ങളും പുല്ലു വിരിച്ച ഇരിപ്പിടങ്ങളും ശൂന്യം. കുഞ്ഞുങ്ങളുടെ കളികളോ ചിരികളോയില്ല. എല്ലാവരും സാക്ഷയിട്ട് അകത്തിരിക്കുന്നു. ഇടയിൽ നിശ്ചയിച്ച ചില മംഗള മുഹൂർത്തങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജീവിതം കൂടുതൽ കൂടുതൽ അർത്ഥഭേദങ്ങൾ തന്നുകൊണ്ടിരിക്കുന്നു. മനുഷ്യൻ്റെ നിസ്സാരതയെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നു " ഒരു നിശ്ചയവുമില്ലയൊന്നിനും ".അതങ്ങിനെയാണ് കലഹിച്ചും സമരസപ്പെട്ടും സ്നേഹിച്ചും അനിവാര്യമായ വിധിക്ക് വിധേയപ്പെട്ടും ചിലപ്പോൾ സൗന്ദര്യമില്ലാതെ കടന്നു പോകേണ്ടി വരാം.
ജോലികൾ കഴിഞ്ഞ് വായിക്കാനായി പുസ്തകങ്ങൾ തിരയുമ്പോൾ വായിക്കാനുള്ള മന:സാന്നിധ്യവും നഷ്ടപ്പെടുന്നതായി തോന്നി. കാരണം ഈ നിശ്ചലാവസ്ഥക്ക് എന്നാണവസാനം എന്ന ചോദ്യം തിരയടിച്ചു കൊണ്ടിരിക്കുന്നു. ഇടക്ക് മോളേയും കുഞ്ഞിനേയും കാണാൻ പോയിരുന്ന വഴികളും അടച്ചു. ഇടവും വലവും നിർഭയമായി ഇറങ്ങി നടന്നിരുന്ന വഴികളടയുമ്പോൾ വീണ്ടും മൗനത്തിന് കനമേറുന്നു .
എല്ലാ നിശ്ചലതകൾക്കുമൊടുവിൽ വെളിച്ചവും ശബ്ദചലനങ്ങളും വരാതിരിക്കില്ലെന്ന് സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ് മുമ്പ് വായിച്ച് വെച്ച ആൻഫ്രാങ്കിൻ്റെ ഡയറിക്കുറിപ്പുകൾ വീണ്ടും കൈയ്യിൽ തടഞ്ഞത്. ചരിത്രത്തിൻ്റെ മുൻ താളുകളിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചു പോയ പെൺകുട്ടി. ആത്മാവിഷ്ക്കാരത്തിന്നായി ഇന്നത്തെ സാഹചര്യങ്ങളൊന്നുമില്ലാത്ത ഒരു കാലത്തിൽ നിന്നും ഇന്നും ആൻഫ്രാങ്കിൻ്റെ പേര് പച്ചകുത്തിയിട്ടത് പോലെ മനസ്സിലുണ്ട്. ഹിറ്റ്ലർ ഭരണ കാലത്തെ അപലപനീയമായ ദുർഭരണത്തെ പകർത്തിവെച്ചത് ഡയറിത്താളുകളിലായിരുന്നല്ലൊ . മനുഷ്യരേക്കാൾ സഹിഷ്ണുതയുള്ളവയാണ് കടലാസു താളുകൾ എന്ന് ആൻ ഫ്രാങ്ക് പറയുന്നു.വിപ്ളവകരമായ ഏറ്റവും പുതിയ മാധ്യമയിടങ്ങളാണ് നമുക്ക് മുന്നിലുള്ളത്.
മനസ്സിൻ്റെ വിചാരങ്ങളെ വിഹ്വലതകളെ സംഭവങ്ങളെ അടയാളപ്പെടുത്താൻ മാധ്യമങ്ങളില്ലാതെ പോയാലത്തെ അവസ്ഥ എത്ര ഭീകരം. കൊറോണ എന്ന യുദ്ധമുഖത്താണിപ്പോൾ ലോകം. അനശ്ചിതത്വത്തിൻ്റെ താഴ് വരകളിൽ തളച്ചിടപ്പെടുമ്പോൾ ഫോണിലെ സ്ക്രീനിൽ തെളിയുന്ന അക്ഷരങ്ങൾക്ക് പോലും അവ്യക്തത . ഏകാന്തതയോ സമയമോ ഉണ്ടായാലും ചിലപ്പോൾ നിസ്സംഗതയിലാഴ്ന്നു പോകുന്ന സന്ദർഭങ്ങൾ .മുന്നിലെ ദിവസങ്ങൾ കൂടുതൽ കൂടുതൽ ഇരുണ്ടതായിരിക്കുമെന്ന മുന്നറിയിപ്പുകളാണിപ്പോൾ ഓരോ പ്രഭാതത്തേയും വിളിച്ചുണർത്തുന്നത്. പരുക്കൻ യഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കരുതെന്ന് മനസ്സ് അനുശാസിക്കുമ്പോഴും ലോകത്തിലെ കാഴ്ചകളുടെ നോവുകൾ കടച്ചിലുകളായി അകം കീറിപ്പൊളിക്കുന്നു. അവനവനിലേക്ക് പോലും എത്താനാകാതെ .ഇനിയെത്ര കാതം ഈ കാത്തിരിപ്പിന്???



No comments: